തിരുവനന്തപുരം: അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്‌നത്തിൽ പൊതുസമൂഹം രണ്ട് തട്ടിലാണ്. ഒരു കൂട്ടർ മാദ്ധ്യമപ്രവർത്തകരാണ് പ്രശ്‌നക്കാർ എന്ന നിലപാട് സ്വീകരിച്ചപ്പോൾ മറ്റൊരു വിഭാഗം അഭിഭാഷകരാണ് കുഴപ്പക്കാരെന്നും പറയുന്നു. എന്തായാലും മാദ്ധ്യമപ്രവർത്തകർക്ക് അമിതമായ പിന്തുണ ഈ വിഷയത്തിൽ ലഭിച്ചിരുന്നില്ല. ഇതിനിടെ മാദ്ധ്യമപ്രവർത്തകരെ അനുകൂലിച്ചിരുന്ന ഒരു വിഭാഗം പ്രവാസികളെയും അധിക്ഷേപിച്ച് ഇപ്പോഴുള്ള പിന്തുണ പോലും ഇല്ലാതാക്കുന്ന വിധത്തിലാണ് ഒരു മാദ്ധ്യമപ്രവർത്തകൻ രംഗത്തെത്തിയത്. മാതൃഭൂമി, ഇന്ത്യാവിഷൻ മാദ്ധ്യമങ്ങളിലെ മുൻ മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് മാദ്ധ്യമ സമൂഹത്തിന് മുഴുവൻ തിരിച്ചടിയായി മാറിയത്.

മാദ്ധ്യമ പ്രവർത്തകർക്ക് ജന പിന്തുണയില്ലെന്ന ആരോപണത്തിന് മറുപടി പറയവെയാണ് ശ്യാം ലാൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രവാസികളെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ദുബായിൽ അറബിയുടെ അടിവസ്ത്രമലക്കുന്നവരാണ് പ്രവാസികളെന്ന രീതിയിലായിരുന്നു ശ്യാംലാലിന്റെ മറുപടി. ഇതോടെ സോഷ്യൽ മീഡിയയിൽ ശ്യാംലാലിന്റെ പോസ്റ്റിനെതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തു. ഫേസ്‌ബുക്കിലെ പ്രവാസികളാണ് ശ്യാംലാലിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. പലരും ശ്യാംലാലിനെ തെറിവിളികളുമായി രംഗത്തെത്തി. ഇതോടെ സഹപ്രവർത്തകരായ മാദ്ധ്യമപ്രവർത്തകർ പോലും ശ്യാംലാലിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തെത്തി.

സംഗതി പന്തിയല്ലെന്ന് ബോധ്യമായോടെ ശ്യാംലാൽ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരി. തുടർന്ന് ഈ പോസ്റ്റിടാൻ കാരണമായതെന്തെന്ന് വിശദീകരിച്ചു കൊണ്ട് പോസ്റ്റിട്ടെങ്കിലും അതും പ്രവാസികളുടെ രോഷം ശമിപ്പിക്കാൻ ഇടയാക്കിയിട്ടില്ല. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം നടക്കുന്നതിനിടെ ശ്യാംലാലിന്റെ പരാമർശം മാദ്ധ്യമ പ്രവർത്തകർക്കും നാണക്കോടുണ്ടാക്കി. ഇതോടെ പലരും ശ്യാംലാലിനെ തള്ളിപ്പറഞ്ഞു.

അറബിയുടെ അടിവസ്ത്രം അലക്കുന്നവരാണ് പ്രവാസികൾ എന്നത് കടുത്ത അവഹേളനമാണെന്നാണ് പ്രവാസികളും പറയുന്നത്. മാദ്ധ്യമപ്രവർർത്തനവും ഒരു വിധത്തിൽ അടിവസ്ത്രം അലക്കുന്ന ജോലിയാണെന്നും പലരും അഭിപ്രായപ്പെട്ടു. ഒരു തൊഴിലിനെ തന്ന് അവഹേളിച്ച മാദ്ധ്യമപ്രവർത്തകന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് സൈബർ ലോകത്ത് ഉയർന്നത്. വി എസ് ശ്യാംലാലിനോട് വിയോജിച്ചു കൊണ്ട് മാദ്ധ്യമപ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

സുഹൃത്ത് ശ്യാംലാൽ എഴുതിയ കുറിപ്പിനോട് പൂർണ്ണ വിയോജിപ്പ്. അതിന്റെ വിശദീകരണത്തോടും. നമ്മൾ ഉദ്ദേശിച്ചത് എന്താണ് എന്ന് പിന്നീട് വിശദീകരിച്ചിട്ട് കാര്യമില്ല എന്നത് ജേർണലിസത്തിന്റെ ബാലപാഠമാണ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതി ഘടനയുണ്ടാക്കി അടിച്ചമർത്തലിന് സഹസ്രാബ്ദങ്ങളോളം ഉപയോഗിച്ച പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുന്ന കാലമാണ്. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള അഭിപ്രായ വ്യത്യാസത്തെ അയാളുടെ തൊഴിലിന്റെ സാമൂഹ്യ പദവിയുമായി ചേർത്തു വായിക്കുന്നത് ശുദ്ധ തോന്ന്യവാസമാണ്.

