- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും ഒരു കള്ളപ്പണക്കാരൻ ഇപ്പോൾ എവിടെയെങ്കിലും ക്യൂവിൽ നിൽക്കുന്നുണ്ടോ? നോട്ടു പിൻവലിക്കൽ നേരത്തെ പ്രഖ്യാപിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നുവോ? കഷ്ടപ്പെട്ടു സമ്പാദിച്ച പണം ബാങ്കിൽ കിടക്കവെ പട്ടിണി കിടക്കേണ്ടി വരുന്ന ഈ സാഹചര്യം സൃഷ്ടിച്ചതിനു മോദീ, താങ്കൾക്കു ചരിത്രം മാപ്പു നൽകുകയില്ല; ഒരു നല്ല കാര്യം ഇങ്ങനെ മോശമായി ചെയ്യരുത് എന്നു പഠിപ്പിച്ചതിനു മാത്രം നന്ദി
നാണയം പിൻവലിക്കൽ എന്ന വിവാദ തീരുമാനം പ്രഖ്യാപിച്ചിട്ടു ഒരാഴ്ച കഴിയുന്നു. രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിപ്പണത്തിനും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള മിന്നലാക്രമണം എന്ന നിലയിൽ അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. ഇപ്പോഴും ഈ തീരുമാനത്തിൽ ഞങ്ങൾ തെറ്റ് കാണുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നു കള്ളപ്പണവും കള്ളനോട്ടും ആയിരിക്കവെ അതിന് തടയിടാൻ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കുമ്പോൾ അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഈ തീരുമാനം നടപ്പിലാക്കി ഒരാഴ്ച പിന്നിട്ടപ്പോൾ ആദ്യ ദിവസങ്ങളിൽ സന്മനസോടെ ഇതിനെ പ്രോത്സാഹിപ്പിച്ചവരിൽ ആരെങ്കിലും ഇപ്പോൾ ആ നിലപാടിൽ ഉറച്ചുനിൽപ്പുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഒരു നല്ല കാര്യം എങ്ങനെ ഏറ്റവും മോശമായി നടപ്പിലാക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് മോദി സർക്കാരിന്റെ ഈ മിന്നൽ ആക്രമണം എന്നു പറയാതെ വയ്യ. നോട്ട് പിൻവലിക്കലിനെ എതിർക്കുന്നവരെല്ലാം കള്ളപ്പണക്കാർ ആണ് എന്നു തരത്തിലുള്ള പ്രചാരണമാണ് ഇവിടെ
നാണയം പിൻവലിക്കൽ എന്ന വിവാദ തീരുമാനം പ്രഖ്യാപിച്ചിട്ടു ഒരാഴ്ച കഴിയുന്നു. രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിപ്പണത്തിനും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള മിന്നലാക്രമണം എന്ന നിലയിൽ അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. ഇപ്പോഴും ഈ തീരുമാനത്തിൽ ഞങ്ങൾ തെറ്റ് കാണുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നു കള്ളപ്പണവും കള്ളനോട്ടും ആയിരിക്കവെ അതിന് തടയിടാൻ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കുമ്പോൾ അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഈ തീരുമാനം നടപ്പിലാക്കി ഒരാഴ്ച പിന്നിട്ടപ്പോൾ ആദ്യ ദിവസങ്ങളിൽ സന്മനസോടെ ഇതിനെ പ്രോത്സാഹിപ്പിച്ചവരിൽ ആരെങ്കിലും ഇപ്പോൾ ആ നിലപാടിൽ ഉറച്ചുനിൽപ്പുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഒരു നല്ല കാര്യം എങ്ങനെ ഏറ്റവും മോശമായി നടപ്പിലാക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് മോദി സർക്കാരിന്റെ ഈ മിന്നൽ ആക്രമണം എന്നു പറയാതെ വയ്യ.
