മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണനെതിരേ കൊലവിളിയുമായി പ്രമുഖ മതപ്രഭാഷകൻ നൗഷാദ് ബാഖവി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും താരതമ്യം ചെയ്ത കോടിയേരിയുടെ നടപടിയാണ് ബാഖവിയെ പ്രകോപിപ്പിച്ചത്. അതേസമയം ബാഖവിയ്‌ക്കെതിരെ മുസ്ലിംലീഗ് തന്നെ രംഗത്തുവന്നിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമാണു കോടിയേരിയുടെ പ്രസംഗം ഉണ്ടായത്. മലപ്പുറത്തെ യുവാക്കൾക്കു ചങ്കുറപ്പു നഷ്ടപ്പെട്ടു തുടങ്ങിയതുകൊണ്ടാണ് മലപ്പുറത്തെ മണ്ണിൽവന്ന് ഓരാൾ ഇത്തരം ചങ്കൂറ്റം കാണിച്ചതെന്ന് ബാഖവി കുറ്റപ്പെടുത്തുന്നു. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്താണെങ്കിൽ തങ്ങളോട് അനുവാദം പോലും ചോദിക്കാതെ സ്വന്തം വാപ്പയാണെങ്കിൽപ്പോലും തല മലബാറിന്റെ മണ്ണിൽക്കിടന്ന് ഉരുണ്ടേനേയെന്ന് ബാഖവി കൊലവിളി മുഴക്കുന്നു.

''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒരുവാക്ക് കൊണ്ടുപോലും ആ മഹാനുഭാവനോട് യോജിക്കാത്ത ഒരു വ്യക്തിയുമായി താരതമ്യം ചെയ്യാൻ മലപ്പുറത്തിന്റെ മണ്ണിൽ വന്ന് ഒരു രാഷ്ട്രീയക്കാരൻ ചങ്കൂറ്റം കാണിച്ചത്, മലപ്പുറത്തെ യുവാക്കൾക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം ആ പ്രഭാഷകന്റെ മനസിലുള്ളതുകൊണ്ടുതന്നെയാണ്. ഒരു സംശയവും എനിക്ക് അക്കാര്യത്തിൽ ഇല്ല.

കുറച്ച് കാലങ്ങൾക്ക് മുൻപ് ഇത് പറഞ്ഞാൽ, പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാൽ, തങ്ങളുടെ അനുവാദം പോലും ചോദിക്കാൻനിൽക്കൂല്ല. അബു ഉബൈദത്ത് ബിൻ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണിൽ കിടന്ന് ഉരുണ്ടുപോകുമായിരുന്നു. ഇപ്പോഴത്തെ മക്കൾക്കും തങ്ങൾമാരോട് മതിപ്പ് കുറഞ്ഞു തുടങ്ങിയെന്നതിന്റെ തെളിവാണിത്''- ബാഖവി പറയുന്നു.

അതേസമയം, മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ബാഖവി നടത്തിയ പ്രസ്താവന തങ്ങൾക്കു തിരിച്ചടിയാകുമെന്ന് ലീഗ് നേതൃത്വത്തിനു ബോധ്യമായിട്ടുണ്ട്. അതിനാൽതന്നെ ബാഖവിക്കെതിരേ ലീഗ് നേതൃത്വത്തിലും അണികൾക്കിടിയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ ബിജെപി ഉപയോഗിക്കുന്നതും മുസ്ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞത്. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബിജെപി ഉത്തർപ്രദേശിൽ വർഗീയത വളർത്തുകയാണ്. നിരവധി പള്ളികളിൽ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്ലിം ലീഗ് വളർത്തുന്ന രാഷ്ട്രീയവും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. മീഡിയവൺ ചാനലിനോടായിരുന്നു കോടിയേരിയുടെ ഈ പരാമർശങ്ങൾ. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു ഇത്.