ശ്യാംലാലിന്റെ ഇൻബോക്‌സിൽ പോയി പറയേണ്ട കാര്യമാണ്. പക്ഷേ, പൊതുജന ശ്രദ്ധയിൽ നിൽക്കുന്നവരെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന തൊഴിൽ ചെയ്തിരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ശ്യാം ഇപ്പോഴും ചെയ്യുന്നുണ്ട്. അതു കൊണ്ട് സ്വയം സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമാകുന്നതാണിത്.നിലപാടുകൾ ഇരുമ്പുലക്കയല്ല. തെറ്റുകൾ പറ്റാത്ത മനുഷ്യരുമില്ല. തിരുത്തലുകൾ നമ്മളെ മനുഷ്യരെന്ന നിലയിൽ വിമലീകരിക്കുകയേ ഉള്ളൂ.

ശ്രീജിത്തിനെ പോലെ തന്നെ ശ്യാംലാലിനെതിരെ നിലപാടെടുത്ത് മറ്റൊരു മാദ്ധ്യമപ്രവർത്തകൻ കെ വി മധുവാണ്. റിപ്പോർട്ടർ ചാനലിലെ മാദ്ധ്യമപ്രവർത്തകനായ കെ വി മധു ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:

ഞാൻ അടിവസത്രം അലക്കിയിട്ടുണ്ട്. ഇനിയും അലക്കും. ആവശ്യമെങ്കിൽ ആവശ്യക്കാർക്കും അലക്കിക്കൊടുക്കും. അതൊരു ജോലിയായി ചെയ്യുന്നവരോട് ബഹുമാനം മാത്രമേയുള്ളൂ. ആ ജോലി എന്നല്ല, ലോകത്തിന് ആവശ്യമായ ഏത് ജോലിയോടും ബഹുമാനമാണ്. അടിവസ്ത്രമലക്കുന്നവരെ അപമാനിക്കുന്ന വിധത്തിൽ ഒരു മാദ്ധ്യമപ്രവർത്തകൻ നടത്തിയ പരാമർശം ആ തൊഴിൽ ചെയ്യുന്ന ആൾ എന്ന നിലയിൽ എന്നെ കൂടി ബാധിക്കാനാരംഭിച്ചതുകൊണ്ടാണ് ഈ വിശദീകരണം. ഞാൻ ആ നിലപാടിനെതിരാണ്. എന്നെപ്പോലെ ബഹു ഭൂരിപക്ഷം മാദ്ധ്യമപ്രവർത്തകരും. ഇനി ആ പോസ്റ്റും പൊക്കിപ്പിടിച്ച് ഇതാ ഇവന്മാരെല്ലാരും ഇങ്ങനാണെന്നും രണ്ടെണ്ണം കൊടുക്കേണ്ടവനാണെന്നും പറഞ്ഞ് നടക്കുന്നവർക്ക് നല്ല സ്‌കാരം. അത് എല്ലാ മേഖലയിലും ഉള്ളതുപോലെ ഒറ്റപ്പെട്ട പിന്തിരിപ്പൻ നിലപാടായി കാണാൻ കഴിയുന്നവർ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും. അലക്കൽ എന്നല്ല ഏതു ജോലി ചെയ്യുന്നവരോടും പ്രത്യേകിച്ചും പ്രിയപ്പെട്ടവർക്ക് വേണ്ടി നാടുപേക്ഷിച്ച് പ്രവാസം സ്വീകരിച്ചു വിവിധ ജോലികൾ ചെയ്യുന്നവരോട് ബഹുമാനവും സ്‌നേഹവും നിറഞ്ഞ ആദരവ് മാത്രം...

ഇങ്ങനെ മാദ്ധ്യമപ്രവർത്തകർക്കിടയിൽ നിന്നും കടുത്ത എതിർപ്പ് ശ്യാംലാലിനെതിരെ ഉയർന്നതോടെ താൻ രണ്ട് വ്യക്തികളെ ഉദ്ദേശിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നാണ് ശ്യാംലാൽ വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ടു. മുഴുവൻ പ്രവാസികളെയുമായല്ല, രണ്ട് പേരെയാണ് ഉദ്ദേശിച്ചതെന്നുമാണ് ശ്യാംലാലിന്റെ വിശദീകരണം.

