കഴിഞ്ഞ ആഴ്ച ചഞ്ചൽ വന്നിരുന്നു.

എന്റെ മോൾ.
അവൾ വർത്തമാന ലോകത്തിന്റെ സർവ്വ ബുദ്ധികൂർമ്മതകളെയും സമചിത്തതയോടെ നേരിടാൻ തക്ക പക്വതയുള്ള വ്യക്തിത്വമായി വളർന്നിരിക്കുന്നു.
ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു.
അവൾക്കറിയാം ഞാനിനി അധികകാലം ജീവനോടെ ഉണ്ടാകില്ല എന്ന്.
അവളുടെ പിതൃത്വം വെളിപ്പെടുത്തുന്ന കാര്യം ഞാനവളോട് പറഞ്ഞു.അവൾ എതിർത്തില്ല.
മാത്രമല്ല അതിനെ കുറിച്ച് അവൾക്കു തീരെ വിഷമമില്ല.
എങ്കിലും അവളുടെ ഒരു സൂചന എന്നിൽ നേരീയ വേദന ഉണ്ടാകി
'അമ്മേ..'
' പറയൂ മോളെ.'
' അമ്മ ഏൽപ്പിച്ച നിയോഗങ്ങൾ ഞാൻ പാലിക്കുന്നു. എന്റെ കൂട്ടുകാരും.'
' അമ്മക്കറിയാമല്ലോ.'
' അറിയാത്ത ഒന്നുണ്ട്.'
' എന്താ അത്?'
' വ്യക്തി എന്ന നിലക്ക് അമ്മ നേരിട്ട അനുഭവങ്ങൾക്ക് ഇടയാക്കിയരോടുള്ള പ്രതികാര നിർവ്വഹണത്തിലാണ് അമ്മ. പക്ഷെ അത് പൂർണ്ണമായും ശരിയല്ല എന്നൊരു ചിന്ത എനിക്കുണ്ട്.'
' എന്നുവച്ചാൽ?'
' ലോകം ഇന്ന് അമ്മ ബാല്യം ചെലവഴിച്ച നിലയിലല്ല. ഇന്റർനെറ്റും അനുബന്ധ മേഖലകളും വളർന്നു വികസിച്ച ഇക്കാലത്ത് ലോകം ഒരു നാരങ്ങയോളം മാത്രം വലിപ്പമുള്ള ഒന്നാണ്. റാവുത്തർ ഗ്രൂപ് ഓഫ് കമ്പനികളുടെ ഒമാൻ ബ്രാഞ്ച് വാരാന്ത്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പ്രശസ്ത നടൻ കാസിം അലിയാണ് ഉദ്ഘാടകൻ'
കാസിം അലി. ആ പേര് അടുത്തിടെ പ്രശസ്തമായി വരുന്ന ഒന്നായിരുന്നു.
അയാളെ ഞാൻ ആദ്യം കാണുന്നത് എന്റെ ആദ്യ ദുബായ് സന്ദർശന വേളയിലാണ്. ഏകദേശം ഒരു നാല് കൊല്ലങ്ങൾക്ക് മുമ്പ്.

റാവുത്തർ ഗ്രൂപ് ഓഫ് കമ്പനികളുടെ ദുബായ് വിഭാഗം ആസൂത്രണം ചെയ്ത സാംസ്‌കാരിക പരിപാടി സമയത്താണ് എന്റെ ഏജന്റ് എന്നെ ആ വിവരം അറിയിക്കുന്നത്. ചില അതിഥികളെ വിശേഷ വിധം സൽക്കരിക്കുന്നത്തിന്റെ ഭാഗമായി എനിക്ക് ദുബായിൽ ഒരാഴ്ചത്തെ താമസം.

അറിയപ്പെടുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര സൂട്ട് എനിക്കുവേണ്ടി ഒരുക്കിയിരുന്നു. നക്ഷപ്രഭയോടെ കോടികൾ ചെലവഴിച്ചു നടക്കുന്ന സാംസ്‌കാരിക മാമാങ്കത്തിന്റെ പിന്നാമ്പുറ സത്യങ്ങൾ ഞാൻ തൊട്ടറിയുകയായിരുന്നു അപ്പോൾ.

ആറു ദിവസത്തെ താമസം. എത്രപേരെ കണ്ടു. മൂന്നാം ദിവസമാണ് അയാൾ വന്നത്
ഇബ്രാഹിം മൊഹമ്മദ് റാവുത്തർ ഒരു കോഡ് അനുസരിച്ച് കാളിങ് ബെൽ അമർത്തുന്ന ആർക്കും വാതിൽ തുറന്നു കൊടുക്കണം എന്നായിരുന്നു നിബന്ധന.
അയാൾ അകത്തു വന്നു.
എന്നെ അയാൾ കൗതുകപൂർവ്വം നോക്കി.
' സ്വാഗതം റാവുത്തർ.'
' നീ ..അന്നെ ..'
' അതെ. അങ്ങേക്ക് ഞാൻ പുതിയതല്ല. അനില. ഗൗതം നരഹരിയുടെ മകൾ.'
' അങ്ങനെ ബരട്ടെ. അപ്പൊ നീ നേടി'
' അതെ. നേടിക്കൊണ്ടിരിക്കുന്നു.'
ഞാൻ ചിരിച്ചു. എന്റെ ചിരി അയാൾ ആഗ്രഹിക്കും വിധമാക്കാൻ ഞാൻ ശ്രദ്ധ വച്ചു.
' കുടിക്കാൻ എന്താ ഒള്ളത്?'
ഞാൻ വിലകൂടിയ മദ്യത്തിന്റെ പേരും അതിനുവേണ്ട കൂട്ടുകളും ഉണ്ടെന്നു പറഞ്ഞു.
അയാൾ പാനീയം നുകർന്നിരുന്നു.
റാവുത്തർക്ക് പ്രായം കൂടുതൽ ആയി എന്നല്ലാതെ വേറെ മാറ്റങ്ങൾ ഒന്നും ഇല്ല എന്ന് തോന്നി.ഒന്ന് രണ്ടു ഡ്രിങ്ക് കഴിഞ്ഞപ്പോൾ അയാൾ തിരക്കറിയിച്ചു.
ഓരോ മനുഷ്യന്റെയും സുരക്ഷിതത്വം അവനവന്റെ തന്നെ പ്രാഥമിക ഉത്തരവാദിത്വമാണ്.

