മെൽബൺ: കോവിഡ് വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ച സംഭവത്തിൽ പുതിയ ട്വിസ്റ്റ്. ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ സാധുവായ വിസയും ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകരിൽ നിന്നുള്ള മെഡിക്കൽ ഇളവും ഉണ്ടായിരുന്നതിന്റെ തെളിവുകൾ താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

ഡിസംബറിൽ തനിക്ക് കോവിഡ് ബാധിച്ചതിന്റെ തെളിവുകൾ ഹാജരാക്കി ജോക്കോവിച്ച് മെഡിക്കൽ ഇളവ് നേടിയിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയത്. ഡിസംബർ 16-നാണ് തനിക്ക് കോവിഡ് ബാധിച്ചതെന്നാണ് രേഖയിലുള്ളത്. റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ രേഖകൾ ഹാജരാക്കിക്കൊണ്ട് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നിന്ന് അവരുടെ നിർബന്ധിത വാക്സിൻ നിയമത്തിൽ ഇളവ് നേടിയതായി കോടതിയിൽ സമർപ്പിച്ച രേഖകൾ പറയുന്നു.

ജനുവരി ആറിനാണ് ഓസ്ട്രേലിയൻ ഓപ്പണിനായി മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ അധികൃതർ തടഞ്ഞത്. വാക്‌സിനേഷൻ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാൻ സാധിക്കാതിരുന്നതോടെ താരത്തിന്റെ വിസ അസാധുവാക്കുകയും ചെയ്തിരുന്നു.

വിമാനം ഇറങ്ങിയ ജോക്കോയോട് വാക്സിൻ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വാക്സിൻ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങൾ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാൻ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. തുടർന്ന് താരത്തെ കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ കോടതിയെ സമീപിച്ച താരത്തിന്റെ അടിയന്തര അപ്പീലിന് ശേഷം അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാൻ പാടില്ലെന്ന് ജഡ്ജി ഉത്തരവിടുകയായിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദകേടെന്നായിരുന്നു സെർബിയ പ്രതികരിച്ചത്. എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ മറുപടി നൽകി.

ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപ്പൺ. ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നാണ് ചട്ടം. വാക്സീൻ എടുക്കാൻ പറ്റാത്ത ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർക്ക് ഇളവ് നൽകും. ഈ ഇളവ് തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ടായിരുന്നു വാക്സീൻ വിരുദ്ധനായ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയിലെ മെൽബണിലെത്തിയത്.

വിമാനത്താവളത്തിൽ എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ ഓസ്‌ട്രേലിയയിൽ ആർക്കും ഇളവ് നൽകാനാകില്ലെന്നും വ്യക്തമാക്കി. 15 മണിക്കൂറിലധികം തടഞ്ഞുവെച്ചു. തുടർന്ന് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരു്ന്നു.

ഓസ്‌ട്രേലിയയും സെർബിയയും തമ്മിലുള്ള നയതന്ത്ര വിഷയമായി സംഭവം മാറി. ജോക്കോവിച്ചിനെപ്പോലൊരു താരത്തോട് വളരെ മോശമായാണ് ഓസ്‌ട്രേലിയ പെരുമാറിയതെന്ന് സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക് കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ അംബാസിഡറെ സെർബിയൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ചിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

നിയമം കർശനമായി പാലിക്കുമെന്നും എത്ര വലിയ താരമാണെങ്കിലും ഇളവ് നൽകാനാകില്ലെന്നുമായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രതികരണം. വാക്‌സീൻ എടുക്കാത്ത ജോക്കോവിച്ച് ടൂർണമെന്റിന് വരുന്നതിൽ വലിയ പ്രതിഷേധം ഓസ്‌ട്രേലിയൻ പൗരന്മാരും ഉയർത്തിയിരുന്നു.

അതേ സമയം നൊവാക് ജോക്കോവിച്ചിന് പിന്നാലെ ചെക് റിപ്പബ്ലിക് വനിതാ താരത്തിന്റെയും വിസയും ഓസ്‌ട്രേലിയ റദ്ദാക്കി. ഓസ്‌ട്രേലിയൻ ഓപ്പണിനായി എത്തിയ റെനാറ്റ വൊറാക്കോവയുടെ വീസ ആണ് റദ്ദാക്കിയത്. കോവിഡ് വാക്സീൻ എടുക്കാത്ത റെനാറ്റയും പ്രത്യേക ഇളവിനായി അപേക്ഷിച്ചിരുന്നു. ജോക്കോവിച്ചിനെ താമസിപ്പിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് റെനാറ്റ ഇപ്പോൾ. എന്നാൽ ഇവർ അപ്പീൽ നൽകുമോയെന്ന് വ്യക്തമല്ല.

വിവാദങ്ങൾക്കിടെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നൊവാക് ജോക്കോവിച്ച് രംഗത്തെത്തി. ലോകമെങ്ങും നിന്നും ലഭിക്കുന്ന പിന്തുണ വലിയ കാര്യമെന്ന് സെർബിയൻ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വാക്സീൻ എടുക്കാത്തത് കാരണം വീസ റദ്ദാക്കിയതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ ഹോട്ടലിൽ തങ്ങുകയാണ് ജോക്കോവിച്ച്. ജോക്കോവിച്ചിനെ നാട്ടിലേക്ക് മടക്കി അയക്കണോയെന്ന കാര്യത്തിൽ ഓസ്‌ട്രേലിയൻ കോടതി തിങ്കളാഴ്ച ഉത്തരവ് പറഞ്ഞേക്കും.