- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോക മഹായുദ്ധം തൊട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചു; നെപ്പോളിയന്റെയും ഹിറ്റ് ലറിന്റെയും ഒബാമയുടെയും മോദിയുടെയും വരവ് എഴുതിവെച്ചു; മുല്ലപ്പെരിയാർ പൊട്ടുമെന്നും പ്രവചിച്ചുവെന്ന് ആരാധകർ; നോസ്ട്രാഡാമസിന്റെ പ്രവചനങ്ങളുടെ യാഥാർഥ്യം!
'ലോകമഹായുദ്ധങ്ങൾ തൊട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണംവരെ പ്രവചിച്ച ആ മഹാപ്രതിഭ, നോസ്ട്രാഡാമസ് പറയുന്നത്, മുല്ലപ്പരിയാർ ഈ വർഷം പൊട്ടുമെന്നാണ്. സെഞ്ച്വറീസ് പുസ്തകത്തിൽ അക്കാര്യം കൃത്യമായി പറയുന്നുണ്ട്. അതിനാൽ ഏവരും സൂക്ഷിക്കുക'.... മഴക്കൊപ്പം ഭീതിയും നിറയുന്ന കേരളത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വാട്സാപ്പ് സന്ദേശമാണിത്. മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്നും, അത് നാലുജില്ലകളിലെ 20ലക്ഷം പേരെ കൊന്നൊടുക്കുമെന്നുള്ള ഭീതി കേരളത്തിൽ വീണ്ടും നിറയുന്ന സമയമാണിത്. പൃഥ്വീരാജിനെപ്പോലെയുള്ള സിനിമാ താരങ്ങൾ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ച് കഴിഞ്ഞു. ചാനലകളും സോഷ്യൽ മീഡിയയും മുല്ലപ്പെരിയാർ കത്തിക്കവേ, വാട്സാപ്പ് 'കേശവമാമന്മാർ' പതിവുപോലെ രംഗത്ത് എത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാർ തകരുമെന്ന് 'ലോകമഹായുദ്ധങ്ങൾ തൊട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണംവരെ പ്രവചിച്ച സാക്ഷാൽ നോസ്ട്രാഡാമസ് പ്രവചിച്ചു'വെന്നാണ് ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഒരു ബ്ലോഗർ ഇത് വാർത്തയാക്കുയും ചെയ്തു.
പക്ഷേ ഇതിന്റെ യാഥാർഥ്യം എന്താണെന്ന് അറിയണമെങ്കിൽ, ആരായിരുന്നു നോസ്ട്രാഡാമസ് എന്ന് അറിയണം. ആരാധകർ അവകാശപ്പെടുന്നതുപോലെ, എങ്ങനെയാണ് അദ്ദേഹത്തിന് ലോകത്തിലെ എല്ലാ പ്രധാന സംഭവങ്ങളും പ്രവചിക്കാൻ കഴിയുന്നത് എന്ന് മനസ്സിലാക്കണം. ഇന്നും ലോകത്തിലെ ജ്യോതിഷ പ്രവചനങ്ങളുടെ തലതൊട്ടപ്പനായി പതിനാറാം നൂറ്റാണ്ടിലെ ഈ ചെപ്പടിവിദ്യക്കാരനെ കണക്കാക്കുന്ന വലിയ ഒരു വിഭാഗമുണ്ട്. നോസ്ട്രാഡാമസ് എഴുതിയ എല്ലാ പ്രവചനങ്ങളുമുള്ള 'സെഞ്ച്വറീസ്' എന്ന പുസ്തകം ഇന്നും ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോകുന്നത്. പ്രതിവർഷം നൂറുകോടി രൂപയുടെ ബിസിനസാണ് ഇന്നും ആ പുസ്തകത്തെ കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് ഈയിടെ ബി.ബി.സിയിൽ വന്ന ഒരു ലേഖനം പറയുന്നു. ആയിരക്കണക്കിന് വെബ്സൈറ്റുകളും നൂറുകണക്കിന് പുസ്തകങ്ങളും നോസ്ട്രാഡാമസിനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ഈ കൊച്ചുകേരളത്തിൽ പോലും അദ്ദേഹത്തിന്റെ അപദാനപുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. നോസ്ട്രയുടെ ഭാന്ത്രമായ ആരാധർ ഇന്നും സജീമാണെന്ന് മുല്ലപ്പെരിയാർ പ്രവചനങ്ങളും അടിവരയിടുന്നു.
സ്വയം പ്രഖ്യാപിത വൈദ്യനിൽനിന്ന് 'പ്രവാചക'നിലേക്ക്
ഫ്രാൻസിൽ 1503ൽ ജനിച്ച് 1566ൽ മരിച്ച നോസ്ടോഡാമസിന് ജ്യോതിഷി, കപട ചികിത്സകൻ, കൊട്ടാരം വൈദ്യൻ, പാചകവിദഗ്ധൻ എന്ന വിവിധ പേരുകളിൽ ആവോളം പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ട്. നോസ്ട്രാഡാമസിന്റെ കുടുംബം യഹൂദ മതത്തിൽനിന്ന് ക്രിസ്റ്റിയാനിറ്റിയിലെക്ക് മാറിയതാണെന്ന് ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. ആറു മക്കൾ ഉള്ള നിത്യദാരിദ്രമുള്ള കുടുംബത്തിൽ അരഷ്ടിച്ചാണ് അവർ കഴഞ്ഞുകൂടിയിരുന്നത്. പ്ലേഗ് താണ്ഡവമാടിയ അക്കാലത്ത് അദ്ദേഹത്തിന്റെ കോളജ് വിദ്യാഭ്യാസം മുടങ്ങുകയായിരുന്നു. പക്ഷേ ബിരുദങ്ങൾ ഒന്നും ഇല്ലാതെ തന്നെ അപ്പോത്തിക്കിരിയെന്ന അക്കാലത്തെ ഡോക്ടർവേഷം അണിയാൻ അദ്ദേഹം സ്വയം തയ്യാറായി. പക്ഷേ വൈദ്യവൃത്തിയിൽ നോസ്ട്ര വലിയൊരു പരാജയം ആയിരുന്നു. അങ്ങനെയാണ് ജ്യോതിഷി, കൊട്ടാരം വൈദ്യൻ, പാചക വിദഗ്്ധൻ എന്ന നിലയിലൊക്കെ അരക്കൈ നോക്കുന്നത്. മരണശേഷം കീർത്തി കിട്ടിയെങ്കിലും പ്രവചന വീരൻ എന്ന നിലയിൽ നോസ്ട്രാഡാമസിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. മിക്ക പ്രവചനങ്ങളും അമ്പേ പാളി. എങ്കിലും അവസാനം ആകുമ്പോഴേക്കും ഒരു അരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നോസ്ട്രഡാമസിന്റെ രചനകളിൽ ഏതാനും ചില കത്തുകൾ, ജ്യോതിഷ വ്യാഖ്യാനങ്ങൾ, ജാം ഉണ്ടാക്കാനുള്ള പാചകക്കുറിപ്പുകൾ എന്നിവയുടെ കൈയെഴുത്തുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പിന്നെയുള്ളത് വൈദ്യശാസ്ത്ര സംബന്ധിയായ രണ്ട് പുസ്തകങ്ങളാണ്. അതിൽ ഒരെണ്ണം സമ്പൂർണ്ണ മോഷണവും രണ്ടാമത്തേത് പ്ളേഗിനുള്ള പ്രതിവിധികൾ വിശദീകരിക്കുന്ന സ്വന്തം കൃതിയുമാണ്. ഈ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന പ്രതിവിധികളൊക്കെ പ്രയോജനരഹിതമാണെന്നത് വേറെ കാര്യം!
