- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സീറ്റിൽ ഒരാൾ മാത്രം; നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല; വാഹനത്തിൽ എസിയും തുണികൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല; വിദ്യാർത്ഥികളുടെ യാത്രയ്ക്ക് മാർഗരേഖയുമായി ഗതാഗത വകുപ്പ്; പകർപ്പ് എല്ലാ സ്കൂളുകൾക്കും നൽകും
തിരുവനന്തപുരം: സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്ര വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്താൻ വിശദമായ മാർഗരേഖ തയാറാക്കി ഗതാഗത വകുപ്പ്. മാർഗരേഖയുടെ പകർപ്പ് എല്ലാ സ്കൂളുകൾക്കും നൽകും. സ്കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബോണ്ട് സർവീസ് നടത്തും.
ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. പനിയോ ചുമയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്കും യാത്ര അനുവദിക്കില്ല. സ്കൂൾ വാഹനങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും കരുതണം. ഹാൻഡ് സാനിറ്റൈസർ എല്ലാ വിദ്യാർത്ഥികളും കൊണ്ടുവരണം.
എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. വാഹനത്തിൽ എസിയും തുണികൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ സ്കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകേണ്ടതാണെന്നും നിർദേശിച്ചിട്ടിട്ടുണ്ട്.
ഒക്ടോബർ 20നു മുൻപ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന, ഫിറ്റ്നസ് പരിശോധന എന്നിവ പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടർ വാഹന വകുപ്പ് തയാറാക്കിയ 'സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ' തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.ലീന മന്ത്രിയിൽനിന്നും ഏറ്റുവാങ്ങി. എല്ലാ സ്കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു.
ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ടു ഡോസ് വാക്സീൻ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. സ്കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളും മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട സ്കൂൾ അധികൃതർ ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