തൃശ്ശൂർ: കുടുംബത്തെ പോറ്റാൻ വേണ്ടി സെക്യൂരിറ്റി ജോലി ചെയ്ത ചന്ദ്രബോസ് എന്ന യുവാവിനെ നിഷ്‌ക്കരുണം ആഡംബര വാഹനം ഇടിപ്പിച്ചും പണത്തിന്റെ ഹുങ്കിൽ മർദ്ദിച്ചും കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിഷാം എന്ന വെറുക്കപ്പെട്ടവനെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവർ നിരവധിയാണ്. ഇവരുടെയെല്ലാം ലക്ഷ്യം പണം തന്നെയായിരുന്നു. കണ്ണൂർ ജയിലിൽ കഴിയുമ്പോഴും സുഖജീവിതം നയിക്കുന്ന നിഷാമിനെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നിരുന്നു. എന്തായാലും പണത്തിന്റെ മാത്രം കരുത്തിൽ മുഹമ്മദ് നിഷാമിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പോലും ആരാധകർ ഉണ്ടെന്നതാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.

നിഷാമിന്റെ നാടായ തൃശ്ശൂരിലെ മുറ്റിച്ചൂറിൽ അദ്ദേഹത്തിന് ജയിൽ മോചനത്തിന് അവസരം ഒരുക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ആരാധകർ യോഗം വിളിച്ചിരിക്കയാണ്. ഇതിന് വേണ്ടി പ്രത്യേകം നോട്ടീസ് തന്നെ അടിച്ചിറക്കിയാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പ്രചരിപ്പിക്കുന്നത്. മുറ്റിച്ചൂരുകാരുടെ കൺകണ്ട ദൈവമാണ് നിഷാമെന്ന വിധത്തിലാണ് നോട്ടീസ് അവതരിപ്പിച്ചിരിക്കുന്നത്.

ജൂൺ ഒന്നാം തീയ്യതി ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് മുറ്റിച്ചൂർ സെന്റർ മൻഹൽ പലസിലാണ് ആരാധകർ യോഗം വിളിച്ചിരിക്കുന്നത്. ഇക്കാര്യം നോട്ടീസിൽ വ്യക്തമാക്കുകയും ചെയ്യുന്നു. നോട്ടീസിൽ പറയുന്ന കാര്യങ്ങളും വിചിത്രമാണ്. നോട്ടീസ് തുടങ്ങുന്നത് ഇങ്ങനെയാണ്:

നമ്മുടെ നാട്ടുകാരനും പൊതാകാര്യ ധനസഹായിയും കാണുണഅയ ധർമ്മ സ്‌നേഹിയും കായിക സംരംഭ പ്രവർത്തകനുമായ മുഹമ്മദ് നിഷാമിന്റെ ജയിൽമോചന വിഷയം ചർച്ച ചെയ്യാൻ ജൂൺ 1 വ്യാഴാഴ്‌ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് എല്ലാ നാട്ടുകാരെയും മുറ്റിച്ചൂർ സെന്റർ മൻഹൽ പാലസിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. അർദ്ധരാത്രി ദ്വീർഘയാത്ര കഴിഞ്ഞ് വരുന്ന സമയത്ത് തീർത്തും യാദൃശ്ചികമായി പ്രകോപനങ്ങളിൽ ഉരിത്തിരിഞ്ഞ നിർഭാഗ്യകരമായ സംഭവം. അതിനാൽ ഒരു സഹോദരന്റെ വിയോഗത്തിന് ഇടയായതിൽ ആ കുടുംബത്തോടൊപ്പം ദുഃഖത്തിൽ നമ്മളും പങ്കുചേരുന്നു.

അദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലായി പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് കുടുംബങ്ങൽ ജോലി ചെയ്തുവരുന്നു. അവരുടെ ഭാവി തുലാസിലാടുന്ു. നാടിന്റെ വിവിധ വിഷയങ്ങളിൽ നിർലോഭം സഹായം നൽകിയിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറെ വേദനിപ്പിക്കുന്നു. പത്ര-ദൃശ്യ മാധ്യമങ്ങൾ കാണാമറയത്തെ കാര്യങ്ങൾ പെരുപ്പിച്ച് കൊടുംഭീകര കുറ്റവാളിയാക്കാൻ മത്സരിക്കുന്നു. പല സത്യങ്ങളും അറിയാവുന്ന നാട്ടുകാരായ നമ്മൾ ഇഥുവരെ പ്രതികരിച്ചിട്ടില്ല എന്ന സത്യം ഇവിടെ നിഴലിച്ചു നിൽക്കുന്നു. ആയതിനാൽ ഈ സൗഹൃദ കൂട്ടായമ്മയിൽ ജാതിമത കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പങ്കുകൊള്ളണമെന്ന് അഭ്യാർഥിക്കുന്നു.

നാട്ടുകാരുടെ പേരിൽ തയ്യാറാക്കിയ നോട്ടീസിന് പിന്നിൽ ആരാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സോഷ്യൽ മീഡിയയിൽ അടക്കം ഈ നോട്ടീസ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാർക്ക് വാരിക്കോരി നൽകുന്ന കോടീശ്വരന് വേണ്ടി ചിലർ അരയും തലയും മുറുക്കി രംഗത്തെത്തിയതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യമുണ്ടാകാം എന്നാണ് ആരോപണം. നേരത്തെ ശിക്ഷാ ഇളവിന് ശുപാർശ ചെയ്തവരുടെ പട്ടികയിൽ നിഷാമും ഇടംപിടിച്ചു എന്ന് രേഖകളിൽ നിന്നും വ്യക്തമായിരുന്നു. കണ്ണൂർ ജയിലിൽ കഴിയുന്ന നിഷാം ജയിലിൽ നിന്നും ഫോൺ വിളിച്ച സംഭവവും പുറത്തുവന്നിരുന്നു.