ആയിടയ്ക്ക് 45 ദിവസത്തിന്റെ വ്യത്യാസത്തിൽ ഫ്രാൻസിൽ രണ്ടു തലയുള്ള ഒരു മനുഷ്യശിശുവും രണ്ടുതലയുള്ള കുതിരക്കുട്ടിയും പിറക്കുകയുണ്ടായി. ഈ സംഭവം അയൽരാജ്യങ്ങളിൽ പോലും സംസാരവിഷയമായിരുന്നു. ഫ്രാൻസിൽ വരാനിരിക്കുന്ന ആഭ്യന്തര സംഘർഷത്തിന്റെ സൂചനയായിട്ടാണ് നോസ്ട്രാഡാമസ് ഈ സംഭവത്തെ വ്യാഖ്യാനിച്ചത്. നോസ്ട്രാഡാമസ് ആദ്യമായി ഒരു പഞ്ചാംഗം പ്രസിദ്ധീകരിച്ചത് 1550 ലാണ്. മരിക്കുന്നതുവരെ(1566) മിക്ക വർഷങ്ങളിലും അത് പരിഷ്ക്കരിച്ച് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. 1556 ൽ ഇന്ന് അദ്ദേഹത്തിന്റെ എല്ലാ പ്രവചനങ്ങളും ഉണ്ടെന്ന് ആരാധകർ പറയുന്ന സെഞ്ച്വറീസ് എന്ന് പുസ്തകൃ പുറത്തിറങ്ങി. 'മൈക്കൽ ഡി നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ'എന്ന പേരിലാണ് ഏതാണ്ട് രണ്ടായിരം വർഷത്തേക്കുള്ള പ്രവചനങ്ങൾ (ഏതാണ്ട് എ.ഡി 3797 വരെ) ഉൾക്കൊള്ളുന്ന 942 ഖണ്ഡികകളുള്ള ഈ നിഗൂഡ കവിതാശേഖരം പ്രസിദ്ധീകരിക്കപ്പെട്ടത്. നാലു വരി ഖണ്ഡികളിലാണ് ഈ കൃതി ക്രമപ്പെടുത്തിയിട്ടുള്ളത്.
സെഞ്ച്വറീസും കോപ്പിയടിച്ചത്
സെഞ്ച്വറീസ് നോസ്ട്രാഡാമസിന്റെ സ്വന്തം രചനയായിരുന്നില്ലെന്ന ആരോപണത്തിനും ഏറെ പഴക്കമുണ്ട്. ചെറുപ്പകാലത്ത് ചില്ലറ യാത്രകൾ നടത്തിയിരുന്നു ഇയാൾ 1545 ൽ കാംബ്രോണിലെ ഒരു ആശ്രമത്തിൽ തങ്ങിയിരുന്നു. അവിടെനിന്ന് കിട്ടിയ പുസ്തകം സ്വന്തംപേരിൽ ഇറക്കുയാണ് നോസ്ട്രാഡാമസ് ചെയ്തത് എന്നാണ് പറയുന്നത്. അതാണ് പിൽക്കാലത്ത് കോടികളുടെ ബിസിനസിന് ഇടയാക്കിയ സെഞ്ച്വറീസ് എന്ന പുസ്തകം. മോഷണ വിവാദം ഭയന്ന് ഘട്ടങ്ങളായാണ് അയാൾ അത് പ്രസിന്ധീകരിച്ചത്.
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഈ കൃതിയുടെ രചന പൂർത്തിയാക്കിയത് മോഷണ ആരോപണത്തിന് ബലം പകർന്നു. നോസ്ട്രാഡാമസിന്റെ രചനാ ശൈലിയും ഭാഷയും അദ്ദഹത്തിന്റെ വൈദ്യശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങൾ വഴി മനസ്സിലാക്കാം. എന്നാൽ ഇതുമായി പുലബന്ധം പോലുമില്ലാത്ത ശൈലിയും ഭാഷയുമാണ് പിൽക്കാലത്ത് വിഖ്യാതമായി തീർന്ന 'നൂറ്റാണ്ടുകളി'ൽ കണ്ടെത്താനാവുക.
വിഖ്യാത അമേരിക്കൻ മജീഷ്യനും ദിവ്യാത്ഭുദ അനാവരണ വിദഗ്ധനുമായ ജെയിസ് റാൻഡി 1990 ൽ എഴുതിയ 'ദ മാസ്ക്ക് ഓഫ് നോസ്ട്രാഡാമസ്' എന്ന പുസ്തകം ഇയാളുടെ തട്ടിപ്പുകൾ പൊളിച്ചടുക്കുന്നുണ്ട്. 'ഏതൊരു കാലത്തും വിജയിക്കാൻ സാധ്യതയുള്ളയത്ര പ്രതിഭയുണ്ടായിരുന്ന വ്യക്തി' ആയാണ് റാൻഡി നോസ്ട്രഡാമസിനെ കണ്ടത്. ശരിക്കും പഠിച്ച കള്ളൻ! നോസ്ട്രാഡാമസിന്റെ പ്രവചനങ്ങൾ മാത്രമല്ല അവയ്ക്ക് ആരാധകർ നൽകുന്ന വ്യാഖ്യാനങ്ങളും കഥയില്ലാത്തതും പരസ്പരവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് റാൻഡി ഈ ഗ്രന്ഥത്തിൽ സ്ഥാപിക്കുന്നു. ആധുനികകാലത്ത് സമാനമായ നിരവധി പഠനങ്ങൾ നോസ്ട്രാഡാമസിനെ പൊളിക്കുന്നതായി വന്നിട്ടുണ്ട്.
