ഓസ്ലോ: രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കില്ലെന്ന് നോർവേ ക്ലൈമറ്റ് മിനിസ്റ്റർ. 2025-ഓടെ രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് മുമ്പ് പ്രചരിച്ചിരുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും നോർവീജിയൻ നേതാക്കൾ വ്യക്തമാക്കി.

2025-ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിപണനം നിരോധിക്കാനുള്ള നടപടിക്ക് കൂട്ടുകക്ഷി മന്ത്രിസഭയും ഇതിനെ പിന്താങ്ങുന്ന പാർട്ടികളും തമ്മിൽ ധാരണയായെന്നുമെന്നാണ് പുറത്തായ വാർത്ത. ഇതിനെ തുടർന്ന് ഈ തീരുമാനത്തിനെതിരേ വൻ പ്രതിഷേധമാണ് ഉടലെടുത്തിരുന്നത്. എന്നാൽ മന്ത്രിസഭയുടെ തീരുമാനം തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിപണനം നിരോധിക്കില്ലെന്നും മന്ത്രി തന്നെ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ വാഹനങ്ങളെല്ലാം തന്നെ ലോ എമിഷൻ (low emission) രീതിയിലേക്ക് ആക്കുന്നതിനുളഅള പ്രാരംഭപ്രവർത്തനങ്ങൾ നടത്തിവരികയാണെന്നുള്ള പ്രസ്താവനയാണ് വളച്ചൊടിക്കപ്പെട്ടതെന്നും അല്ലാതെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുകയല്ലെന്നും മന്ത്രി പ്രസ്താവനയിൽ വെളിപ്പെടുത്തി. നോർവേ പ്രകൃതി സൗഹൃദപരമാക്കുന്നതിനുള്ള നടപടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.