ഒസ്ലോ: അഭയാർഥി പ്രവാഹം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നോർവേ പുതുതായി പ്രഖ്യാപിച്ച കുടിയേറ്റ നയം യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയതെന്ന് ആക്ഷേപം. അടുത്ത കാലത്തായി നോർവേയിലേക്കുള്ള അഭയാർഥി പ്രവാഹം സർവകാല റെക്കോർഡ് ഭേദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് പോംവഴിയെന്നാണ് നോർവീജിയൻ സർക്കാർ പ്രഖ്യാപിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ ഇനിയും കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ രാജ്യത്തിന് കെൽപ്പില്ലെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് കുടിയേറ്റ നയം പരിഷ്‌ക്കരിക്കുകയായിരുന്നു.

അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കടുപ്പമേറിയ  കുടിയേറ്റ നയം പിന്തുടരുന്നത് നോർവേയാണെന്നും ഇത്തരത്തിലൊരു നിയന്ത്രണം അനാവശ്യമാണെന്നുമാണ് റെഫ്യൂജി ചാരിറ്റി സംഘടന ആക്ഷേപിക്കുന്നത്. കുടിയേറ്റ നയങ്ങൾ പരിഷ്‌ക്കരിച്ചുവെന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രോഗ്രസ് പാർട്ടി ഡെപ്യൂട്ടി ലീഡർ പെർ സാൻഡ്‌ബെർഗിന്റെ ട്വിറ്ററിനോട് പ്രതികരിച്ച് നോർവീജിയൻ റെഫ്യൂജി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ ഈഗ്ലാൻഡ് ആണ് ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. അഭയാർഥികളെ നിയന്ത്രിക്കാൻ ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ല പ്രവണതയല്ലെന്നും ഈഗ്ലാൻഡ് ചൂണ്ടിക്കാട്ടി.

ഈ വർഷം ഇതുവരെ 29,000 വിദേശികൾ നോർവേയിൽ അഭയം തേടിക്കഴിഞ്ഞു. ഇതിൽ 2500 പേരും വന്നത് കഴിഞ്ഞയാഴ്ചയാണ്. 5.2 മില്യൻ മാത്രം ജനസംഖ്യയുള്ള രാജ്യത്തിന് ഈ തോതിലുള്ള അഭയാർഥിപ്രവാഹം താങ്ങാനാകില്ലെന്നാണു സർക്കാർ പറയുന്നത്.