തുണയായത് ഹെന്റിരാജാവിന്റെ മരണം
സെഞ്ച്വറീസ് എന്ന പുസ്തകം 1556 ൽ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ആരംഭത്തിൽ പൊതുജന പ്രതികരണം ഒട്ടും ആവേശകരമായിരുന്നില്ല. എന്നാൽ, ഫ്രഞ്ച് രാജാവായ ഹെന്റി രണ്ടാമന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വിധവ കാതറീൻ ഡി മെഡിസിയുടെ പ്രീതി പിടിച്ചുപറ്റാൻ നോസ്ട്രാഡാമസിന് സാധിച്ചത് നിർണ്ണായകമായി. തന്റെ ഭർത്താവിന്റെ മരണം നോസ്ട്രാഡാമസ് കൃത്യമായി പ്രവചിച്ചുവെന്നാണ് കാതറീൻ വിശ്വസിച്ചിരുന്നത്. പാരീസിൽ വെച്ച് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു വീരനായകനെപ്പോലെയാണ് അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തിയത്. ഭരണാധികാരി അംഗീകരിച്ച പ്രവാചകമഹത്വം മെല്ലെ ജനങ്ങളും ഏറ്റുപാടി.
പിന്നീടങ്ങോട്ട് നോസ്ട്രാഡാമസിന്റെ വിജയകഥകളുടെ പെരുമഴ പെയ്തു. മിക്കവയും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ട അർധസത്യങ്ങളും നുണകളുമായിരുന്നു. കുറേക്കാലം സന്ധിവേദനയും മറ്റു ചില രോഗങ്ങളുമായി കഷ്ടപ്പെട്ട അദ്ദേഹം 1566 ൽ സ്വന്തം പണിശാലയിലെ ബെഞ്ചിൽ കിടന്നാണ് മരിച്ചത്. മരണം മുൻകൂട്ടി പ്രവചിച്ചിട്ടാണ് അദ്ദേഹം മുറിയിൽ പ്രവേശിച്ചതെന്ന അപദാനകഥ പിന്നാലെ വന്നു!
നോസ്ട്രഡാമസിനെ ദേവതുല്യനായി അവതരിപ്പിക്കുന്ന കഥകൾക്കും പഞ്ഞമില്ല. രാവിലെ അഭിവാദ്യം ചെയ്ത് കടന്നുപോയ'കന്യകയായ പെൺകുട്ടിയെ'വൈകിട്ട് തിരിച്ചുവന്നപ്പോൾ നോസ്ട്രാഡാമസ് 'സ്ത്രീ'എന്നു സംബോധന ചെയ്തതും അത് കേട്ട് പെൺകുട്ടി കരഞ്ഞുകൊണ്ട് അന്നേ ദിവസം തനിക്ക് വനത്തിൽവെച്ച് കന്യകാത്വം നഷ്ടപ്പെട്ട സത്യം തുറന്നു സമ്മതിച്ചതുമൊക്കെ അവയിൽ ചിലവ മാത്രം!
സിമ്പിൾ ജ്യോതിഷ തട്ടിപ്പ്!
ലോകമെമ്പാടുമുള്ള ഭാവി പറയുന്നവരെ നോക്കുക. നമ്മുടെ നാട്ടിലെ കൈനോട്ടക്കാർ തൊട്ട് ഹൈട്ടക്ക് ജ്യോതിഷികൾവരെ എടുത്തുന്ന അതേ സിമ്പിൾ ടെക്ക്നിക്കാണ് ഇയാളും പയറ്റിയത്. ഒരു കാര്യവും വ്യക്തമായി പറയാതെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന രീതിയിൽ പറയുക. എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രൻ തന്റെ 'പകിട 13 ജ്യോതിഷ ഭീകരതയുടെ മറുപുറം' എന്ന പുസ്തകത്തിൽ നോസ്ട്രാഡാമസിന്റെ തട്ടിപ്പിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു. ''സൂക്ഷ്മമായി പരിശോധിച്ചാൽ നോസ്ട്രഡാമസിന്റെ വിഖ്യാതമായ പ്രവചനങ്ങളിൽ ഒട്ടുമിക്കവയും ഭാവനാസമ്പന്നമായ 'ഒപ്പിച്ചുവെക്കലു'കളാണെന്ന് മനസ്സിലാക്കാം. രണ്ടായാലും നോസ്ട്രഡാമസ് അല്ലെങ്കിൽ 'നൂറ്റാണ്ടുകൾ' വിഭാവനംചെയ്ത അസ്സൽ രചയിതാവ് ഈ വരികളൊക്കെ എഴുതിയപ്പോൾ ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന കാര്യത്തിൽ ധാരണയിലെത്തുക അത്ര എളുപ്പമല്ല. നോസ്ട്രാഡാമസിന്റെ മരണത്തിന് (1566) ശേഷം 20 വർഷത്തോളം 'നൂറ്റാണ്ടുകളി'ലെ പ്രവചനങ്ങളെ കുറിച്ച ഫ്രാൻസിൽ പോലും ഏറെയൊന്നും അറിയില്ലായിരുന്നു എന്നതാണ് വസ്തുത.
വായനക്കാരനിൽ 'അത് താനല്ലേ ഇത്' എന്ന മാതൃകയിൽ ജനിപ്പിക്കപ്പെടുന്ന ഉത്പ്രേഷ വിഹ്വലതകളും മനോകൽപ്പനകളുമാണ്് നോസ്ട്രഡാമസ് സാഹിത്യത്തിന്റെ വിജയരഹസ്യം. പക്ഷെ വളരെ പ്രയാസപ്പെട്ട് വളച്ചൊടിച്ചാലേ നോസ്ട്രഡാമസിന്റെ വരികളെ പിൽക്കാലത്ത് നടന്ന സംഭവങ്ങളുമായി കൂട്ടിയിണക്കാനാവൂ. 'ഒന്നൊക്കുമ്പോൾ മറ്റൊന്ന് ഒക്കില്ല'എന്ന സ്ഥിതി ആഘോഷിക്കപ്പെടുന്ന വമ്പൻ പ്രവചനങ്ങൾക്കുമുണ്ട്. ഏറ്റവും കൃത്യവും പ്രസിദ്ധവുമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചിലവ ഇ്രവിടെ പരിശോധിക്കാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വ്യത്യസ്ത ഗ്രന്ഥകർത്താക്കളുടെ ഇംഗ്ളീഷ് പരിഭാഷ ഭിന്നമാണെന്നതാണ്. വരികളെല്ലാം നിഗൂഡവും കാവ്യാത്മകവുമായതിനാൽ അർത്ഥം ഇന്നത് തന്നെ ആയിക്കൊള്ളണമെന്ന് നിർബന്ധം പിടിക്കാനുമാവില്ല! ഓരോ രചയിതാവും അവരവർക്ക് ഹിതകരമായ രീതിയിലാണ് 'നൂറ്റാണ്ടുകൾ' മധ്യകാല പ്രൊവങ്കൽ ഫ്രഞ്ചിൽനിന്നും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ''- സി രവചന്ദ്രൻ വ്യക്തമാക്കി.
