ലണ്ടൻ: വിംബിൾഡൺ കിരീടം നൊവാക് ജോക്കോവിച്ചിന്. വിംബിൾഡൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന നേട്ടം സ്വന്തമാക്കിയ മത്തിയോ ബെരാറ്റിനിയെയാണ് ജോക്കോവിച്ച് തകർത്തത്. ലോക ഒന്നാം നമ്പറായ ജോക്കോവിച്ചിന്റെ ആറാം വിംബിൾഡൺ കിരീടമാണ് ഇത്. ഇതോടെ 20 ഗ്രാന്റ്സ്ലാമുകളും ജോക്കോവിച്ചിന് സ്വന്തമായി. നാലു സെറ്റ് നീണ്ട മത്സരത്തിലാണ് വിജയം. സ്‌കോർ 6-7, 6-4, 6-4, 6-3.

ഈ ജയത്തോടെ ഗ്രാന്റ് സ്ലാം നേട്ടത്തിൽ ജോക്കോവിച്ച് റാഫാൽ നഡാലിനും റോജർ ഫെഡറർക്കും ഒപ്പമെത്തി. ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്കാണ്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സമീറിന്റെ കിരീട നേട്ടം. സ്‌കോർ: 7-5, 6-3.

കഴിഞ്ഞ ആറു വർഷത്തിനിടെ ജൂനിയർ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ അമേരിക്കൻ താരമാണ് സമീർ. 2015-ൽ കിരീടം നേടിയ റെയ്ല്ലി ഒപെൽക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കൻ താരം. ഈ കിരീടം നേടുന്ന 12-ാമത്തെ അമേരിക്കൻ താരമാണ് ന്യൂ ജേഴ്സി സ്വദേശിയായ സമീർ.