മലപ്പുറം: നെടുമ്പാശേരി വിമാനത്തവളത്തിൽ വന്നിറങ്ങിയ സ്വർണക്കടത്ത് കാരിയറായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇതുവരെ അറസ്റ്റിലായത് 12പേർ. കേസിൽ നേരിട്ട് പങ്കടുത്തവരും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരുമടക്കമുള്ളവരുടെ ലിസ്റ്റ് ഇനിയും നീളുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നു കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

അഗളി സ്വദേശി അബ്ദുൾ ജലീൽ(42) എന്ന പ്രവാസി തട്ടിക്കൊണ്ടുപോയ കേസന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്. അലനല്ലൂർ കർക്കിടാംകുന്ന് സ്വദേശി പോന്നേത്ത് നജ്മുദ്ദീൻ(38), ആക്കപ്പറമ്പ് സ്വദേശി പുത്തൻതൊടിയിൽ മധുസൂധനൻ(52), കൊണ്ടോട്ടി സ്വദേശി ഓനിൽ വിജീഷ്(28) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവെഎസ്‌പി എം.സന്തോഷ് കുമാർ, മേലാറ്റൂർ ഇൻസ്പെക്ടർ സി.എസ്. ഷാരോൺ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കൊണ്ടോട്ടി, ആക്കപ്പറമ്പ്, എടത്തനാട്ടുകര എന്നിവിടങ്ങളിൽ നിന്നായി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.

കോണ്ടോട്ടി സ്വദേശി വിജീഷ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് പെരിന്തൽമണ്ണ ജൂബിലിയിലെ ഫ്ലാറ്റിലെത്തിക്കാൻ സഹായിച്ചയാളാണ്. ആക്കപ്പറമ്പ് സ്വദേശി മധു യഹിയയുടെ കൂടെ സംഭവസമയത്ത് മാനത്തുമംഗലത്തെ ഫ്ലാറ്റിൽ കൂടെ നിന്ന് സഹായിച്ചയാളാണ്. നജ്മുദ്ദീൻ സംഭവശേഷം യഹിയയെ കാറിൽ രക്ഷപ്പെടാനും പാണ്ടിക്കാട് നേരത്തേ അറസ്റ്റിലായ മരക്കാറുടെ അടുത്ത് വളരാട് രഹസ്യകേന്ദ്രത്തിൽ എത്തിച്ചയാളുമാണ്. ഇതോടെ കേസിൽ നേരിട്ട് പങ്കടുത്തവരും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരുമടക്കം 12 പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും യഹിയയുടെ പാർട്ണർമാർ കൊടുത്തുവിട്ട കള്ളക്കടത്ത് സ്വർണം നഷ്ടപ്പെട്ടതിനെ ചൊല്ലിയാണ് ജലീലിനെ കടത്തിക്കൊണ്ടുപോയി രഹസ്യ കേന്ദ്രങ്ങളിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് സംഭവശേഷം ഗൾഫിലേക്ക് രക്ഷപ്പെട്ട മൂന്ന് പേരുടേയും സംഘത്തിലുൾപ്പെട്ട ഗൾഫിൽനിന്നും ഗൂഢാലോചനയിൽ പങ്കെടുത്ത യഹിയയുടെ പാർട്ണർമാരുൾപ്പടെ ഉള്ളവർക്കുമെതിരായ കൃത്യമായ തെളിവുകൾ ലഭിച്ചതായും ഇവരുടെ പേരുവിവരങ്ങൾ ശേഖരിച്ചതായും എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ മലപ്പുറം ജില്ലാപൊലീസ് മേധാവി മുഖേന തുടങ്ങിയതായും ഡിവൈഎസ്‌പി അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് സഹായം നൽകിയതിനും രക്ഷപ്പെടാൻ സഹായിച്ചതിനും കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും പ്രത്യേക അന്വേഷണസംഘത്തലവൻ കൂടിയായ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ അറിയിച്ചു. മേലാറ്റൂർ ഇൻസ്പെക്ടർ സി.എസ്.ഷാരോൺ, എസ്‌ഐ ഷിജോ തങ്കച്ചൻ, പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്‌ഐ സി.കെ.നൗഷാദ്, പ്രൊബേഷൻ എസ്‌ഐ എസ്.ഷൈലേഷ്, പ്രത്യേക അന്വേഷണസംഘത്തിലെ എസ്‌ഐ.സതീഷ്‌കുമാർ, എഎസ്ഐ ബൈജു, എസ്.സി.പി.ഒ മുഹമ്മദ് ഫൈസൽ എന്നിവരും പെരിന്തൽമണ്ണയിലെ ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.

കേസിൽ ആദ്യം അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. അൽത്താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, അലിമോൻ, മണികണ്ഠൻ എന്നിവരെയാണ് ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, മേലാറ്റൂർ ഇൻസ്പെക്ടർ സി.എസ്.ഷാരോൺ, എന്നിവരടങ്ങുന്ന സംഘം പൊലീസ് കസ്റ്റഡിയിൽ വാങ്ങി പ്രതികളെ സംഭവസ്ഥലത്തും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറുകളും ബൈക്കും കണ്ടെടുത്തു. മറ്റു പ്രതികളേയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡി.വൈ.എസ്‌പി എം സന്തോഷ് കുമാർ അറിയിച്ചു .