നോട്ട് പിൻവലിക്കലിനെ എതിർക്കുന്നവരെല്ലാം കള്ളപ്പണക്കാർ ആണ് എന്നു തരത്തിലുള്ള പ്രചാരണമാണ് ഇവിടെ നടക്കുന്നത്. തീർച്ചയായും നോട്ട് പിൻവലിക്കൽ എന്നു കേട്ട ഉടനെ പ്രചാരണവുമായി ഇറങ്ങുന്നവരെ സംശയിക്കുന്നതിൽ ഒരു തെറ്റുമില്ല. പാക്കിസ്ഥാനിൽ നിന്നും ഇറങ്ങുന്ന ശതകോടികളുടെ കള്ളനോട്ടും ഇന്ത്യയിൽ തന്നെ തന്നെ വ്യാവസായികാടിസ്ഥാനത്തിൽ അച്ചടിക്കുന്ന കള്ളനോട്ടുകളും കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ കുമിഞ്ഞു കൂടിയ കള്ളപ്പണവും ഒക്കെ നിയന്ത്രിക്കാൻ ഒരു മിന്നൽ ആക്രമണം തന്നെ ആവശ്യമായിരുന്നു എന്നു നിസംശയം പറയാം. കാർത്തി ചിദംബരം എന്ന ഒരുത്തൻ ഉണ്ടാക്കിയ പണത്തെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതി മോദി സർക്കാരിന്റെ തീരുമാനത്തെ ശരി വെയ്ക്കാൻ. എന്നാൽ എന്തുകൊണ്ട് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെ, വേണ്ടത്ര ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ ഇങ്ങനെ ഒരു തീരുമനം എടുത്തു എന്ന ചോദ്യമാണ് ഒരാഴ്ച പിന്നിട്ടപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
ഒരു തരത്തിലുള്ള തയ്യാറെടുപ്പുകളും സർക്കാർ നടത്തിയിരുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നോട്ട് പിൻവലിച്ച ദിവസം രാവിലെ തന്നെ രാജ്യത്തെ എല്ലാ റിസർവ് ബാങ്ക ഓഫീസുകളിലും 2000 രൂപയുടെ നോട്ടുകൾ എത്തിച്ചിരുന്നു. ഈ നോട്ടുകൾ ഇന്നു ബാങ്കുകൾ വഴി വിതരണം ചെയ്യുന്നുമുണ്ട്. എന്നുവച്ചാൽ അതീവ രഹസ്യമായി നടത്തിയ ഈ നീക്കം ആരും അറിഞ്ഞില്ല എന്നു തന്നെ. എന്നാൽ എന്തുകൊണ്ട് ഈ 2000 രൂപ നോട്ടുകൾ സ്വീകരിക്കാൻ പറ്റുന്ന തരത്തിൽ എടിഎം മെഷീനുകളിൽ സോഫ്റ്റുവെയർ ചെയ്ഞ്ചുകൾ നടത്തിയില്ല? എന്തുകൊണ്ട് ആവശ്യത്തിന് 100, 50 രൂപ നോട്ടുകൾ പ്രിന്റ് ചെയ്തു ബാങ്കുകളിൽ എത്തിച്ചില്ല? എന്തുകൊണ്ട് പിൻവലിച്ച നോട്ടിന് പകരം 1000, 500 നോട്ടുകൾ അടിച്ചില്ല തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾക്ക് ഈ സർക്കാർ ഉത്തരം നൽകേണ്ടതുണ്ട്. 2000 രൂപ ഭദ്രമായി ബാങ്കുകളിൽ സമയത്തെത്തിക്കാൻ കഴിഞ്ഞെങ്കിൽ പിന്നെ എന്തുകൊണ്ട് മറ്റു നോട്ടുകൾ എത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് ചോദ്യം.
