കൊല്ലം:കൊല്ലത്ത് ഹെൽമറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനെ വയർലെസ് സെറ്റുകൊണ്ട് മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസുകാരൻ ദാസ് രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥനായ മാഷ് ദാസിനെതിരെ ഐ.പി.സി 326 വകുപ്പ് ചുമത്തി ഇന്നലെ കേസെടുത്തിരുന്നു. സംഭവം വലിയ വിവാദയമായതോടെ ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ പൊലീസുകാരനായ മാഷ് ദാസിന് പറയാനുള്ളത് മാത്രം ആരും കേട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി മാഷ് ദാസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. എന്താണ് ശരിക്കും സംഭവിച്ചതെന്നു ആരും തന്നോട് ചോദിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

തെറ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസുകാരനായ ദാസിന്റെ വിശദീകരണം.തന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന സത്യം ഒരിക്കൽ പുറത്ത് വരും.ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സർക്കാർ ഖജനാവിലേയ്ക്ക് മുതൽകൂട്ടാൻ മാത്രം വിഡ്ഢിയല്ല ഞാൻ. ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവിൽ നിന്നും ചാടിവീണ് പിടിച്ചാൽ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ എനിക്കൊപ്പമുള്ള ഓഫീസർക്കൊ കിട്ടാൻ പോകുന്നില്ല. പ്രത്യേകിച്ച് ഒരവാർഡും ലഭിക്കുകയുമില്ല. ഒരു ജോലി ചെയ്യുന്നെങ്കിൽ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കിൽ അത് ചെയ്യാതിരിക്കുക എന്നതാണ് തനിക്കിഷ്ടമെന്നും ദാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

വൈർലെസുകൊണ്ട് ബൈ്ക്ക് യാത്രക്കാരനെ തല്ലിയ സംഭവത്തിൽ ദാസിന്റെ വിശദീകരണം

കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് മുതൽ ഇന്ന് ഉച്ചവരെ നിലയ്കാതെ ചിലച്ചു കൊണ്ടിരുന്ന ഈ യന്ത്രത്തിന് താൽക്കാലികമായെങ്കിലും വിശ്രമം ലഭിച്ചത് ഇന്നാണ്. അരികിൽനിന്നും അകലെനിന്നും വിളിച്ചവരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞത് ഒന്നുമാത്രം, നിന്നിൽ ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന്. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചപ്പോൾ എന്റെ കൂട്ടുകാർക്ക് സത്യമെന്താണെന്ന് മനസ്സിലായി. ഞാനവർക്ക് ഒരിക്കലും പൊലീസുകാരനായ കൂട്ടുകാരനല്ല, കൂട്ടുകാനായ പൊലീസുകാരനാണ്. ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സർക്കാർ ഖജനാവിലേയ്ക്ക് മുതൽകൂട്ടാൻ മാത്രം വിഡ്ഢിയല്ല ഞാൻ. ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവിൽ നിന്നും ചാടിവീണ് പിടിച്ചാൽ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ എനിക്കൊപ്പമുള്ള ഓഫീസർക്കൊ കിട്ടാൻ പോകുന്നില്ല. പ്രത്യേകിച്ച് ഒരവാർഡും ലഭിക്കുകയുമില്ല. ഒരു ജോലി ചെയ്യുന്നെങ്കിൽ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കിൽ അത് ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം. സത്യമെന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല എത്രമൂടി വച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അഥോറിറ്റിക്കാരും അത് ചികഞ്ഞ്കൊണ്ടിരിക്കട്ടെ. ഞാൻ പത്രം നിർത്തുന്നില്ല. ചോറ് പൊതിഞ്ഞ് കൊണ്ട് പോകാൻ എനിക്കത് ആവശ്യമാണ്. പിന്നെ പത്രക്കാരൻ എന്റെ പ്രിയപ്പെട്ട കൂട്ടൂകാരനാണ്. അഞ്ചാം തീയതി വൈകിട്ട് യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ച പൊലീസുകാരന്റെ പേരായി എന്റെ പേരെഴുതിക്കാട്ടുമ്പോൾ എനിക്കെന്തൊ അപകടം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ എന്റെ മകൾക്ക് പിന്നെന്നോട് സംസാരിക്കാനായില്ല. കരച്ചിലിനൊടുവിൽ അച്ഛനിന്ന് വരുമൊ എന്ന് മാത്രം അവൾ ചോദിച്ചു. ഓരോ ദിവസവും ജോലിക്കായി പോകമ്പോഴും തിരികെ വരുംമ്പോഴും എന്റെ വണ്ടിയുടെ വേഗത ഒരിക്കലും കൂടിപ്പോകാതിരിക്കാൻ അതിന്റെ വേഗമാപിനികൾക്കുള്ളിൽ കുഞ്ഞിക്കണ്ണുകളുള്ള ഒരു കുറുമ്പ്കാരിയൂടെ ചിത്രം പതിച്ച് വച്ച ഒരാളാണ് ഞാൻ. ജനാലകളില്ലാത്ത ഒറ്റമുറിക്കുടിലിൽ എന്റെ മാലാഖക്കുരുന്ന് എന്നെ കാത്തിരിപ്പുണ്ടെന്ന് മറ്റാരെക്കാൾ എനിക്കറിയാം. ഞാനും ഒരച്ഛനാണ് അതിലുപരി ഒരു മനുഷ്യനാണ്. സങ്കടം വന്നാൽ കരയുകയും സന്തോഷം വന്നാൽ ചിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യൻ. അത് കഴിഞ്ഞേ പൊലീസുകാരനാവുന്നുള്ളു. എന്നെ മറ്റാരെക്കാൾ തിരിച്ചറിയുന്ന എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുക്കാർക്ക് സ്നേഹപൂർവ്വം ഞാൻ.