- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി മാറുന്നത് ചിന്തിച്ചിട്ടില്ല; മറിച്ചുള്ള വാർത്ത കളവും ദുരുദ്ദേശപരവും; മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് പാർട്ടിയിൽ ചേർന്നത്; സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല; സിപിഎമ്മിലേക്ക് പോകാൻ ചർച്ചകൾ തുടങ്ങിയെന്ന അഭ്യൂഹം തള്ളി ഫാത്തിമ തഹ്ലിയ
കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ തഹ്ലിയ സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ പാർട്ടി മാറുന്നത് ചിന്തിച്ചിട്ടില്ലെന്ന് ഫാത്തിമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.' മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണെന്നും' ഫാത്തിമ പറഞ്ഞു.
കോഴിക്കേട്ടെ മുൻ എംഎൽഎയും തിരുവനന്തപുരത്തെ ചില ഡിവൈഎഫ്ഐ നേതാക്കളും ഇതിനുള്ള ചർച്ചകൾ ആരംഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. കാനത്തിൽ ജമീല ജയിച്ചതോടെ ഒഴിഞ്ഞകിടക്കുന്ന നന്മണ്ട ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ ഫാത്തിമയെ മത്സരിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിപിഐഎം നീക്കമെന്നും അഭ്യൂഹമുണ്ടായിരുന്നു.
സംസ്ഥാന കമ്മറ്റിയുടെ ശുപാർശ പ്രകാരം മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്. ഹരിതയെ പിരിച്ചുവിട്ടതും തുടർന്ന് പുതിയ കമ്മറ്റി രൂപീകരിച്ചതും കൂടിയാലോചനകൾ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന.
നേതൃത്വത്തിനെതിരെ മാധ്യമങ്ങൾക്ക് വാർത്തകൾ നൽകിയിരുന്നതും ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തൽ. വനിതാ കമ്മീഷനിൽ പരാതി നൽകിയ മുഴുവൻ പേരേയും മാറ്റി നിർത്തി ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