ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ സ്റ്റൈൽമന്നനാകാൻ രജനികാന്ത് എന്ന് എത്തും എന്നു മാത്രം ഇനി ചർച്ച ചെയ്താൽ മതി. രാഷ്ട്രീയത്തോട് തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കി രജനികാന്ത് രംഗത്ത്. ഏതു രാഷ്ട്രീയ പാർട്ടിക്ക് ഒപ്പമാണ് തന്റെ മനസ്സ് എന്ന് വ്യക്തമാക്കാതെ ആദ്യമായി ചിലത് രജനികാന്ത് വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയുമായി തന്നെ സൂപ്പർ താരത്തിന്റെ ഈ വാക്കുകളെ കാണാം.

ദൈവം കാണിക്കുന്ന വഴിയിലൂടെയാണ് ഞാൻ പോകുന്നത്. ഞാൻ രാഷ്ട്രീയത്തിൽ വരണമെന്ന് അദ്ദേഹം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ വന്നിരിക്കും. ജനങ്ങളെ സേവിക്കുകയും ചെയ്യും. രാഷ്ട്രീയം അപകടകരവും ആഴത്തിലുള്ളതുമാണ്. എനിക്ക് ഭയമില്ല. എന്നാൽ വേണോ വേണ്ടയോ എന്ന സംശയത്തിലാണ്. രാഷ്ട്രീയത്തിൽ ആഴത്തിലുള്ള വേരുകൾ വേണമെന്നും രജനി കൂട്ടിച്ചേർത്തു.

തന്റെ പുതിയ ചിത്രമായ ലിംഗയുടെ ഓഡിയോ റിലീസിൽ സംസാരിക്കുകയായിരുന്നു സൂപ്പർ സ്റ്റാർ. സാമൂഹിക പ്രതിബന്ധതയുള്ള സന്ദേശങ്ങൾ മുന്നോട്ട് വയക്കുന്ന സിനിമകളുടെ ഭാഗമാകുന്നതും രാജ്യ സേവനമാണ്. സിനിമയിൽ അഭിനയിക്കുകയും രാഷ്ട്രീയത്തിൽ ഇറങ്ങുകയും വളരെ ഏളുപ്പമുള്ളതാണ്. എന്നാൽ വിജയിക്കുക എന്നത് രണ്ടിടത്തും പ്രയാസമുള്ളതാണെന്നും രജനികാന്ത് പറയുന്നു. രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ മനസ്സ് തുറക്കലിനെ ആരാധകർ പ്രതീക്ഷയോടെയാണ് വരവേറ്റത്.

കഴിഞ്ഞ കുറേ കാലമായി രജനി രാഷ്ട്രീയത്തിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ രജനി പരാമർശിച്ച് ഇതിന് മുമ്പ് ഒരിക്കൽ പോലും രജനി പ്രതികരിച്ചിരുന്നില്ല. ബിജെപി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ തങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്ര മോദി, രജനിയെ സന്ദർശിച്ചിരുന്നു. മോദിയുമായുള്ള രജനിയുടെ സൗഹൃദം രാഷ്ട്രീയത്തിലേക്ക് സൂപ്പർ താരത്തെ എത്തിക്കുമെന്നാണ് കരുതുന്നത്.

ബിജെപിയുടെ തമിഴ്‌നാട് ഘടകം ഇതിനായുള്ള ചർച്ചകൾ സജീവാക്കിയിട്ടുണ്ട്. അതിനിടെ കോൺഗ്രസും രജനിയെ തങ്ങൾക്കൊപ്പം ചേരാൻ ക്ഷണിച്ചിരുന്നു. അഴിമതിക്കേസിൽ ജയലളിതയെ കോടതി ശിക്ഷിച്ചത് രജനിയക്ക് അനുകൂല രാഷ്ട്രീയ സാഹചര്യം തമിഴ്‌നാട്ടിൽ ഒരുക്കിയെന്നാണ് വിലയിരുത്തൽ.