രാജാവിന്റെ മരണം പ്രവചിച്ചത് ശിക്കാരി ശംഭു മോഡലിൽ
നോസ്ട്രാഡാമസിന്റെ സെഞ്ച്വറീസ് എന്ന പുസ്തകത്തിൽ ഹെന്റി രാജാവിന്റെ മരണം പ്രവചിച്ചത് ആണെല്ലോ അദ്ദേഹത്തിന് കരിയർ ബ്രേക്ക് ആയത്. പക്ഷേ നോക്കുക. ഇതിൽ ഹെന്റി രാജാവിന്റെ പേരോ, മരണ സമയമോ ഒന്നും ഇല്ല. പകരം രണ്ട് സിംഹങ്ങളുടെ കഥയാണ്.
സി. രവിചന്ദ്രൻ പകിട 13ൽ ഇങ്ങനെ എഴുതുന്നു. 'സെഞ്ച്വറീസിൽ ഹെന്റി രാജാവിനെക്കുറിച്ചെന്ന് പറയുന്ന ഭാഗം ഇങ്ങനെയാണ്. 'യുദ്ധരംഗത്തെ ദ്വന്ദ യുദ്ധത്തിൽ യുവസിംഹം വയസ്സൻ സിംഹത്തെ വീഴ്ത്തും. സ്വർണ്ണക്കൂട്ടിലെ അവന്റെ നേത്രങ്ങൾ അണച്ചുകളയും. ഇത് രണ്ട് സേനയും ഒന്നിക്കും. ശേഷം ക്രൂരമൃത്യുവിന് ഇരയാകും'- ഈ ഖണ്ഡികയിൽ പറയുന്ന രാജാവ് ഫ്രാൻസിലെ ഹെന്റി രണ്ടാമനും യുവസിംഹം ക്യാപ്റ്റൻ മോണ്ട്ഗോമറിയും ആണെന്നാണ് നോസ്ട്രഡാമസ് ആരാധകരുടെ വാദം. യഥാർത്ഥ ജീവിതത്തിൽ എതിരാളിയുമായുള്ള പോരാടവെ പരിച തുളച്ച് കുന്തം കണ്ണിൽ തുളച്ചുകയറി രാജാവ് നിലംപതിക്കുകയായിരുന്നു. ഏതാനും ദിവസത്തെ കൊടിയ യാതനയ്ക്ക് ശേഷമാണ് ഹെന്റി മരണമടഞ്ഞത്.
ഹെന്റിയുടെ പതനവും 'നൂറ്റാണ്ടുകളി'ലെ പേരില്ലാ രാജാവിന്റെ ദുരന്തവും തമ്മിൽ സാമ്യം ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അത് മനസ്സിൽ വെച്ച് നോക്കുന്നവർക്ക് പെട്ടെന്ന് ഹെന്റിയെക്കുറിച്ചല്ലേ ഈ വരികൾ എന്നു തോന്നുകയും ചെയ്യും. 'നൂറ്റാണ്ടുകൾ' പ്രസിദ്ധീകരിച്ച് 3-4 വർഷം കഴിഞ്ഞാണ് ഹെന്റിയുടെ ദുരന്തം. സ്വഭാവികമായും പലരുടേയും ഭാവന പത്തിവിരിച്ചാടിയിട്ടുണ്ടാവാം. പക്ഷെ വാസ്തവത്തിൽ സംഭവിച്ചതെന്താണ്? ദുരന്തം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് നോസ്ട്രാഡാമസ് തന്നെ ഇതേ രാജാവിന്റെ ഗ്രഹനില വിശദമായി പഠിച്ച് ദീർഘായുസ്സ് പ്രവചിച്ച് ഫലം എഴുതികൊടുത്തിരുന്നതിന് രേഖയുണ്ട്! ഹെന്റിയുടെ മരണശേഷം വിധവയായ കാതറീൻ ഡി മെഡിസിയെ സമാശ്വസിപ്പിക്കാനും രാജ്ഞിയുടെ പുത്രന് ദീർഘായുസ്സാണെന്ന് പ്രവചിക്കാനും അദ്ദേഹം തയ്യാറായി. പക്ഷെ ഈ മകൻ പിന്നീട് ഇരുപത്തിനാലാം വയസ്സിൽ മരണമടഞ്ഞു.
ചരിത്രം പരിശോധിച്ചാൽ മോണ്ട്ഗോമറിയുമായി ഹെന്റി നടത്തിയത് ഒരു ദ്വന്ദയുദ്ധമല്ല. ദ്വന്ദയുദ്ധം പോയിട്ട് അതൊരു യുദ്ധം പോലുമായിരുന്നില്ല. ഒരു സമാധാനക്കരാർ ആഘോഷിക്കാൻ സംഘടിപ്പിച്ച സൽക്കാരവേളയിലാണ് ഇവർ ഏറ്റുമുട്ടിയത്. അതാകട്ടെ, വിനോദത്തിന്റെ ഭാഗമായുള്ള ഒരു അഭ്യാസപ്രകടനമായിരുന്നു. രാജാവിന് പരിക്കേറ്റത് അബദ്ധത്തിൽ സംഭവിച്ചുപൊയതാണ്. അതുകൊണ്ടുതന്നെ അവിടെ യുദ്ധഭൂമി, പോരാട്ടം തുടങ്ങിയ പദങ്ങൾക്കൊന്നും യാതൊരു സാംഗത്യവുമില്ല. ഈ പ്രവചനം നോസ്ട്രഡാമസിനെ ജീവിതകാലത്ത് തന്നെ പ്രശസ്തനാക്കിയെന്നാണ് പലരും എഴുതിവിടുന്നുവെങ്കിലും നോസ്ട്രഡാമസ് മരിച്ച് 48 വർഷങ്ങൾക്ക് ശേഷമാണ് ഈ വരികൾ ആദ്യമായി പ്രിന്റ് ചെയ്യപ്പെടുന്നത്. എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്ഞിയുൾപ്പെടെ പലർക്കും അതിന്റെ കയ്യെഴുത്ത്പ്രതി കണ്ടിട്ടുണ്ടെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല.''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
സ്വർണ്ണക്കൂട്ടിലെ തുടങ്ങിയ പ്രയോഗങ്ങളൊന്നും ഹെന്റിയുടെ ദുരന്തവുമായി പൊരുത്തപ്പെടുന്ന പരാമർശങ്ങളല്ല. ഒന്നാമതായി, ഹെന്റിയുടെ ഹെൽമറ്റ് സ്വർണം കൊണ്ടുണ്ടാക്കിയത് ആയിരുന്നില്ല. രണ്ട് സേനയും ഒന്നിച്ചു എന്നു പറയുന്നതിനും ഇവിടെ ന്യായീകരണമൊന്നുമില്ല. അവ്യക്തമായി എഴുതപ്പെട്ട ഈ പൊതുപ്രസ്താവങ്ങളിൽ ഹെന്റിയുടെ അനുഭവത്തിന്റെ ഏകദേശ ഛായ ദർശിക്കാമെന്ന് മാത്രം. അതായത് വേണമെങ്കിൽ പറഞ്ഞൊപ്പിക്കാം! ലോകമെമ്പാടും നടന്ന വേറെ പല സംഭവങ്ങൾക്കും ഇതേ ഖണ്ഡിക ഉപയോഗിക്കാം. കാഴ്ചബംഗ്ളാവിൽ കൂട്ടിനുള്ളിൽ കിടക്കുന്ന രണ്ട് സിംഹങ്ങൾ തമ്മിൽ നടക്കുന്ന പോരാട്ടമാണെന്ന് പോലും പറഞ്ഞ് സാധൂകരിക്കാം. ആർക്കും എളുപ്പം ഖണ്ഡിക്കാനാവില്ല-ജ്യോതിഷപ്രസ്താവങ്ങളുടെ പൊതുസ്വഭാവമാണിത്.
