ലഖ്‌നൗ: ലൗജിഹാദിൽ പരസ്യനിലപാടൊന്നും ബിജെപി നേതാക്കളെടുക്കുന്നില്ല. ലൗജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് പോലും കേന്ദ്ര മന്ത്രിമാർ പ്രതികരിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ കരുതലോടെയാണ് ബിജെപി നീങ്ങുന്നതെന്നും വിമർശനമുണ്ട്. ദേശീയ മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളതെന്ന മോദിയുടെ പ്രസ്താവനപോലും ന്യൂനപക്ഷ പ്രീണനത്തിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും വിലയിരുത്തലുകൾ ഉയർന്നു.

എന്നാൽ സംഘപരിവാർ സംഘടനകൾ ലൗജിഹാദിനെ വിടില്ല. ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് മതംമാറ്റിയ ശേഷം വഴിയിലുപേക്ഷിക്കുന്ന ലൗജിഹാദിനെതിരെ പരിവാർ ഘടകങ്ങൾ പ്രചരണം തുടരും. വിദ്യാർത്ഥിനികളാണ് ചതിയിൽപ്പെടുന്നത്. അതിനാൽ വിദ്യർത്ഥി സംഘടനയായ എ ബി വി പിയാകും ലൗജിഹാദിനെതിരായ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് നേതൃത്വം നൽകുക. എ ബി വി പിയുടെ വനിതാ വിഭാഗമാകും ഇതിന് നേതൃത്വം നൽകുക.

ലഖ്‌നൗവിൽ നടക്കുന്ന എ ബി വി പിയുടെ വനിതാ വിഭാഗത്തിന്റെ യോഗത്തിൽ ലൗജിഹാദായിരുന്നു പ്രധാന ചർച്ചാ വിഷയം. ആർ എസ് എസിന്റെ വനിതാ വിഭാഗം ദേശീയ കോ ഓർഡിനേറ്റർ ഗീതാ ഗുണ്ടേയും എ ബി വി പിയുടെ ദേശീയ സംഘടനാ സെക്രട്ടറി സുനിൽ അബേദ്കറും ചർച്ചകൾക്ക് നേതൃത്വം നൽകി. അടുത്ത ഒരു വർഷത്തെ പ്രവർത്തന പരിപാടികളിൽ ലൗജിഹാദിന് പ്രാധാന്യം നൽകാനാണ് എ ബി വി പിയുടെ വനിതാ ഘടകത്തിന്റെ തീരുമാനം.

എ ബി വി പിയുടെ അടുത്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗവും ഈ വിഷയം ചർച്ച ചെയ്യും. ബോധവൽക്കരണത്തിനൊപ്പം നിയമ നടപടികളും ലൗജിഹാദിനെതിരെ സ്വീകരിക്കും. ജാഥകളിലൂടേയും സമൂഹമനസാക്ഷിയെ ഉണർത്തണമെന്നാണ് എ ബി വി പി യോഗത്തിന്റെ വികാരം. പൊലീസിന്റെ സഹായത്തോടെ ലൗജിഹാദിന്റെ അണിയറക്കാരെ കണ്ടെത്താനുള്ള ശ്രമമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.