പിൻവലിച്ച 500ന് പകരം പുതിയ നോട്ട് ഇറക്കാൻ തീരുമാനിച്ച സ്ഥിതിക്ക് പിൻവലിക്കും മുമ്പ് അത് ഇറക്കിക്കൂടായിരുന്നുവോ എന്നാണ് പ്രധാന ചോദ്യം? പിൻവലിച്ച 1000 രൂപയ്ക്ക് പകരം 1000 രൂപ ഇറക്കിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? പിൻവലിച്ച രണ്ട് രൂപകൾക്കും പകരം പുതിയ സുരക്ഷാ ഫീച്ചറുകളോടെയും പുതിയ രൂപത്തിലും പുതിയ നിറത്തിലും ആ രണ്ട് രൂപകളും ഇറക്കുകയും, അവ പിൻവലിക്കുന്ന ദിവസം തന്നെ ബാങ്കിൽ എത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാവുമായിരുന്നോ? 2000 രൂപ എത്തിച്ചതുപോലെ റിസർവ്വ് ബാങ്കിൽ എത്തിക്കുകയും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം ബാങ്കുകളിൽ എത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ജനങ്ങൾക്ക് ഈ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നോ? അത് ചെയ്യാതിരുന്നത് എന്തു കാര്യങ്ങൾ കൊണ്ടാണെങ്കിലും ്ഈ സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്ത രാഹിത്യവുമാണ് സൂചിപ്പിക്കുന്നത് എന്നു പറയാതെ വയ്യ.
രാജ്യത്തിന് വേണ്ടി രണ്ടോ മൂന്നോ ദിവസം ദുരിതം സഹിക്കാൻ രാജ്യസ്നേഹം ഉള്ള ആരും മടിക്കില്ല. അതുകൊണ്ടാണ് ബാങ്കുകൾ അടഞ്ഞു കിടന്നിട്ടുപോലും ആദ്യ ദിവസങ്ങളിൽ ആരും പ്രതിഷേധിക്കാതിരുന്നത്. എന്നാൽ ആഴ്ച ഒന്നായിട്ടും അധ്വാനിച്ചുണ്ടാക്കിയ സ്വന്തം പണത്തിന് മേൽ യാതൊരു അധികാരവും ഇല്ലാത്ത അവസ്ഥ ഖേദകരവും നിരാശാജനകവുമാണ്. കണക്കിൽ പെടാത്ത പണം ഉള്ളവർ നിരാശപ്പെടുകയും വേദനിക്കുകയും ചെയ്യട്ടെ. എന്നാൽ കൂലിപ്പണി എടുത്തും കൃഷിപ്പണി എടുത്തും വസ്തുവിറ്റും പെൻഷനിൽ നിന്നും മിച്ചം പിടിച്ചും ജോലി ചെയ്തും ഒക്കെ സൂക്ഷിച്ചിരിക്കുന്ന പണം ഒരു കാരണവുമില്ലാതെ ഉപയോഗിക്കാനാവാത്ത സാഹചര്യം ഉണ്ടാകുന്നത് എത്ര കഠിനമാണ്. കള്ളപ്പണക്കാർക്കോ, നഗരങ്ങളിൽ ജീവിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കോ ബിസിനസുകാർക്കോ കാര്യമായി യാതന അനുഭവിക്കേണ്ടി വരുന്നില്ല. ദൈനംദിനം ജോലി എടുത്ത് കൈയിൽ കാശ് വാങ്ങി കഴിയുന്ന പാവങ്ങൾക്ക് അവരുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാനാവാത്തതു തീർത്തും നിരാശാജനകമാണ്.
