- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്; തുടർച്ചയായ നാലാം കിരീടം; ഫെഡററെ മറികടന്നു; പീറ്റ് സാംപ്രസിനൊപ്പം; കരിയറിലെ 21ാം ഗ്രാൻസ്ലാം കിരീടം; ഫൈനലിൽ കിർഗ്യോസിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്
ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഓസ്ട്രേലിയൻ താരം നിക്ക് കിർഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിർത്തിയത്. സ്‌കോർ 4-6, 6-3, 6-4, 7-6. സെർബിയൻ താരത്തിന്റെ 21-ാം ഗ്രാൻസ്ലാം കിരീടമാണിത്. ഇതോടെ ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ റോജർ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 കിരീടങ്ങൾ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേൽ നദാലാണ് മുന്നിൽ.
വിംബിൾഡണിൽ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. വിമ്പിൾഡനിൽ തുടർച്ചയായ നാലാം കിരീടവും. വിമ്പിൾഡൻ കിരീട്ടനേട്ടത്തിൽ പീറ്റ് സാംപ്രസിനൊപ്പമായി ജോക്കോ. ഗ്രാൻസ്‌ലാം കിരീടങ്ങളിൽ റോജർ ഫെഡറെ മറികടക്കുകയും ചെയ്തു. ഫെഡററും ഏഴ് തവണ വിംബിൾൺ നേടിയിട്ടുണ്ട്. ഒമ്പത് ഓസ്ട്രേലിയൻ ഓപ്പണും ജോക്കോവിച്ച് നേടി. യു എസ് ഓപ്പണിൽ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണിൽ രണ്ട് തവണയും കിരീടം സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കത്തിൽ കിർഗിയോസാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്‌കോർ 2-2 ൽ നിൽക്കുമ്പോഴാണ് ജോക്കോവിച്ചിന് പിഴക്കുന്നത്. ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്ത് കിർഗിയോസ് മുന്നേറി. പിന്നീട് സർവുകളിൽ പിഴവു വരുത്താതെ കളിച്ച കിർഗിയോസ് ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി.
എന്നാൽ ജോക്കോവിച്ച് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. രണ്ടാം സെറ്റ് ഉജ്വലമായി റാക്കേറ്റേന്തിയ താരം കിർഗിയോസിനെ നിഷ്പ്രഭമാക്കി. 6-3 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. സ്‌കോർ 5-3 ൽ നിൽക്കെ കളിയിൽ തിരിച്ചുവരാനുള്ള അവസരം കിർഗിയോസിന് ലഭിച്ചു. എന്നാൽ ബ്രേക്ക് പോയന്റുകളൊന്നും അനുകൂലമാക്കാൻ കഴിഞ്ഞില്ല. ബ്രേക്ക് പോയന്റുകൾ അതിജീവിച്ച് ജോക്കോവിച്ച് രണ്ടാം സെറ്റ് കരസ്ഥമാക്കി.
മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സെന്റർ കോർട്ട് സാക്ഷ്യം വഹിച്ചത്. കിർഗിയോസിന്റെ സർവുകൾക്ക് മുന്നിൽ പലപ്പോഴും ജോക്കോവിച്ച് പതറി. എന്നാൽ ജോക്കോവിച്ച് പരിചയസമ്പത്ത് ഉപയോഗിച്ച് റാക്കറ്റേന്തിയതോടെ കിർഗിയോസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. മൂന്നാം സെറ്റ് 6-4 ന് ജോക്കോവിച്ച് നേടി.
നാലാം സെറ്റിലും കടുത്ത പോരാട്ടം തന്നെ തുടർന്നു. ടൈബ്രേക്കറിലേക്കിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ജോക്കോവിച്ച് 7-3 ന് വിജയിച്ചാണ് മത്സരം സ്വന്തമാക്കിയത്. ഇതോടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമോഹവുമായി കളിക്കാനിറങ്ങിയ കിർഗിയോസ് നിരാശയോടെ മടങ്ങി. വിജയിച്ചിരുന്നെങ്കിൽ വിംബിൾഡൺ നേടുന്ന സീഡ് ചെയ്യപ്പെടാത്ത മൂന്നാമത്തെ താരമാവുമായിരുന്നു കിർഗിയോസ്.
പുരുഷ സിംഗിൾസിലെ ആദ്യ ഗ്രാൻസ്ലാം കിരീട ലക്ഷ്യമിട്ടാണ് നിക്ക് കിർഗിയോസ് കളത്തിലിറങ്ങിയത്. നേരത്തെ, ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും കിർഗിയോസിനായിരുന്നു ജയം.ഓസ്‌ട്രേലിയൻ ഓപ്പണിലെ വാക്‌സീൻ വിവാദത്തിന്റെ ജോക്കോയ്ക്കു പരസ്യമായി പിന്തുണയറിയിച്ച താരമാണ് നിക്ക് കിർഗിയോസ്. ജനുവരി മുതൽ ജോക്കോവിച്ചും കിർഗിയോസും അടുത്ത സുഹൃത്തുക്കളാണ്.
വനിതാ സിംഗിൾസ് ഫൈനലിൽ ടുണീഷ്യൻ താരം ഓൻസ് ജാബ്യുറിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ വീഴ്‌ത്തി കസാഖ്സ്ഥാന്റെ എലേന റെബക്കിന കിരീടം നേടിയിരുന്നു. സ്‌കോർ- 3-6, 6-2, 6-2. വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ കസാഖ് താരമാണ് എലേന. ലോക രണ്ടാം നമ്പർ താരമായ ജാബ്യുറിന് വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന നേട്ടമാണ് കൈയകലത്തിൽ നഷ്ടമായത്.
സ്പോർട്സ് ഡെസ്ക്