ന്യൂ സിറ്റിയെ ന്യൂയോർക്ക് ആക്കി ഭീകരാക്രമണം!
2001 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ കുറിച്ച് നോസ്ട്രഡാമസ് പതിനാറാം നൂറ്റാണ്ടിൽ പ്രവചിച്ചതായിരുന്നു നോസ്ട്രഡാമസ് ആരാധകർ ഈയിടെ ഏറെ ആഘോഷിച്ചത്! ഇതാണ് വരികൾ: -''ഭൂമധ്യത്തിൽ നിന്നും അഗ്നിപർവതാഗ്നി പുതിയ നഗരത്തെ വിറപ്പിച്ചു കളയും. രണ്ടു മഹാശിലകൾ ദീർഘനേരം പൊരുതിനിൽക്കും.ശേഷം അരത്തൂസ ഒരു പുതിയ നദിയെ ചുവപ്പിക്കും''.
ഇതാണ് 2001 ലെ ന്യൂയോർക്കിലെ ഭീകരാക്രമണം! അസ്സൽ ഫ്രഞ്ച് വരികളെ വല്ലാതെ വളച്ചൊടിച്ചാണ് ഈ ഖണ്ഡികയുടെ തർജമകൾ പ്രചരിപ്പിക്കപ്പെടുന്നത്. ഇതിൽ ന്യൂസിറ്റി എന്നതിന് പകരം ന്യൂയേർക്ക് സിറ്റി എന്നെഴുതി വിടുന്ന മഹാനുഭാവരുമുണ്ട്. . ചില തർജമകളിൽ അഗ്നിപർവതാഗ്നിയുടെ സ്ഥാനത്ത് പറക്കുന്ന ലോഹയന്ത്രങ്ങൾ എന്നൊക്കെയാണുള്ളത്. സംശയിക്കേണ്ടതില്ല, മതവെറിയന്മാർ റാഞ്ചിയെടുത്ത് വേൾഡ് ട്രേഡ് സെന്ററിൽ കൊണ്ടിടിച്ച വിമാനങ്ങൾ വ്യാഖ്യാനിച്ചെടുക്കാനുള്ള ഭഗീരഥപ്രയത്നം തന്നെയാണിത്!
പുതിയ നദിയെ ചുവപ്പിക്കും ,അരത്തൂസ തുടങ്ങിയ പദങ്ങൾക്കും ആരും സ്വപ്നേപി വിചാരിക്കാത്ത വ്യാഖ്യാനകസർത്തുകൾ ലഭ്യമാണ്. രണ്ടു മഹാശിലകൾ , ഭൂമധ്യത്തിൽ നിന്നും വരുന്ന അഗ്നിപർവതാഗ്നി എന്നത് വിമാന റാഞ്ചികളെ സൂചിപ്പിക്കുന്നതാണെന്നൊക്കെ വ്യാഖ്യാനമുണ്ട്. ഈജിപ്റ്റ് ആഫ്രിക്കയിലും ആഫ്രിക്ക ഭൂമധ്യരേഖയിലുമാണല്ലോ! വേൾഡ് സെന്റർ തകർന്നപ്പോൾ കുംഭഗോപുരങ്ങളിൽ വിമാനമിടിച്ചാണ് തീ പടർന്നത്. അപ്പോൾ തീ വരുന്നത് മുകളിൽ നിന്നാണ്-അതായത് ആകാശത്തുനിന്നും താഴോട്ട്. ഒരു ചേർച്ചയുമില്ലാത്ത ആദ്യ വരി പോലും പരിഹാസ്യമാണ്. പക്ഷെ ഈ വരികളുടെയൊക്കെ തർജമകളിൽ നിന്ന് ഭീകരാക്രമണം വ്യാഖ്യാനിച്ചെടുക്കുകയാണ് നോസ്ട്രഡാമസ് വ്യവസായികൾ ചെയ്യുന്നത്.
ഡാന്യൂബ് നദിയെ വ്യാഖ്യാനിച്ച് ഹിറ്റ്ലർ ആക്കിയപ്പോൾ
ഹിറ്റ്ലർ ഈ ഭൂമുഖത്ത് ജനിക്കുമെന്ന് നോസ്ട്രാഡാമസ് പ്രവചിച്ചതിന്റെ യാഥാർഥ്യം സി. രവിചന്ദ്രൻ തന്റെ പുസ്തകത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ഹിറ്റ്ലറുടെ പിറവി നിർണ്ണയിക്കുന്നുവെന്ന് പ്രചരിക്കപ്പെട്ട ആ വാചകങ്ങൾ ഇങ്ങനെയാണ്.-'വീനസിൽ നിന്നും അത്ര അകലെയല്ലാത്ത സ്ഥലത്ത്, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഏറ്റവും മഹത്തായ രണ്ടെണ്ണം, റൈനിൽ നിന്നും, ഹിസ്റ്ററിൽ നിന്നും വന്നവയാണവയെന്ന് പറയപ്പെടുന്നു നിലവിളികളും കണ്ണുനീരും മാൾട്ടയുടേയും ലിഗൂറിയന്റെയും തീരത്ത്'.
