ദുബായ്: പൊതുജനങ്ങളെ പൊതുഗതാഗത സൗകര്യം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നടപടികളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ). മെട്രോ സ്‌റ്റേഷനിലെ ക്യൂവിൽ നിന്ന് സമയം പാഴാക്കാത എമിറേറ്റ്‌സ് ഐഡി കാർഡ് കാണിച്ചാലുടൻ തന്നെ നോൽ കാർഡ് ലഭിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

പേഴ്‌സണലൈസ്ഡ് പബ്ലിക് ട്രാൻസ്‌പോർട്ട് കാർഡ് എളുപ്പം ലഭ്യമാകുന്ന തരത്തിൽ സംവിധാനം നടപ്പിലാക്കിയതോടെ പൊതുജനങ്ങൾ പൊതുയാത്രാ സംവിധാനത്തിലേക്ക് തിരിയുമെന്നാണ് ആർടിഎ കണക്കാക്കുന്നത്. മിനിട്ടുകൾക്കുള്ളിൽ അധികച്ചെലവില്ലാതെ തന്നെ എൻഓഎൽ കാർഡ് ലഭ്യമാകുമെന്നത് പൊതുജനങ്ങളെ ഇതിലേക്ക് ആകർഷിക്കുമെന്നും കരുതുന്നു.

സാധാരണ നോൽ കാർഡ് ലഭിക്കാൻ അപേക്ഷ നൽകി 15 ദിവസം വരെ കാത്തിരിക്കേണ്ടിവന്നിരുന്നു.  ലോകത്തിലെ തന്നെ ഏറ്റവും സ്മാർട്ട് സിറ്റിയാക്കി ദുബായിയെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും മികച്ച സർവീസ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആർടിഎ പുതിയ സംവിധാനം ഏർപ്പെടുത്തിയത്. നോൽ എക്സ്‌പ്രസ് എന്ന പേരിലുള്ള പുതിയ കാർഡ് മെട്രോ സ്‌റ്റേഷനുകളിലെ ഇനോക്കിന്റെ 'സൂം' ഔട്ട്‌ലെറ്റുകളിൽ നിന്ന് ലഭ്യമാകും. ആദ്യഘട്ടത്തിൽ ബുർജ്മാൻ, അൽ ഫഹീദി സ്‌റ്റേഷനുകളിലെ സൂമിൽ നിന്ന് ഇവ ലഭിക്കും. നവംബർ അവസാനത്തോടെ എട്ട് സ്‌റ്റേഷനുകളിലെ സൂമിൽ കൂടി ഇത് ലഭ്യമാക്കും.