ന്ത്യയിൽ 500, 1000 എന്നീ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് തങ്ങളുടെ കൈയിൽ ഉള്ള അത്തരം നോട്ടുകൾ എന്ത് ചെയ്യുമെന്നാലോചിച്ച് വേവലാതിപ്പെടുന്ന നിരവധി പ്രവാസികളുണ്ട്. അവസാന തിയതിക്ക് മുമ്പ് അവ മാറ്റി വാങ്ങാൻ തങ്ങൾക്ക് സാധിക്കുമോയെന്നാണ് പലരെയും അസ്വസ്ഥരാക്കുന്നത്. എന്നാൽ പ്രവാസിയുടെ കൈയിൽ ഇരിക്കുന്ന ഒറ്റ നോട്ട് പോലും വെറുതെയാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. വിമാനത്താവളത്തിൽ മാറുന്നതടക്കമുള്ള നടപടികൾ ആലോചിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണിപ്പോൾ. എൻആർഐക്കാർ, വിദേശ ടൂറിസ്റ്റുകൾ, ഫോറിൻ മിഷനുകൾ എന്നിവരിൽ നിന്നും ഇക്കാര്യത്തിലുള്ള ഉത്കണ്ഠ പരിഗണിച്ച് സർക്കാർ ഇപ്പോൾ ഇന്റർ-മിനിസ്റ്റീരിയർ കമ്മിറ്റിക്ക് രൂപം നൽകിയെന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ കോൺസുലാർ ഫീസ്, വിസ ഫീസ് എന്നിവ സുഗമമായ ശേഖരിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ഫോറിൻ മിഷനുകൾ തേടിയതിനെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കറൻസികൾ നിരോധിച്ചതിനെ തുടർന്ന് തങ്ങൾ നേരിടുന്ന വിഷമതകൾ എൻആർഐക്കാർ, മണി എക്സേഞ്ച് അസോസിയേഷനുകൾ, വിദേശടൂറിസ്റ്റുകൾ തുടങ്ങിവർ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേർസ് ഒരു ഇന്റർ-മിനിസ്റ്റീരിയർ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അഡീഷണൽ സെക്രട്ടറി ഇതിന്റെ തലവനായിരിക്കുമെന്നും മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസിലെ മുതിർന്ന ജോയിന്റ് സെക്രട്ടറി അതിൽ അംഗമായിരിക്കുമെന്നും തങ്ങൾ അവരുടെ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്നുമാണ് എംഇഎ വക്താവ് വികാസ് സ്വരൂപ് വിശദീകരിക്കുന്നത്.

പഴയ നോട്ടുകളിൽ തങ്ങൾക്ക് വിസ, കോൺസുലാർ ഫീസുകൾ ശേഖരിക്കാൻ സാധിക്കുമോയെന്നും അഥവാ അവ അങ്ങനെ ശേഖരിച്ചാൽ അവ എങ്ങനെ എക്സേഞ്ച് ചെയ്യുമെന്നും ചില ഫോറിൻ മിഷനുകൾ ചോദിച്ചിട്ടുണ്ടെന്നും സ്വരൂപ് വെളിപ്പെടുത്തുന്നു. ഇതിന് പുറമെ വിദേശ ഇന്ത്യക്കാർക്ക് തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകളെ കുറിച്ച് ഉത്കണ്ഠകളേറെയുണ്ടെന്നും അത് ദൂരീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും സ്വരൂപ് പറയുന്നു. തങ്ങൾ പെട്ടെന്ന് ഇന്ത്യയിലേക്ക് വരുന്നില്ലെങ്കിൽ ഈ നോട്ടുകൾ മാറ്റാൻ സാധിക്കില്ലേ..? അങ്ങനെയാണെങ്കിൽ എന്ത് സംഭവിക്കും..? തുടങ്ങിയ നിരവധി ഉത്കണ്ഠകൾ അവരെ അലട്ടുന്നുണ്ടെന്നും സ്വരൂപ് പറയുന്നു.

വിദേശത്ത് നിന്നുമുള്ള മണിചേയ്ഞ്ചർ അസോസിയേഷനുകൾക്കും ഇത് സംബന്ധിച്ച പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. പഴയ പണം എങ്ങനെ കൺവെർട്ട് ചെയ്യുമെന്ന് അവരും ചോദിക്കുന്നുണ്ടെന്ന് സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. വിദേശ സന്ദർശകരും ടൂറിസ്റ്റുകളും പ്രത്യേകിച്ച് മെഡിക്കൽ ടൂറിസത്തിനായി എത്തുന്നവർക്കും ഇക്കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്ന് മന്ത്രാലയം എടുത്ത് പറയുന്നു. ഇവയെല്ലാം പരിഹരിക്കാൻ സത്വര നടപടികൾ കൈക്കൊണ്ട് വരുന്നുവെന്നും സർക്കാർ അറിയിക്കുന്നു.