ഈ നാലുവരികളിൽ നിന്നും ഹിറ്റ്ലറിനെ സൃഷ്ടിച്ചെടുക്കാനായി നൂറുകണക്കിന് പേജുകൾ നോസ്ട്രാഡാമസ് ആരാധകർ എഴുതിക്കൂട്ടിയിട്ടുണ്ട്. ഹിറ്റ്ലറിന്റെ പേരുപോലും ഏതാണ്ട് അതുപോലെ പറഞ്ഞുകളഞ്ഞു എന്നതായിരുന്ന പലരേയും ആവേശംകൊള്ളിച്ചത്. നോസ്ട്രോഡാമസ് ഈ വരികൾ പ്രസിദ്ധീകരിക്കുന്ന കാലത്തും അതിനുമുമ്പും ഹിസ്റ്റർ എന്നാൽ ഡാന്യൂബ് നദിയുടെ പേരായിരുന്നു. അതിന് അഡോൾഫ് ഹിറ്റ്ലറുമായി യാതൊരു ബന്ധവുമില്ല. മൂലകൃതിയിൽ 'ഹിൽറ്റർ' എന്നാണ് എഴുതിയിരിക്കുന്നത്.
ഇംഗ്ളീഷിൽ ഹിസ്റ്റർ എന്ന് പറയുന്നതും ഫ്രഞ്ചിൽ ഹിൽറ്റർ എന്ന് വിളിക്കുന്നതും ഡാന്യൂബ് നദിയെയാണ്. ഇനി അഥവാ നോസ്ട്രാമസ് അക്ഷരപ്പിശക് പറ്റി അറിയാതെ ഹിറ്റ്ലർ എന്നെങ്ങാനും ഉപയോഗിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ? അഡോൾഫ് ഹിറ്റ്ലറുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വരികൾ വെച്ച് നോസ്ട്രഡാമസ് ആരാധകർ ഈ ലോകമെടുത്ത് തിരിച്ചുവെച്ചേനെ! ഏഷ്യയിലിൽ നിന്നും രണ്ടെണ്ണം എന്നത് ഹിറ്റ്ലറും മുസ്സോളിനിയും തമ്മിലുള്ള കണ്ടുമുട്ടലാണെന്നാണ് പ്രവചനകുതുകികളുടെ വ്യഖ്യാനം. ജർമ്മിനിയുമായി ബന്ധപ്പെട്ട ഒരു യുദ്ധത്തെ കുറിച്ച സൂചന വരികളിലുണ്ടെങ്കിലും എത്ര കുഴിച്ചുനോക്കിയാലും അഡോൾഫ് ഹിറ്റ്ലറെയോ രണ്ടാം ലോകയുദ്ധത്തെ പറ്റിയോ യാതൊന്നും ഈ വരികളിൽ കണ്ടെത്താനാവില്ല. രണ്ടാം ലോകയുദ്ധക്കാലത്ത് ആരെങ്കിലും ഇങ്ങനെയൊരു വ്യാഖ്യാനം നടത്തിയതായും അറിവില്ല.'' സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
ഹിരോഷിമയും നെപ്പോളിയനും വന്ന വഴി
നോസ്ട്രാഡാമസിന്റെ വിഖ്യാത പ്രവചനങ്ങളിൽ ഒന്നാണത്രെ രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ അണുബോംബിട്ട സംഭവം. അതിനായി പലരും കണ്ടുവെച്ചിരിക്കുന്ന വരികൾ താഴെക്കാണുന്നവയാണ്: ''വാതിലിനടുത്തും നഗരത്തിനുള്ളിലും മുമ്പ് കണ്ടിട്ടില്ലാത്തവിധം ഭീകരത ആഞ്ഞടിക്കും. പട്ടിണിക്കൊപ്പം പ്ളേഗ് വിരുന്നിനെത്തും. ജനങ്ങൾ ഉരുക്കുമൂലം നശിപ്പിക്കപ്പെടും. അനശ്വരനായ മഹാദൈവത്തോട് ആശ്വാസത്തിനായി നിലവിളിക്കും.''
നോസ്ട്രഡാമസിന്റെ കാലത്തൊക്കെ സംഭവിക്കുന്നതു പോലെയുള്ള പകർച്ചവ്യാധിയും പട്ടിണിയുമൊക്കെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽലെത്തുമ്പോൾ പ്ളേഗും പട്ടിണിയുമൊക്കെ യൂറോപ്പിൽ പ്രസക്തമല്ല. ജപ്പാനിൽ ആണവസ്ഫോടനത്തോട് അനുബന്ധിച്ച് പ്ളേഗ് പൊട്ടിപുറപ്പെട്ടതുമില്ല. രണ്ടാമത്തെ വരിക്ക് അവിശ്വസനീയമായ എണ്ണം മനുഷ്യർ മരിച്ചുവീണു എന്നൊക്കെ തർജമ ചെയ്ത് ഒപ്പിക്കുന്നത് കാണാം. പിന്നെ ആധുനിക കാലവുമായി ബന്ധമുണ്ടെന്ന് പറയാവുന്ന പദം ഉരുക്കാണ്. പക്ഷെ നോസ്ട്രഡാമസിന്റെ കാലത്ത് ഉരുക്ക് എന്നാൽ ആയുധങ്ങൾ എന്ന അർത്ഥമേ ഉണ്ടായിരുള്ളു. ഇതിലെങ്ങും രണ്ടാം ലോകയുദ്ധവും അമേരിക്കയും ജപ്പാനും ആകാശത്തുനിന്നുള്ള ബോംബ് വർഷമോ ഒന്നും കാണാനില്ല.
ഇനി, ഒരേ ഖണ്ഡിക തന്നെ പലരെ കുറിച്ചും പ്രചരിപ്പിക്കുന്നതാണ് അടുത്ത കൗതുകം. നെപ്പോളിയന്റെ ഉയർച്ച വർണ്ണിക്കുന്നതായി വിശേഷിപ്പിക്കപ്പെടുന്ന ഖണ്ഡിക മറ്റ് പലരുടേ കാര്യത്തിലും സാധുവാകുന്നുണ്ട്. 'ഇറ്റലിക്ക് സമീപത്ത് ഒരു നേതാവ് ജനിക്കും, സാമ്രാജ്യം നേടാനുള്ള അയാളുടെ പ്രയാണം കുറച്ച് കടുപ്പമായിരുക്കും. അവന്റെ അനുയായികളിൽ നിന്നും കേട്ടറിഞ്ഞവർ പറയും. രാജകുമാരൻ എന്നതിനേക്കാൾ അയാളൊരു ഇറച്ചിവെട്ടുകാരനാണ്'
നിയർ ഇറ്റലി എന്ന വാക്ക് കുറെയധികം പ്രദേശങ്ങൾക്ക് ബാധകമാണ്. ഓസ്ട്രിയ മുതൽ കോഴ്സിക്ക, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പഴയ യൂഗോസ്ളാവിയ... ഒക്കെ ഇറ്റലിക്ക് സമീപം വരും. അങ്ങനെ വരുമ്പോൾ നെപ്പോളിയൻ മാത്രമല്ല അഡോൾഫ് ഹിറ്റ്ലറും ഈ ഖണ്ഡികയിലെ നേതാവിന് യോജിച്ചവർ തന്നെ. ഇനി ഇതിൽ പറയുന്നത് സ്വിററ്സർലൻഡുകാരനായ ടെന്നീസ് ഇതിഹാസം റോജർ ഫെഡററിനെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ചാലും കേട്ടുകൊണ്ടു നിൽക്കുകയേ നിവർത്തിയുള്ളു!
