ന്യൂഡൽഹി: അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചു എന്നു കാണിച്ച് ആപ് നേതാവും ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ കെജ്‌രിവാളിനെതിരെ ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി കിരൺ ബേദിയുടെ വക്കീൽ നോട്ടീസ്. ആം ആദ്മി പാർട്ടിയുടെ തെരെഞ്ഞെടുപ്പ് പോസ്റ്ററിലാണ് കിരൺ ബേദിയുടെയും ഫോട്ടോ ഉള്ളത്. കെജ്‌രിവാളും കിരൺബേദിയും പോസ്റ്ററിലുണ്ട്. അനുവാദമില്ലാതെയാണ് തന്റെ ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചതെന്ന് കാണിച്ചാണ് കിരൺ ബേദി നോട്ടീസ് അയച്ചിരിക്കുന്നത്.

അനുവാദമില്ലാതെ ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചതിന് കിരൺ ബേദി കെജ്‌രിവാളിന് നോട്ടീസ് അയച്ചതായി ബിജെപിയുടെ മീഡിയ കൺവീനർ പ്രവീൺ ശങ്കർ കപൂർ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്ററുകൾ ഉടനടി നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.

കെജ്‌രിവാളും കിരൺ ബേദിയും ഒന്നിച്ച് പ്രത്യക്ഷപെടുന്ന പോസ്റ്ററിൽ കെജ്‌രിവാളിന്റെ ചിത്രത്തിന് താഴെ ഈമാൻദാരി (സത്യസന്ധൻ) എന്നും ബേദിയുടെ ചിത്രത്തിന് താഴെ അവസർവാദി (അവസരവാദി) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഇവരിൽ ആരെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കുമെന്നാണ് പോസ്റ്ററിലെ ചോദ്യം. ഡൽഹിയിൽ പല സ്ഥലത്തും ഈ പോസ്റ്ററുകൾ പതിച്ചുകഴിഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് ബിജെപി നേതാവായ ജഗ്ദീഷ് മുഖിയും ഇത്തരത്തിൽ കെജ്‌രിവാൾ അനുവാദമില്ലാത്ത പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചു എന്നു കാണിച്ച് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇപ്പോൾ വിവാദമായ പോസ്റ്ററിന് തുല്യമായിരുന്നു അന്ന് ജഗ്ദീഷ് നോട്ടീസ് അയച്ച പോസ്റ്ററിലെയും ഉള്ളടക്കം.