[BLURB#1-VL]നഗരങ്ങളിൽ കഴിയുന്നവർക്ക് അവരുടെ കൈയിലുള്ള ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ വഴി ഏത് സൂപ്പർമാർക്കെറ്റിലും മറ്റു വൻകിട സ്ഥാനപങ്ങളിലും ചെന്നു ഏത് സാധനങ്ങൾ വേണമെങ്കിലും വാങ്ങാം. ഓൺലൈൻ വഴി അവർക്ക് പണം കൈമാറാം. കാർഡുകൾ ഉപയോഗിച്ച് ഹോട്ടലുകളിൽ ചെന്നു വിരുന്നു നടത്താം. ബാറുകളിൽ ചെന്നു മദ്യം വാങ്ങി രസിക്കാം. എന്തു വേണമെങ്കിലും വീട്ടിൽ എത്തിക്കുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ ചെന്നു എന്തും വാങ്ങാം. എന്നാൽ രാവിലെ വീടിന് വെളിയിൽ ഇറങ്ങി ചായക്കടയിൽ കയറി ഭക്ഷണം കഴിച്ച് കൂലിപ്പണി എടുത്ത് അന്നന്നു കിട്ടുന്ന പണം കൊണ്ട് വൈകുന്നേരം പലചരക്ക് കടയിൽ പോയി അന്നന്നുവേണ്ടുന്ന സാധനങ്ങൾ വാങ്ങുകയും ബിവറേജസിൽ ക്യൂ നിന്നു ഒരു പെഗ് വാങ്ങി കൂട്ടുകാരുമൊത്ത് മദ്യപിച്ച് ജീവിതം ആഘോഷമാക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ എല്ലാ വാതിലുകളും കൊട്ടി അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവരുടെ മുമ്പിൽ ഓരോ ദിവസവും കഠോരമാണ്. കടം വാങ്ങിയും മുണ്ട് മുറുക്കി ഉടുത്തുമാണ് അവർ ജീവിതം തള്ളി നീക്കുന്നത്.
ആശുപത്രികളിൽ ബിൽ തീർക്കാനാവാതെ പലരും കുടുങ്ങി കിടക്കുകയാണ്. മനുഷ്യത്വമുള്ള ചില കടക്കാരും ആശുപത്രികളും ഇത്തരക്കാരോട് പഴയ പണം വാങ്ങി സാധനങ്ങൾ കൊടുക്കുകയോ ആശുപത്രി ഫീസ് വാങ്ങുകയോ ചെയ്യുന്ന ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരം ഇടങ്ങളിൽ റെയ്ഡ് നടത്തി അവർ നിയമവിരുദ്ധമായ പ്രവർത്തി ചെയ്തു എന്നു വരുത്തി തീർക്കുകയാണ് സർക്കാർ. അതേസമയം 500 രൂപയുടെ നോട്ട് വാങ്ങി 400 രൂപയുടെ സാധനങ്ങൾ കൊടുക്കുന്ന ചൂഷകർ ഇതിനിടയിൽ തഴച്ചുവളരുകയും ചെയ്യുന്നു. അത്തരക്കാരെ തടയാൻ കഴിയാത്ത സർക്കാർ ദയ തോന്നി ഭക്ഷണം കൊടുക്കുന്ന ചായക്കടക്കാരുടെയും പട്ടിണിയാകാതിരിക്കാൻ അരിയും മുളകും കൊടുക്കുന്ന ചെറുകിട വ്യാപാരികളുടെയും പുറത്ത് മെക്കിട്ട് കയറുകയാണ്. ഇത്തരം ഒരു അരാജ്യകത്വം കേരളം ഇന്നേവരെ നേരിട്ടിട്ടില്ല എന്നതാണ് സത്യം.