വ്യാഖ്യാനഫാക്ടറിയും വാചകക്കസർത്തും
ചുരുക്കിപ്പറഞ്ഞാൽ നോസ്ട്രാഡാമസ് ഒന്നും കൃത്യമായി പ്രവചിച്ചിട്ടില്ല. എല്ലാം ആരാധകരുടെ വ്യാഖ്യാനങ്ങളും വാചകക്കസർത്തുമാണ്. സി രവിചന്ദ്രൻ ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു -''നോസ്ട്രഡാമസ് പ്രവചിക്കാത്തതായി ഈ ലോകത്ത് യാതൊന്നുമില്ല. സാമ്പത്തികമാന്ദ്യം മുതൽ സദാം ഹുസൈൻ വരെ, കെന്നഡിയുടെ മരണം മുതൽ മനുഷ്യന്റെ ചാന്ദ്രയാത്ര വരെ,ഹൈഡ്രജൻ ബോംബു മുതൽ ബാരക്ക് ഒബാമ വരെ, ഇന്റർനെറ്റു മുതൽ ഒസാമ ബിൻ ലാദൻ വരെ അദ്ദേഹത്തിന്റെ പിടലിക്ക് വെച്ചു കൊടുത്തിട്ടുണ്ട്. വ്യാഖ്യാനിച്ച വരികളേക്കാൾ സ്തോഭജനകമാണ് യാതൊരുവിധ വ്യാഖ്യാനത്തിനും വഴങ്ങാത്ത 'നൂറ്റാണ്ടുകളി'ലെ ഖണ്ഡികകൾ! അവയൊക്കെ ഭാവിയിലേക്കുള്ള നേർസൂചകങ്ങളാണത്രെ. എത്രയെത്ര രഹസ്യങ്ങളും നിഗൂഡതകളുമാണ് അവയിലൊക്കെ അടക്കം ചെയ്തിരിക്കുന്നതെന്ന് ആർക്കും പറയാനാവില്ലെന്ന് നോസ്ട്രഡാമസിന്റെ ആരാധകർ ആവേശത്തോടെ ആണയിടുന്നു. ആദ്യം സംഭവം നടന്നുകിട്ടട്ടെ, അതിനെക്കുറിച്ച് നോസ്ട്രഡാമസ് എന്തു പറഞ്ഞുവെന്ന് പിന്നീട് പരിശോധിച്ച് പറയാം എന്ന നിലപാടാണ് ആരാധകർ പൊതുവെ സ്വീകരിച്ചു കാണുന്നത്.
നോസ്ട്രഡാമസ് എ.ഡി. 3056 വരെയുള്ള കാര്യങ്ങൾ പ്രവചിച്ചുവെന്ന് പറയുന്നു. എന്തൊക്കെയാണ് ആ സംഭവങ്ങൾ? ഒരെണ്ണംപോലും കൃത്യമായി പറയാൻ ആർക്കും സാധിക്കുന്നില്ല. സംഭവിച്ചുകഴിഞ്ഞ് ഇല്ലാത്ത അർത്ഥമൊക്കെ കുത്തിത്തിരുകി 'അതാണ് ഇത്'എന്നൊക്കെ പറഞ്ഞ് ജനത്തെ കബളിപ്പിക്കുന്നത് ഉദാത്തമല്ല. ആവേശം പൂണ്ട നോസ്ട്രഡാമസ് അനുകൂലികളുടെ വെമ്പൽ കാരണം ഒരേ ഖണ്ഡിക പലർക്കും ഭിന്ന സംഭവങ്ങളായി മാറുന്നത് സാധാരണ കാഴ്ചയാണ്. ''- രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
മോദി ഇന്ത്യ ഭരിക്കുമെന്ന് വലിയ നുണ
യാത്രയും പര്യവേഷണവും ഗതാഗത സൗകര്യവുമൊക്കെ പരിമിതമായിരുന്ന 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രാഡാമസിന് ഇന്ത്യയെക്കുറിച്ചൊന്നും കാര്യമായ യാതൊരു അറിവുകളും ഉണ്ടായിരുന്നില്ലെന്നാണ് ജെയിസ് റാൻഡിയെപ്പോലുള്ള ഗവേഷകർ പറയുന്നത്. എന്നാൽ നോസ്ട്രാഡാമസ് നരേന്ദ്ര മോദിയുടെ വരവ് പ്രവചിച്ചിരുന്നുവെന്നാണ് ആരാധകർ വെച്ച്കാച്ചുന്നത്. '2014 മുതൽ 2030 വരെ ദൈവതുല്യനായ ഒരു മനുഷ്യൻ ഇന്ത്യയെ നയിക്കും...ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ രാജ്യമാക്കി അദേഹം മാറ്റും. ഈ പ്രവചനം 1555 ലാണ് നടത്തിയിട്ടുള്ളത്.'- ഇങ്ങനെയായിരുന്നു കുറച്ച് വർഷമുമ്പ് സാമൂഹിക മാധ്യമങ്ങളിൽ വന്ന പ്രചാരണം. 2030വരെ ഭരിക്കുമെന്ന് പ്രവചനം ഉള്ളതുകൊണ്ടാവണം സംഘപരിവാർ അനുഭാവികൾ ഇത് വ്യാപകമായി പ്രചരിപ്പിക്കയും ചെയ്തു.
