കാസർകോട്: കോൺഗ്രസ്സ് കാസർകോട് ജില്ലാ കമ്മറ്റിയിലെ ഗ്രൂപ്പ് വഴക്കുകൾ നിരവധിയാണെങ്കിലും സംഘടനയ്ക്കുള്ളിൽ തന്നെ ഒതുങ്ങാറാണ് പതിവ്.ജില്ലാ പ്രസിഡന്റ് ഹക്കീംകുന്നിലിന്റെ നടപടി ഏകാധിപത്യ രീതിയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി യുത്ത് കോൺഗ്രസും ഒരു വിഭാഗം മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരും രംഗത്ത് വന്നിട്ട് നാളുകളേറെയായി.എന്നാൽ ജില്ലയ്ക്കുള്ളിൽ തന്നെ ചർച്ചകളിലുടെയും പ്രമുഖ നേതാക്കളുടെ സമർത്ഥമായ ഇടപെടലിലൂടെയും പ്രശ്‌നങ്ങൾ ഒതുക്കിത്തീർക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ ഉത്തരവോടെ ഈ പ്രശ്‌നങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

പാർട്ടി നേതൃത്വത്തിനെതിരെ പ്രവർത്തിച്ചു എന്നതിന്റെ പേരിലാണ് ടോമിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ അറിയിച്ചത്. തുടർച്ചയായി നാലുതവണ പാർട്ടി നേതൃത്വത്തെ അപമാനിക്കുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് നടപടിയെന്നും ഹക്കിം കുന്നിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ വർഷങ്ങളായി ജില്ലാ പ്രസിഡന്റിന് തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടപടിയെന്നും പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് നോയൽ ടോമിൻ ജോസഫ് പറയുന്നത്.ഡി.സി.സി ഓഫീസ് സെക്രട്ടറി വാട്ട്‌സ് ആപ്പിലൂടെ ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റിന്റെ കത്ത് അയച്ചപ്പോഴാണ് വിവരം അറിയുന്നത്.

എന്നാൽ ഞാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയാണ്.എനിക്കെതിരെ നടപടി എടുക്കാൻ യൂത്ത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന് മാത്രമെ സാധിക്കു എന്നിരിക്കെ എന്നെ പുറത്താക്കാൻ ജില്ല കോൺഗ്രസ്സ് പ്രസിഡന്റ് നടത്തിയ നടപടിയാണ് പാർട്ടി വിരുദ്ധമെന്നും നോയൽ ചൂണ്ടിക്കാട്ടുന്നു. വ്യക്തി വൈരാഗ്യം തീർക്കാൻ പദവി ദുരുപയോഗം ചെയ്യുകയാണ് അദ്ദേഹം. കോൺഗ്രസ്സിന് പുതിയ പ്രസിഡന്റ് വന്നതിന്റെ ആവേശം കെടുത്തുന്ന തീരുമാനമാണിത്. ഗ്രൂപ്പിനതീതമായി സംഘടന തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എന്നെ രാഷ്ട്രീയത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ കഴിഞ്ഞ നാല് വർഷമായി ജില്ല പ്രസിഡന്റ് ശ്രമിക്കുകയാണെന്നും നോയൽ പറയുന്നു.

ഔദ്യോഗികമായി യാതൊരു അറിയിപ്പും എനിക്ക് ലഭിച്ചിട്ടില്ല.നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പാർട്ടിക്കോ മുന്നണിക്കോ വേണ്ടി ഒട്ടും കഷ്ടപ്പെടാതെ, തെരഞ്ഞെടുപ്പിനുശേഷം ഒരു അവലോകന യോഗം വിളിച്ചു ചേർക്കാതെ, വിദേശ പര്യടനം നടത്തി കറങ്ങിനടക്കുകയായിരുന്നു പ്രസിഡന്റ് എന്നും നോയൽ പറയുന്നു.മാത്രമല്ല പാർട്ടിയുടെ അച്ചടക്ക നടപടിയെ കുറിച്ച് എന്തുമാത്രം അജ്ഞനാണ് പ്രസിഡന്റ് എന്നും നോയൽ ചോദിക്കുന്നു.യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ എനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആണ്. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള അധികാരം കെ പിസിസി പ്രസിഡന്റിനാണ് എന്നിരിക്കെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ നടപടി പാർട്ടി വിരുദ്ധമാണ്.അച്ചടക്ക നടപടി സ്വീകരിച്ചുകൊണ്ട് മാധ്യമ പ്രവർത്തകർക്ക് നൽകിയ കത്ത് തീർത്തും സത്യാഭാസങ്ങൾ നിറഞ്ഞതാണ്. ആയതിനാൽ തന്നെ പാർട്ടി വിരുദ്ധ നടപടിയെ പുച്ഛത്തോടെ തള്ളിക്കളയുന്നതായും അദ്ദേഹം പറയുന്നു.

ഞാൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നിട്ട് 11 കൊല്ലം ആകുന്നു.അന്ന് മുതൽ ഹക്കീംകുന്നിനൊപ്പം സന്തതസഹചാരിയായിരുന്ന ഞാൻ പിന്നീട് കെഎസ്് യു ജില്ലാ പ്രസിഡണ്ടായപ്പോൾ ഇയാളിൽ നിന്ന് അകന്നു നടക്കാൻ തുടങ്ങിയതിന്റെ കാരണം തന്നെക്കൊണ്ട് പൊതുഇടങ്ങളിൽ പറയിപ്പിക്കരുതെന്നും നോയൽ വ്യക്തമാകുന്നു.ഇതിന്റെ പ്രതികാരമെന്നോണമാണ് കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി എന്നെ കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയയതെന്നും തന്റെ സത്യസന്ധത ബോധ്യപ്പെട്ട പാർട്ടി നേതൃത്വം എന്റെ സസ്‌പെൻഷൻ പിൻവലിച്ച്, യൂത്ത് കോൺഗ്രസിന്റെ പെർഫോമൻസ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും നോയൽ പറയുന്നു. ഹക്കീംകുന്നിലിന്റെ നേതൃത്വത്തിൽ വളരെ കുത്തഴിഞ്ഞ രീതിയിലാണ് ജില്ലയിലെ പാർട്ടി സഞ്ചരിക്കുന്നത്. കഴിഞ്ഞ ഒന്നര കൊല്ലമായി ജില്ലയിൽ കെഎസ്‌യു പ്രസിഡന്റ് ഇല്ല. അതിന് ഉത്തരവാദിയും ഇയാൾ തന്നെയാണെന്നും നോയൽ കൂട്ടിച്ചേർത്തു.തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലുടെയും നോയൽ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്‌

ഇതാദ്യമായല്ല ഹക്കീ കുന്നിലിന്റെ പേര് ഇത്തരം വിവാദങ്ങളിലേക്ക് എത്തുന്നത്. കാസർഗോഡ് പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് നിലവിലെ എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ ഒരു നേതൃത്വത്തെ വച്ച് തനിക്ക് കാസർകോട് ജില്ലയിൽ മത്സരിക്കാനോ ജയിക്കാനോ കഴിയില്ല എന്നായിരുന്നു ഉണ്ണിത്താന്റെ ആരോപണം.ഒടുവിൽ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.