സഹകരണ ബാങ്കുകളോട് കാണിച്ച ചതിയാണ് ഇതിൽ ഏറ്റവും ഭയാനകം. ഗ്രാമങ്ങളിലെ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത് ഇത്തരം ബാങ്കുകളെയാണ്. കൂലിപ്പണിയെടുത്തും പെൻഷൻ വാങ്ങിയും ഒക്കെ അവിടെ സൂക്ഷിക്കുന്ന പണം കൈപ്പറ്റാൻ ഒരു നിവർത്തിയുമില്ല. സഹകരണ ബാങ്കുകൾക്ക് റിസർവ്വ് ബാങ്ക് ഒറ്റ പൈസ നൽകുന്നില്ല. അവിടെ കൊടുക്കുന്ന പണം വാങ്ങി സൂക്ഷിക്കാൻ മാത്രമണ് സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആർക്കും വേണ്ടാതെ കെട്ടിസൂക്ഷിക്കുന്ന പത്ത് രൂപ നോട്ടുകളും 20 രൂപ നോട്ടുകളുമാണ് ഇപ്പോൾ അത്യാവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. ഒരു നയാ പൈസ പോലും പുതിയതായി സഹകരണ ബാങ്കുകളിൽ എത്തുന്നില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എടുക്കാൻ അവകാശമില്ലാത്ത ഈ സാമ്പത്തിക അടിയന്തിരാവസ്ഥ എന്തിനുവേണ്ടിയാണ് എന്ന് ചോദ്യം ഉണ്ടാവുക സ്വാഭാവികം.
ഒരു കാര്യം കൂടി ചോദിക്കാതെ ആ എഡിറ്റോറിയൽ അവസാനിപ്പിക്കാൻ കഴിയില്ല. നോട്ട് പിൻവലിക്കൽ തീരുമാനം യുദ്ധം നടത്തുന്നതുപോലെ രഹസ്യമായി വയ്ക്കേണ്ട കാര്യം എന്തായിരുന്നു? എന്തുകൊണ്ട് ഒന്നോ രണ്ടോ മാസം മുൻകൂട്ടി പ്രഖ്യാപിച്ച് അന്തസ്സായി ഈ മാറ്റം നടത്തി കൂടായിരുന്നു? ആ കാലയളവിൽ ജനങ്ങൾക്ക് ദുരിതം ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളും കണ്ടെത്തി പരിഹരിച്ച ശേഷം ഇത് പ്രഖ്യാപിച്ച് കൂടായിരുന്നോ? ഇത് പറയുമ്പോൾ ആരാധകർ പറയും അങ്ങനെ ചെയ്തിരുന്നെങ്കിൽ കള്ളപ്പണം എല്ലാം ഞൊടിയിടയിൽ വെളുപ്പിക്കുമായിരുന്നു എന്ന്? എങ്ങനെ വെളുപ്പിക്കുമായിരുന്നു എന്നു മാത്രം ആരും പറയുന്നില്ല. സ്വർണത്തിലൂടെയോ? ഭൂമിയിലൂടെയോ? ഭൂമിയിലൂടെ വെളുപ്പിക്കാൻ സാധിക്കും എന്നത് ഒരു കെട്ടുകഥയാണ്. കാരണം ഓരോ ഭൂമി ഇടപാടും നടക്കുന്നത് വലിയ തോതിൽ കള്ളപ്പണം സൃഷ്ടിച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഭൂമി ഇടപാടിലൂടെ വെളുപ്പിക്കൽ അസാധ്യം. ഓരോ ഭൂമി ഇടപാടിലും ഉണ്ടാകുന്ന കള്ളപ്പണം എന്തു ചെയ്യും എന്നു മാത്രം ആലോചിച്ചാൽ മതി. ഇപ്പോഴത്തെ പിൻവലിക്കൽ മൂലം ഏറ്റവും അധികം കഷ്ടതയിലാവുന്നതും ഭൂമി വിറ്റുകിട്ടിയ കണക്കിൽ പെടാത്ത പണം ഉള്ള സാധാരണക്കാർ ആണ്.
