ന്യൂഡൽഹി: എയ്ഡഡ് പ്രീ പ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപകർക്കും ആയമാർക്കും വേതനം നൽകേണ്ടതു സംസ്ഥാന സർക്കാരിന്റെ ബാധ്യതയല്ലെന്ന ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെടൽ. വിധിയെ ചോദ്യം ചെയ്തുള്ള കേസിൽ സർക്കാരിനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, അഭയ് മനോഹർ സാപ്രെ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. പ്രീ പ്രൈമറിയിൽ സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപക-രക്ഷാകർതൃ സമിതിയും എയ്ഡഡ് സ്‌കൂളുകളിൽ മാനേജ്‌മെന്റുകളുമാണ് അദ്ധ്യാപകരെയും ആയമാരെയും നിയമിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ വേതനം നൽകാൻ സർക്കാരിനോടു നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എയ്ഡഡ് സ്‌കൂളുകളിൽ ഇത് അനുവദിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ എയ്ഡഡ് സ്‌കൂളുകളിൽ പ്രവർത്തിക്കുന്നവർ കോടതിയെ സമീപിച്ചപ്പോൾ, അവർക്കും വേതനത്തിന് അർഹതയുണ്ടെങ്കിലും അതു സർക്കാരിന്റെ ബാധ്യതയല്ലെന്നാണു ഹൈക്കോടതി വ്യക്തമാക്കിയത്. ഇതോടെ ഇവർക്ക് ശമ്പളം കിട്ടാത്ത അവസ്ഥയായി. തുടർന്നു ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു നടപ്പാക്കിയ ചട്ടങ്ങളിൽ പ്രീ പ്രൈമറി സംവിധാനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വേതനം സർക്കാരിന്റെ ബാധ്യതയാണെന്നും ഹർജിക്കാർക്കുവേണ്ടി നിഷേ രാജൻ ശങ്കറും അനു കെ.ജോയിയും വാദിച്ചു.