എന്നാൽ 'ആൾട്ട് ന്യൂസ്' എന്ന മാധ്യമം നടത്തിയ അന്വേഷത്തിൽ ഇത് വ്യാജമാണെന്നാണ് തെളിഞ്ഞത്. ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചത് 2017 മാർച്ചിൽ പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ നിന്നാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ബ്ലോഗ് സെക്ഷനിൽ ഫ്രാൻസ്വാ ഗോട്ടിയെർ എന്നൊരു മാധ്യമ പ്രവർത്തകൻ എഴുതിയ ഒരു ലേഖനത്തിൽ ആണ് ഇതുള്ളത്. വിവാദമായതോടെ ഈ ലേഖനം പരിഹാസത്തിനായി എഴുതിയ ലേഖനമാന്നെണ് ടൈംസ് ഓഫ് ഇന്ത്യ അവരുടെ വെബ്സൈറ്റിൽ തിരുത്തി എഴുതിട്ടുണ്ട്. അതായത് ഒരു ട്രോൾപോലും ശരിയാണെന്ന് ധരിച്ച് ആളുകൾ ഷെയർ ചെയ്ത പോവുകയാണ്. ഇനി മോദിയുടെ വരവ് സെഞ്ച്വറീസിൽ നിന്ന് നിങ്ങൾക്ക് തെളിയിക്കാൻ യാതൊരു പ്രയാസവുമില്ല. കാരണം എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ചില വരികൾ എടുത്ത്, വാചകക്കസർത്തുവഴി അത് നോസ്ട്രാഡാമസിന്റെ പ്രവചനമാക്കിമാറ്റാൻ വല്ലാതെ അധ്വാനിക്കയൊന്നും വേണ്ട.
മുല്ലപ്പെരിയാർ പൊട്ടുമെന്ന് പ്രവചിച്ചോ?
''ഭൂമധ്യത്തിൽനിന്ന് ജ്വാലകൾ ഭൂമികുലുക്കമായി വരും
ഉയർന്നുവന്നൊരു പുതു നഗരം പ്രകമ്പനം കൊള്ളും
ഇരു മലകൾ തടയാൻ വിഫലമായി പൊരുതും
പിന്നെ ജലദേവി പുതിയ ഒരു അരുണ നദി തീർക്കും''- ഇങ്ങനെ നോസ്ട്രാഡാമസ് തന്റെ സെഞ്ച്വറീസ് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നും, ഇത് മുല്ലപ്പെരിയാറിനെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നുമാണ്, കേരളത്തിലെ 'അന്ധോകൾ' തള്ളിവിടുന്നത്. ഇതിൽ ഉയർന്നുവന്നൊരു പുതുനഗരം എന്ന് ഉദ്ദേശിക്കുന്നതുകൊച്ചിയെ ആണത്രേ. ഭൂകമ്പത്തിൽ ഡാം തകരുമെന്നും, ജലത്തിൽ ചുവപ്പ് കലരുമെന്ന് പറയുന്നത് അതുകൊണ്ടാണുമെന്നാണ് വ്യാഖ്യാനം. മുല്ലപ്പെരിയാറിൽ ഇരുമലകൾ ഇല്ലല്ലോ എന്ന് ചോദിച്ചാൽ, മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലെത്തി ഇടുക്കി ഡാം തകരുമെന്നാണ് സൂചന എന്നാവും വ്യാഖ്യാനം. ഇടുക്കി ആർച്ച് ഡാമിന്റെ അപ്പുറത്തും ഇപ്പുറത്തുമായി കുറവൻ മലയും കുറത്തിമലയും ഉണ്ടല്ലോ!
എറ്റവും രസാവഹം നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞപോലെ ഇതും വ്യാജമാണെന്നതാണ്. ആരോ എഴുതിവിട്ടത് ഏറ്റെടുത്തു എന്നല്ലാതെ സെഞ്ച്വറീസിൽ ഇങ്ങനെ ഒരു വരികൾ ഇല്ലത്രേ. ഉണ്ടായാലും യാതൊരു പ്രയോജനവും ഇല്ലെന്ന് വേറെ കാര്യം. പക്ഷേ ഇതിന്റെ ഫാക്ട് ചെക്കിലേക്ക് കടന്നാലാണ് കൂടുതൽ ഞെട്ടൽ ഉണ്ടാവുക. ഇത് കുറച്ചുകാലം മുമ്പ് ഇറങ്ങിയതാണ്. 2020 ജൂലൈ മാസത്തിനുള്ളിൽ മുല്ലപ്പെരിയാർ തകരുമെന്ന് നോസ്ട്രാഡാമസ് പ്രവചിച്ചുവെന്നാണ്, അന്ന് പ്രചരിച്ചിരുന്നത്! അത് ഇപ്പോൾ വീണ്ടും പൊടിതട്ടി എടുത്തിരിക്കയാണ്. അങ്ങനെയാണെങ്കിൽ നോസ്ട്രാഡാമസിന്റെ പ്രവചനം പാളിയെന്ന് വ്യക്തമാണെല്ലോ.
പക്ഷേ ഡേറ്റ് കൃത്യമായി പറഞ്ഞതുകൊണ്ടുതന്നെ കാര്യം വ്യക്തമാണ്. നോസ്ട്രയുടെ സെഞ്ച്വറീസ് എന്ന പുസ്തകത്തിൽ ഒരിടത്തും കൃത്യമായി സമയവും കാലവും പറയാറില്ല. എങ്ങനെ വ്യാഖ്യാനിക്കാവുന്ന പൊതുകാര്യങ്ങൾ മാത്രമാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഈ പ്രവചനവും 110 ശതമാനവും വ്യാജമാണെന്ന് വ്യക്തമാണ്.
വാൽക്കഷ്ണം: ചുരുക്കിപ്പറഞ്ഞാൽ പതിനാറാം നൂറ്റാണ്ടിലെ ഒരു മോൺസൺ മാവുങ്കൽ എന്നതിന് അപ്പുറമെന്നും നോസ്ട്രാഡാമസിനെ കണക്കാക്കാൻ കഴിയില്ല. ആധുനിക ശാസ്ത്രസമൂഹം നോസ്ട്രാഡാമസിന്റെ പ്രവചനങ്ങൾക്ക് 2018ലെ പ്രളയ സമയത്തുകൊടും വരൾച്ച പ്രവചിച്ച കാണിപ്പയ്യൂരിന്റെ വിലപോലും കൊടുക്കുന്നില്ല. എന്നിട്ടും ഈ പ്രവചന സാഹിത്യം വായിക്കാൻ പ്രബുദ്ധമെന്ന് കരുതുന്ന യൂറോപ്യൻ നാടുകളിൽപോലും ആളുകൾ ഉണ്ടെന്നത് എന്ത് സൂചനയാണ് ഈ ലോകത്തിന് നൽകുന്നത്!
റഫറൻസ്: പകിട 13 ജ്യോതിഷ ഭീകരതയുടെ മറുപുറം- ഡി.സി ബുക്സ് പുസ്തകം- സി. രവിചന്ദ്രൻ
ദ മാസ്ക്ക് ഓഫ് നോസ്ട്രാഡാമസ്- ജെയിംസ് റാൻഡി- ബി.ബി.സിയിൽ വന്ന ലേഖനം
ഫെയ്ക്ക് പ്രഡിക്ഷൻ ഓൺ മോദി- ആൾട്ട് ന്യൂസ് ലേഖനം