ഓസ്ലോ: യൂറോപ്യൻ യൂണിയനിൽ നിന്ന് ഇനിയും കൂടുതൽ അഭയാർഥികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നോർവേ രംഗത്തെത്തി. ടർക്കിയുമായി ഉണ്ടായിരിക്കുള്ള പുതിയ കരാർ അനുസരിച്ചാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് കൂടുതൽ അഭയാർഥികളെ ഇനി സ്വീകരിക്കേണ്ടതില്ലെന്ന് നോർവേ അറിയിച്ചത്.

യൂറോപ്യൻ യൂണിയൻ അഭയാർഥി നയത്തിന്റെ ഭാഗമായി രണ്ടു വർഷം കൊണ്ട് 1500 അഭയാർഥികളെ സ്വീകരിക്കാമെന്നായിരുന്നു നോർവേ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ ആദ്യ സംഘം ഒരു മാസത്തിനുള്ളിൽ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യം സ്വീകരിക്കുന്ന അഭയാർഥികളുടെ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാവില്ലെന്നാണ് നോർവേ ഇന്റീരിയർ മിനിസ്റ്റർ സിൽവി ലിസ്‌തോംഗ് പറയുന്നത്. ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയൻ അഭയാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ നേരത്തെ തന്നെ ധാരണ ആയിട്ടുണ്ടെന്നും കൂടുതൽ പേരെ സ്വീകരിക്കുന്നത് നിലവിലുള്ള സാഹചര്യം അനുവദിക്കുന്നതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അഭയാർഥികളെ സ്വീകരിക്കുന്നതിൽ യൂറോപ്യൻ യൂണിയനുമായി നോർവേ ഏറെ സഹകരണ മനോഭാവമാണ് കാട്ടിയിട്ടുള്ളതെന്നും ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കിൽ രാജ്യം ഇക്കാര്യത്തിൽ വിശാല മാനോഭാവമാണ് സ്വീകരിച്ചിട്ടുള്ളതെന്നും സിൽവി ലിസ്‌തോംഗ് പറഞ്ഞു.