- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാതിക്കാരിയായ പെൺകുട്ടി ബിജെപി അംഗം; എൻസിപി അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകേണ്ടെന്ന് പാർട്ടി നിർദ്ദേശം; പരാതിക്കാരിയില്ലാതെ എന്ത് അന്വേഷണം? എൻസിപി കമ്മീഷൻ പരുങ്ങലിൽ
കൊല്ലം: മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോൺവിളി വിവാദത്തിൽ എൻസിപിയുടെ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാകേണ്ടെന്ന് പരാതിക്കാരിക്ക് ബിജെപി നിർദ്ദേശം. ബിജെപി അംഗമായതിനാൽ എൻസിപിയുടെ അന്വേഷണത്തോടു സഹകരിക്കേണ്ടന്നാണ് നിലപാട്. പാർട്ടി നിർദ്ദേശമനുസരിച്ച് എൻസിപി കമ്മീഷന് മൊഴി നൽകില്ലെന്നാണ് പരാതി നൽകിയ പെൺകുട്ടിയുടെയും നിലപാട്. പകരം പരാതിക്കാരിയുടെ അച്ഛനും അമ്മയും കമ്മിഷൻ അംഗങ്ങളോടു സംസാരിക്കും. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്റെ നേതൃത്വത്തിലാണ് പാർട്ടി തല അന്വേഷണം.
പരാതിക്കാരി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അന്വേഷണ കമ്മീഷന്റെ സാംഗത്യം തന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. പെൺകുട്ടിയുടെ മൊഴി പോലുമില്ലാതെ കമ്മീഷന്റെ കണ്ടെത്തലുകൾ എങ്ങനെ പൂർണമാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. എന്തായാലും അന്വേഷണകമ്മീഷന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് എൻസിപിയുടെ തീരുമാനം.
അതേസമയം, പരാതിക്കാരിയുടെ വീട്ടിലേക്കു പാർട്ടി അന്വേഷണ കമ്മിഷൻ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പാർട്ടി നേതാക്കൾ വീട്ടിലെത്തിയാൽ മാത്രം സംസാരിക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ മന്ത്രിയെ പരോക്ഷമായി ന്യായീകരിച്ചാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ രംഗത്തെത്തിയിരിക്കുന്നത്. കുണ്ടറയിൽ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നതെന്നും ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു
'ഞാൻ അദ്ധ്യക്ഷനാകുന്നതു മുൻപാണിത്. രത്നാകരൻ ഒരാളുടെ പേര് പറഞ്ഞു. അന്നത്തെ എൻ.സി.പി പ്രസിഡന്റ് വേറൊരാളെ വെച്ചു. അവർ രണ്ടു പേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് അവിടെയുള്ള സംഘടനാ പ്രശ്നം. അവർ പരസ്പരം പോരടിക്കുകയും എല്ലാക്കാര്യങ്ങളിലും രണ്ടു പക്ഷം പിടിക്കുകയും ചെയ്തു. അവിടെത്തന്നെയുള്ള രണ്ടാളുകളാണ് ശശീന്ദ്രനോട് പ്രസ്തുത പ്രശ്നങ്ങളിൽ ഇടപെടണമെന്ന് പറയുന്നത്. കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്നമാക്കി മാറ്റിയാൽ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവർ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാം.
ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ പൊലീസ് കേസെടുത്തു അന്വേഷിക്കണം. കഴമ്പുണ്ടെങ്കിൽ എഫ്ഐആർ ഇടണം, അമ്പേഷണം മുന്നോട്ട് കൊണ്ടുപോകണം. കേരളത്തിലെ മുൻ മുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നത്. അന്നിവിടെയാരും രാജിവെച്ചില്ല. പ്രതിപക്ഷനേതാവടക്കം രാജിക്കായി മുറവിളി കൂട്ടുന്ന ആളുകൾ വസ്തുതകൾ മനസ്സിലാക്കുന്നില്ല. യത്ഥാർഥത്തിൽ അവിടെയെന്താണ് സംഭവിച്ചത്, അവിടുത്തെ പ്രശ്നമെന്താണ്, ശശീന്ദ്രൻ എന്താണ് പറഞ്ഞത്, എൻ.സി.പിയിലെ തർക്കമെന്താണ് ഇതൊന്നും അറിയാതെയാണ് അദ്ദേഹം ഒരു ബലാത്സംഗക്കേസിൽ ഇടപെട്ടു എന്ന് പറയുന്നത്.
ബ്ലോക്ക് പ്രസിഡന്റിന്റെ മകൾ അവിടെ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ബിജെപിയുടെ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് മത്സരിച്ചപ്പോൾ ആ പെൺകുട്ടിയുടെ അന്നത്തെ പോസ്റ്ററെടുത്ത് ഫേസ്‌ബുക്കിലിട്ടു എന്നതാണ് തർക്കം. പക്ഷേ അതിൽ ആ പെൺകുട്ടിയെപ്പറ്റി മോശമായിട്ടൊന്നും പറയുന്നില്ല. പാർട്ടിയിലുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയല്ല ഇപ്പോളുണ്ടായിട്ടുള്ള ഈ പീഡനപരാതിയെന്നും' പി.സി ചാക്കോ പറഞ്ഞു. യുവതി പൊലീസിൽ നൽകിയ പരാതിയിൽ പാർട്ടി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കിയിരുന്നു.
പരാതിക്കാരിയുടെ മൊഴി പൊലീസ് വീട്ടിലെത്തി രേഖപ്പെടുത്തുമെന്നാണു സൂചന. കഴിഞ്ഞമാസം 28ന് നൽകിയ പരാതിയിൽ എൻസിപി നേതാവ് ജി. പത്മാകരനെതിരെയും പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവിനെതിരെയും കുണ്ടറ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിരുന്നില്ല. പരാതിയുമായി ചെന്നപ്പോൾ പൊലീസ് ഒഴിവാക്കാൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് പൊലീസ് ഉണർന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ കേസെടുക്കാൻ വൈകിയത് എന്തുകൊണ്ടെന്ന് ദക്ഷിണമേഖലാ റേഞ്ച് ഐ.ജി അന്വേഷിക്കും.
മറുനാടന് മലയാളി ബ്യൂറോ