മെൽബൺ: വാക്‌സീൻ നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിയമക്കുരുക്കിൽ അകപ്പെട്ട സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് നിയമപോരാട്ടത്തിൽ ജയം. വാക്‌സീൻ നിബന്ധനകൾ പാലിക്കാത്തതിന് താരത്തിന്റെ വീസ റദ്ദാക്കിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടി ഫെഡറൽ സർക്യൂട്ട് കോടതി മരവിപ്പിച്ചു. ഇതോടെ ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ തുടരാനും 21-ാം ഗ്രാൻസ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനായി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനുമാകും.

എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്നും ഫെഡറൽ സർക്യൂട്ട് കോടതി ജഡ്ജി ആന്തണി കെല്ലി ഉത്തരവിട്ടു.. ഉത്തരവ് പുറത്തിറങ്ങി 30 മിനിറ്റിനകം ജോക്കോവിച്ചിനെ വിട്ടയയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ഓസ്‌ട്രേലിയൻ അധികൃതർ താരത്തെ വിട്ടയച്ചു.

ഡിസംബറിൽ കോവിഡ് വന്നതിനാലാണ് വാക്സിൻ സ്വീകരിക്കാതിരുന്നതെന്നും വാക്സിൻ ഇളവ് ലഭിച്ചതിനാലാണ് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്നും ജോക്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ജനുവരി 17-ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാണ് ആറിന് മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിൽ ജോക്കോ എത്തിയത്. എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദാക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ താരം കോടതിയെ സമീപിക്കുകയായിരുന്നു.

ജോക്കോവിച്ചിന്റെ അപ്പീൽ നിരസിക്കപ്പെട്ടാൽ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നതിനു പുറമേ ഓസ്‌ട്രേലിയയിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്കും ഏർപ്പെടുത്താൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ നിയമപോരാട്ടത്തിൽ വിജയിച്ചതോടെ ലോക ഒന്നാം നമ്പർ താരം കൂടിയായ ജോക്കോവിച്ചിന് ഈ മാസം 17നു തുടങ്ങുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ മാറ്റുരയ്ക്കാനുള്ള വഴി തെളിഞ്ഞു.

21ാം ഗ്രാൻസ്ലാം കിരീടവുമായി ചരിത്രമെഴുതാൻ ഓസീസ് മണ്ണിൽ കാലുകുത്തിയ ജോക്കോവിച്ചിനെ തികച്ചും അപ്രതീക്ഷിതമായാണ് വ്യാഴാഴ്ച വൈകി വിമാനത്താവളത്തിൽവച്ച് ഓസ്‌ട്രേലിയൻ അധികൃതർ തടഞ്ഞത്. കോവിഡ് വാക്‌സീൻ സ്വീകരിക്കാത്തവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഓസ്‌ട്രേലിയൻ അധികൃതർ തീരുമാനിച്ചതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്.

വിമാനത്താവളത്തിൽവച്ച് ജോക്കോയെ തടഞ്ഞ അധികൃതർ, താരത്തെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തേക്കുള്ള യാത്രയ്ക്ക് വേണ്ട ചില രേഖകൾ ജോക്കോയുടെ പക്കലില്ലെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. ചില ഇളവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു താരം മെൽബണിലേക്ക് യാത്ര തിരിച്ചത്. വാക്‌സീൻ ഡോസുകൾ മുഴുവൻ എടുത്തിട്ടില്ലെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ ഓപ്പൺ അധികൃതർ ഇളവ് നൽകിയെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ച ശേഷമാണു ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയൻ യാത്ര.

എന്നാൽ ജോക്കോവിച്ചിന്റെ വീസയിൽ ഇളവുകളൊന്നും നൽകാനാവില്ലെന്ന് ഓസ്‌ട്രേലിയൻ അധികൃതർ നിലപാടെടുത്തു. എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാണെന്നും കോവിഡിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ട്വീറ്റും ചെയ്തു.

ഇതിനു പിന്നാലെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ താരം കോടതിയെ സമീപിച്ചു. ഇതോടെ താരത്തെ നാട്ടിലേക്കു തിരിച്ചയക്കുന്ന നടപടികൾ വൈകിപ്പിക്കാമെന്ന് അറിയിച്ചതായി ജോക്കോവിച്ചിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വീസ റദ്ദാക്കി താരത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ നിലപാടെടുത്തിരുന്നു. അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്കു മുൻപു താരത്തെ തിരിച്ചയയ്ക്കരുതെന്ന് ജഡ്ജി ഉത്തരവിട്ടിരുന്നു.