അതിനവരെ ഓർമ്മപ്പെടുത്തെണ്ട ചുമതല ആ സുരക്ഷിതത്വം കവരുന്ന എനിക്കുണ്ടെന്ന് ഞാൻ വിശ്വസിച്ചു. അങ്ങനെ ചെയ്യുന്നതാണ് എന്റെ ചെയ്തികൾക്ക് മേൽ എനിക്കുള്ള നീതീകരണം.ഞാൻ ആരെയും ചതിക്കുകയോ കെണിവച്ചു പിടിക്കുകയോ ചെയ്തില്ല.

സ്വയം പ്രഭ പരത്തി അഗ്നിയായി കത്തിനിന്ന ഞാൻ അതിന്റെ സംഹാരശേഷിയുള്ള താപത്തെക്കുറിച്ച് ഓരോ ആളെയും ഓർമ്മപ്പെടുത്തിയിരുന്നു. അത് നിരസിച്ചവർ ദുഖിതരാകുന്നു എങ്കിൽ അതെന്റെ തെറ്റല്ല.

' അന്നെ പോലെ ഉള്ള .........കൾ സുവിശേഷം പുലമ്പുന്നത് എനക്കിഷ്ട്മല്ല.'
' എന്റെ ധർമ്മമാണ് അങ്ങയെ ഓർമ്മപ്പെടുത്തെണ്ടത്.'
' ധർമ്മം. ഹഹ. അന്നെ പോലെ ഒരുപാട് എണ്ണത്തിനെ കണ്ടിട്ടുണ്ട്. പലരും കള്ളപ്പണി ചെയ്യാൻ ഞായം പറയും. എനക്ക് അതറിയാം. അതോണ്ട് എന്നോടത് വേണ്ട. എന്നെ അനക്ക് അറിയാമേ..'അയാൾ ഉറക്കെ ചിരിച്ചു.അയാളിൽ രജസ്വലയുടെ ഒറ്റവസ്ത്രം സഭാതലത്തിൽ വച്ചു വലിച്ചഴിക്കാനുള്ള ദുശാസന വ്യഗ്രത കണ്ടു.

നീ ചോദിച്ചു വാങ്ങുന്ന പാപത്തിൽ എനിക്കെന്തു പങ്ക്?പാപ രേണുക്കൾ ആവർത്തിച്ചാവാഹിച്ച ശേഷം അയാൾ പോയി.അത് കഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ആണ് കാസിം അലി വന്നത്.
നന്നായി മദ്യപിച്ചിരുന്നു കാസിം അലി.മൂന്നോളം ചിത്രങ്ങളുടെ വിജയത്തോടെ ചെറുപ്പക്കാർ ക്കിടയിൽ പേരെടുത്തു വരുന്ന യുവനടൻ.അയാൾ ഒരുപാട് സംസാരിച്ചു.

വേദനിക്കുന്ന കലാകാരൻ എന്നയാൾ സ്വയം വിവരിച്ചു.
'ഞാൻ ക്ഷീണിതയാണ്. ഇബ്രാഹിം മൊഹമ്മദ് റാവുത്തർ കുറച്ചു മുമ്പ് പോയതെയുള്ളൂ...'
' ഹഹഹ ..ബാപ്പയോ ? അങ്ങോർ പുലിയല്ലേ?'
ഇതാ ദുർമ്മശനൻ.
നിരായുധനായി നിലം പൊത്തിയ ധർമ്മത്തിന്റെ ശിരസ്സ് തകർത്ത കുരു വംശജൻ. ഗീത ഞാൻ മൊഴിഞ്ഞു. എന്റെ കർത്തവ്യം.
' കോപ്പ്. റെന്റ് ചെയ്യുന്ന മേർസീഡീസ് മുമ്പ് ആര് കൊണ്ടുപോയി എന്നറിയേണ്ട കാര്യമുണ്ടോ?'
നിയോഗങ്ങൾ നടന്നേ പറ്റൂ....
' അതും നീയുമായി?'
ഞാൻ ചഞ്ചലിനോട് ചോദിച്ചു.
' പറയാം അമ്മേ. അഖിൽ വരട്ടെ.'
ഞാൻ അഖിലിനെ കാത്തു കിടന്നു.