എടിഎമ്മുകളിൽ നിന്നും 2000 രൂപ പിൻവലിക്കാൻ അവസരമുണ്ടല്ലോ; ബാങ്കിൽ ചെന്നാൽ 4000 വരെ എടുക്കാമല്ലോ, അതിൽ കൂടുതൽ വേണമെന്ന് ശാഠ്യം പിടിക്കുന്നത് എന്തിന് എന്നൊക്കൊ ചോദിച്ചു ന്യായീകരണ തൊഴിലാളികൾ അറിയേണ്ടത് ഇതൊക്കെ എത്രമാത്രം നടക്കുന്നുണ്ടെന്നാണ്. വിരലിൽ എണ്ണാവുന്ന എടിഎമ്മുകളിൽ മാത്രമാണ് പണം ഉള്ളത്. മണിക്കൂറുകൾ ക്യൂ നിന്ന ശേഷം കിട്ടിയാൽ കിട്ടി എന്ന അവസ്ഥയാണുള്ളത്. ബാങ്കിൽ ചെന്നു ക്യൂ നിന്നാൽ കൊടുക്കുന്നത് 2000 ന്റെ നോട്ടുകളാണ്. ഈ നോട്ടുകൾ പോക്കറ്റിൽ ഇട്ടു സെൽഫി എടുത്തു ഫേസ്‌ബുക്കിൽ ഇട്ടും രസിക്കാമെന്നല്ലാതെ അതുമായി ഏതു കടയിൽ ചെന്നാലും ചില്ലറ ഇല്ലാത്തതിനാൽ ഒരു സാധനവും വാങ്ങുക സാധ്യമല്ല. 2000 കൊടുത്ത് സാധാനം വാങ്ങിയാൽ ബാക്കി നൽകാൻ ചില്ലറയില്ലാത്ത കടയുടമകൾ എന്തു ചെയ്യും? സർക്കാർ അടിച്ചു കൊടുത്തിരിക്കുന്ന 2000 രൂപയുടെ നോട്ടുകൾ നോക്കുകുത്തിയുടെ ഫലമാണ് ചെയ്യുന്നത്.
[BLURB#2-VR]രാജ്യം നേരിടുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധിയാണ്. ചെറുകിട കച്ചവടക്കാർ എല്ലാം കട തുറന്ന് വയ്ക്കുന്നതല്ലാതെ ഒന്നും വിൽക്കുന്നില്ല. ഹോട്ടലുകൾ ഏതാണ്ട് അടച്ചുപൂട്ടപ്പെട്ടു. മീൻ കച്ചവടക്കാരനും പച്ചക്കടക്കാരും വെറുതെ കട തുറന്നു വച്ചിരിക്കുകയാണ്. ഒരിക്കലും ക്യൂ മാറാത്ത ബിവറേജസിൽ പോലും ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല. ഈ അവസ്ഥ എത്രനാൾ തുടരും എന്നു ആർക്കും നിശ്ചയമില്ല. ഇതിങ്ങനെ നീണ്ടു പോയാൽ രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് അമരും. പട്ടിണി മരണങ്ങളും ആത്മഹത്യയും അപമാനവും ഒക്കെ ഇതിന്റെ ഫലമായി ഉണ്ടാകും. അതേ സമയം കള്ളപ്പണക്കാർക്ക് ഒരു കുലുക്കവുമില്ല എന്നും ഓർക്കണം. അവരുടെ കയ്യിൽ ഇരിക്കുന്ന പണം വെളുപ്പിക്കാൻ അവർക്കു നന്നായി അറിയാം. ഇതൊക്കെ സംഭവിക്കുന്നത് പിൻവലിച്ചാൽ രൂപയ്ക്ക് പകരം അതേ രൂപ ഇറക്കാൻ സർക്കാർ പരാജയപ്പെട്ടിടത്ത് മാത്രമാണ്. ആ പരാജയത്തിന്റെ ദുരന്തം അനുഭവിക്കേണ്ട ഒരു ബാദ്ധ്യതയും ഇവിടുത്തെ സാധാരണക്കാർക്കില്ല.
