- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരിയെ സംരക്ഷിച്ചത് ഉന്നത ഉദ്യോഗസ്ഥർ; പരസ്യ വിചാരണയിൽ കേസുമായി മുന്നോട്ടെന്ന് കുട്ടിയുടെ പിതാവ്; 15ന് കോടതി വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥ ക്ഷമ ചോദിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പ്രതികരിച്ചു.
പൊലീസുകാരിയെ സംരക്ഷിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ മുന്നിൽ ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിട്ട് എന്തു ചെയ്യാനാണ്? ഉയർന്ന ഉദ്യോഗസ്ഥർ ഇവരെ സംരക്ഷിച്ചതു കൊണ്ടാണ് ഹൈക്കോടതിവരെ പോകേണ്ടിവന്നത്. മാപ്പു പറഞ്ഞാൽ ഞാനും എന്റെ മകളും എങ്ങനെ സ്വീകരിക്കും. കേസുമായി മുന്നോട്ടു പോകും. ഉദ്യോഗസ്ഥയെ പിരിച്ചുവിടണം. മാനനഷ്ടത്തിനു നഷ്ടപരിഹാരം ലഭിക്കണമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
പരസ്യവിചാരണയിൽ ഹർജി പരിഗണിക്കവെ പൊലീസിനും സർക്കാരിനുമെതിരെ അതി രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നാണെന്നുമാണ് കോടതി ചോദിച്ചു.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിയെയും കോടതി വിമർശിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ഈ മാസം 15ലേക്ക് മാറ്റിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