സിപിഎമ്മിന് ഗുണകരമായ ചില ലേഖനങ്ങൾ ഞാൻ എഴുതിയതിന്റെ പേരിലാണ് ഇവർ സുഹൃത്തുക്കളായത് വന്നത്. എന്റെ ജോലിയുടെ ഭാഗമായി സിപിഎമ്മിന് എതിരായും എഴുതേണ്ടി വരും. ആ പാർട്ടിയുടെ നേതാക്കളെ വിമർശിക്കേണ്ടി വരും. ഇങ്ങനെ വല്ലതും ചെയ്താൽ ഉടനെ പോസ്റ്റിനു താഴെയും ഇൻബോക്‌സിലും വന്ന് പുലഭ്യം പറയും. എന്നിട്ട് സുഹൃത്തുക്കളാണെന്നു നടിക്കുകയും ചെയ്യും.

ഞാൻ ഇന്ന് ആദ്യം ചെയ്തത് ഇവരെ അൺഫ്രണ്ട് ചെയ്യുകയാണ്. രണ്ടു പേരെ ഉടുമ്പൻചോല മണിയാശാൻ പറഞ്ഞ മാതൃകയിൽ വൺ, ടു എന്ന് അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
1. അബുദാബിയിൽ അറബിക്ക് കണ്ണാടി പിടിപ്പിക്കുന്ന ചേട്ടൻ ഒഫ്താൽമോളജിസ്റ്റ്.
2. ദുബായിൽ അറബിയുടെ അടിവസ്ത്രമലക്കുന്ന ചേട്ടൻ ലോൺഡ്രി മാനേജർ.
മാദ്ധ്യമവേശ്യ എന്ന് എന്നെ വിശേഷിപ്പിക്കുന്നവർ എനിക്ക് വെറും കണ്ണടപിടിയനും അടിവസ്ത്രം കഴുകുന്നവനും തന്നെ. ഞാൻ എന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു. GIVE RESPECT AND GET RESPECT എന്നാണ് പ്രമാണം. ബഹുമാനം ഇങ്ങോട്ടുണ്ടെങ്കിൽ അങ്ങോട്ടും ലഭിക്കും. അക്കാര്യത്തിൽ വലിയ സഹിഷ്ണുതയൊന്നും എന്നിൽ നിന്നു പ്രതീക്ഷിക്കേണ്ട. തൽക്കാലം പേരു പറഞ്ഞ് അവരെ പ്രസിദ്ധരാക്കാൻ ഉദ്ദേശിക്കുന്നുമില്ല.

പ്രവാസികൾ എന്നത് എന്തു തോന്ന്യാസവും പറയാനുള്ള ലൈസൻസാണെന്ന് കരുതുന്ന ചിലരുണ്ട്. ഇതൊരു ന്യൂനപക്ഷം മാത്രമാണ് സ്വയപ്രഖ്യാപിത സൈബർ ഗുണ്ടകൾ. ഇവരെ ഏതായാലും അംഗീകരിക്കാനാവില്ല. ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. എന്റെ തൊഴിലിന്റെ ഭാഗമായി ചിലരെ പ്രശംസിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയാലും മുഖ്യമന്ത്രി പിണറായി വിജയനെ ആയാലും പ്രശംസിച്ചിട്ടുണ്ട്, വിമർശിച്ചിട്ടുണ്ട്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അതു തെളിയിക്കൂ, അംഗീകരിക്കാം. അല്ലാതെ ഭീഷണിപ്പെടുത്തി എഴുത്തു നിർത്തിക്കാം എന്നാണ് ഭാവമെങ്കിൽ അങ്ങ് അന്റാർട്ടിക്കയിൽ പോയി പറഞ്ഞാൽ മതി.

എന്നാൽ, ശ്യാംലലിന്റെ വിശദീകരണത്തിലും തൃപ്തരാകാത്ത പ്രവാസികൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വാളിൽ കയറി പൊങ്കാലയിടുകയാണ്. മറുപടി നൽകിയതും ധാർഷ്്ട്യത്തിന്റെ ഭാഷയിലാണെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പ്രവാസികളെ അധിക്ഷേപിച്ച ശ്യാംലാലിന്റെ നിലപാടിന് എതിരെ പൊങ്കാലകൾ പെരുകുകയാണ്.