ഭൂമി വിൽപ്പനയിലൂടെ നേടുന്ന പണം കള്ളപ്പണം ആണെങ്കിൽ ആ പാപം ചെയ്യാത്ത ആരും ഈ നാട്ടിൽ ഉണ്ടാവുകയില്ല. ലോകത്ത് ഒരിടത്തും നിലവിലില്ലാത്ത ഭൂമി വിലയും രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഏർപ്പെടുത്തിയ ശേഷം വാങ്ങുന്ന വില മുഴുവൻ രേഖപ്പെടുത്തണം എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. അപ്പോൾ പിന്നെ മുൻകൂട്ടി പറയാൻ പേടിച്ചത് ആരെയാണ്? സ്വർണ്ണക്കട മുതലാളിമാരെയോ? പ്രഖ്യാപിക്കുന്ന അന്നു മുതൽ സ്വർണ്ണക്കടയിലെ കച്ചവടം ബാങ്ക് വഴിയോ കാർഡ് വഴിയോ മാത്രമാക്കി മാറ്റി ഉത്തരവ് ഇറക്കുകയും അതു ലംഘിക്കുന്നവർ റെയ്ഡുകൾ നടത്തുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നം ആയിരുന്നില്ല ഇത്? ജുവലറി ഉടമകളുടെ കയ്യിൽ ഉള്ള പണത്തിന്റെ സ്റ്റോക്ക് എടുത്ത ശേഷം പണം വഴിയുള്ള ഇടപാട് നിരോധിച്ച് കൊണ്ടു ഉത്തരവിറക്കിയാൽ എങ്ങനെ ഇവർ കള്ളപ്പണം സ്വർണം ആക്കുമായിരുന്നു എന്നാണ് പറയുന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഈ സത്യങ്ങൾ സത്യങ്ങളായി കാണാതെ നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ ആവില്ല. യുപി തെരഞ്ഞെടുപ്പിന് മുൻപ് മൂലായം സിങ്ങിനെയും മായാവതിയെയും വെള്ളം കുടിപ്പിക്കുക എന്നതിൽ കവിഞ്ഞു യാതൊരു ലക്ഷ്യവും മോദി സർക്കാരിന് ഈ പ്രഖ്യാപനം വഴി ഇല്ലായിരുന്നു എന്നു വേണം വിലയിരുത്താൻ. ഈ സത്യങ്ങൾ അംഗീകരിക്കാതെ ''ബീവറേജിലും സിനിമാ തീയറ്ററിലും ക്യൂ നിൽക്കാമെങ്കിൽ, ബാങ്കിന് മുന്നിൽ ക്യൂ നിന്നാലെന്താ കുഴപ്പം അല്ലെങ്കിൽ പട്ടാളക്കാർ കൊടും തണുപ്പത്ത് കാവൽ നിൽക്കുമ്പോൾ നിങ്ങൾക്കിത്തിരി ക്യൂവിൽ നിന്നുകൂടെ?'' എന്നും മറ്റും ചോദിച്ചു വരുന്ന ന്യായീകരണ തൊഴിലാളികൾ സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ എന്നു പറയട്ടെ. താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ആവിയായി പോകുമോന്ന് പേടിച്ച് ജോലീം കൂലീം കളഞ്ഞ് ബാങ്കിന്റെ ക്യൂവിൽ നിൽക്കേണ്ടി വരുന്നതും ഇതും തമ്മിലുള്ള വ്യത്യാസമൊക്കെ ആരും പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ അല്ല. മോദി സർക്കാർ ഇന്ത്യാ മഹാരാജ്യത്തെ ഇപ്പോൾ എത്തിച്ചിരിക്കുന്നതു വല്ലാത്തൊരു പരീക്ഷണ ഘട്ടത്തിലാണ്. രാജ്യത്തിന്റെ പേരിൽ അതൊക്കെ സഹിക്കേണ്ട ഗതികേട് ആർക്കുമില്ല. അടിയന്തിരമായി സ്വന്തം അദ്ധ്വാന ഫലം ഉപയോഗിക്കാൻ അവസരം ഒരുക്കികൊടുത്തില്ലെങ്കിൽ രാജ്യം നേരിടുന്ന വൻ പ്രതിസന്ധി മറികടക്കാൻ പട്ടാളവും പൊലീസും ഒന്നും വിചാരിച്ചാൽ നടന്നെന്ന് വരില്ല.



