ടോക്യോ: ഗോൾഡൻ സ്ലാം ലക്ഷ്യമിട്ട് ടോക്യോ ഒളിമ്പിക്സിനെത്തി ഒരു മെഡൽ പോലുമില്ലാതെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച് മടങ്ങുന്നു. പുരുഷ സിംഗിൾസിൽ കഴിഞ്ഞ ദിവസം സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ വെങ്കലത്തിനായുള്ള മത്സരത്തിലും സെർബിയൻ താരം തോൽവിയറിഞ്ഞു. സ്പാനിഷ് താരം പാബ്ലോ കരേനൊ ബുസ്റ്റയാണ് സെർബിയൻ താരത്തെ അട്ടിമറിച്ചത്.

വെങ്കല മെഡലിനായുള്ള മത്സരത്തിൽ ലോക റാങ്കിങ്ങിൽ 65-ാം സ്ഥാനത്തുള്ള സ്പാനിഷ് താരം ബുസ്റ്റയോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് തോൽവിയറിഞ്ഞത്.

ആദ്യ സെറ്റ് 6-4ന് സ്പാനിഷ് താരം സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് ടൈ ബ്രേക്കറിന് ഒടുവിൽ ജോക്കോ നേടി. എന്നാൽ മൂന്നാം സെറ്റിൽ പാബ്ലോ ബുസ്റ്റയോട് പിടിച്ചുനിൽക്കാൻ ജോക്കോയ്ക്ക് കഴിഞ്ഞില്ല. 6-3ന് സെറ്റും വെങ്കല മെഡലും സ്പാനിഷ് താരം സ്വന്തമാക്കി.

വെങ്കല മെഡലെങ്കിലും നേടി ആശ്വസിക്കാമെന്ന ചിന്തയിൽ പോരാട്ടത്തിനിറങ്ങിയപ്പോഴാകട്ടെ സ്‌പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റക്ക് മുമ്പിൽ അടിതെറ്റി. വെങ്കല മെഡൽ പോരാട്ടത്തിൽ ബുസ്റ്റയോടെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോറ്റ് വെറും കൈയോടെ മടങ്ങുന്നതിന്റെ അരിശം മുഴുവൻ ജോക്കോ തീർത്തത് സ്വന്തം റാക്കറ്റിനോടായിരുന്നു. 

ബുസ്റ്റക്കെതിരായ മത്സരത്തിലെ നിർണായക മൂന്നാം സെറ്റിൽ 3-0ന് പിന്നിലായിപ്പോയതിന് പിന്നാലെയാണ് ജോക്കോവിച്ച് കോർട്ടിൽവെച്ച് റാക്കറ്റ് തല്ലിയൊടിച്ചത്. അതിന് മുമ്പ് പോയന്റ് നഷ്ടമായപ്പോൾ നിരാശയോടെ ജോക്കോ റാക്കറ്റ് ഗ്യാലറിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

റിയൊ ഒളിംപിക്സിലും മൂന്നാം സ്ഥാനക്കാരായ മത്സരത്തിലാണ് ജോക്കോവിച്ച് പുറത്തായിരുന്നത്. അന്ന് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രൊയാണ് ജോക്കോവിച്ചിനെ തോൽപ്പിച്ചത്. ഇത്തവണ സ്പാനിഷ് താരത്തിന്റെ മുന്നിലും തോൽവി സമ്മതിച്ചു.

 ഒളിംപിക്‌സിൽ സ്വർണവും നേടി ടെന്നീസ് ചരിത്രത്തിൽ ഗോൾഡൻ സ്ലാം തികക്കുന്ന ആദ്യ പുരുഷതാരമാവാനാണ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് ടോക്യോ ഒളിംപിക്‌സിലെ ടെന്നീസ് കോർട്ടിലിറങ്ങിയത്. എന്നാൽ സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനോട് തോറ്റ് പുറത്തായതോടെ പൊലിഞ്ഞത് ജോക്കോയുടെ ഗോൾഡൻ സ്ലാം സ്വപ്‌നമാണ്.

നേരത്തെ സെമി ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോടാണ് ജോക്കോവിച്ച് തോറ്റത്. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങിൽ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ജോക്കോയ്ക്ക് രണ്ടും മൂന്നും സെറ്റിൽ അടിതെറ്റി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നും ജർമൻ താരം സ്വന്തമാക്കി. 

കഴിഞ്ഞ മാസം നടന്ന വിംബിൾഡണിൽ കിരീടം നേടിയ ജോക്കോ ഈ വർഷം നടന്ന മൂന്ന് ഗ്രാൻസ്ലാമുകളിലും ജേതാവായി 20 ഗ്രാൻസ്ലാം കിരീടങ്ങളെന്ന ഫെഡററുടെയും നദാലിന്റെയും നേട്ടത്തിന് ഒപ്പമെത്തിയിരുന്നു. ഈ വർഷം അവസാനം നടക്കുന്ന യുഎസ് ഓപ്പണിലും ജോക്കോ തന്നെയാണ് കിരീടപ്പോരാട്ടത്തിൽ ഫേവറൈറ്റ്.

ഒളിംപിക്‌സ് സ്വർണവും നാല് ഗ്രാൻസ്ലാമുകളും നേടുന്നതിനെയാണ് ടെന്നീസിലെ ഗോൾഡൻ സ്ലാം എന്ന് പറയുന്നത്. ടെന്നീസ് ചരിത്രത്തിൽ പുരുഷ താരങ്ങളാരും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. വനിതകളിൽ 1988ൽ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഗോൾഡൻ സ്ലാം നേടിയ ഒരേയൊരു താരം.