തിരുവനന്തപുരം പ്രവാസികൾക്ക് വോട്ടവകാശം കിട്ടിയതോടെ ക്ഷേമ പദ്ധതിയുമായി പിണറായി സർക്കാരും. പ്രവാസികൾക്ക് നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിലൂടെ സംസ്ഥാന വികസനത്തിന് മുതൽമുടക്കും കണ്ടെത്താം. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവർക്കു ഡിവിഡന്റ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാവുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. നിക്ഷേപകൻ മരിച്ചാൽ ഭാര്യയ്ക്കു പെൻഷൻ ലഭിക്കും. അവരുടെ കാലശേഷം നിയമപരമായ അവകാശികൾക്കു നിക്ഷേപത്തുക തിരിച്ചുനൽകും. നിക്ഷേപത്തുക പിൻവലിക്കാനോ വായ്പയെടുക്കാനോ കഴിയില്ല.

50,000 കോടി രൂപയാണ് പദ്ധതിയിലൂടെ സമാഹരിക്കാൻ കേരളം ശ്രമിക്കുന്നത്. പ്രവാസി ക്ഷേമ ബോർഡ് സമർപ്പിച്ച പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ അംഗീകാരം നൽകി. ഈ വർഷംതന്നെ പദ്ധതി തുടങ്ങാനാണു നീക്കം. അഞ്ചുലക്ഷം മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ 5000 രൂപ മുതൽ 50,000 രൂപവരെ പെൻഷൻ ലഭിക്കുന്നതാണു പദ്ധതി. പണം ഒറ്റത്തവണയായോ മൂന്നു കൊല്ലത്തിനുള്ളിൽ ആറു ഘട്ടങ്ങളായോ അടയ്ക്കാം. പണമടച്ചു മൂന്നുവർഷം പൂർത്തിയായാൽ പെൻഷൻ തുക ലഭിക്കും.

മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള 50 ലക്ഷത്തോളം മലയാളികളിൽ 10 ലക്ഷം പേർ പദ്ധതിയിൽ അംഗമായാൽപ്പോലും സർക്കാരിന് ഏറ്റവും ചുരുങ്ങിയത് 50,000 കോടി രൂപ സമാഹരിക്കാനാകും. ഇതു വികസന പദ്ധതികൾക്ക് ഉപയോഗിക്കാം. സർക്കാരിനു മറ്റു സാമ്പത്തിക ബാധ്യതയില്ല. ബാങ്ക് പലിശനിരക്കിനെക്കാൾ രണ്ടു ശതമാനമെങ്കിലും അധികം നൽകണമെന്നാണു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രവാസികൾക്കായി നഗരങ്ങൾക്കു സമീപം സംരക്ഷിതഗ്രാമ പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. അഞ്ചു മുതൽ 10 സെന്റ് വരെയുള്ള ഭൂമിയിൽ ചുരുങ്ങിയ ചെലവിൽ വീടുകൾ നിർമ്മിച്ചു പ്രവാസികൾക്കു കൈമാറും. ഊരാളുങ്കൽ സഹകരണ സംഘമായിരിക്കും വീടുകൾ നിർമ്മിക്കുക. പൈലറ്റ് പദ്ധതി ഈ വർഷം തന്നെ തുടങ്ങാനാണ് ഉദ്ദേശം.

പ്രവാസി ക്ഷേമ ബോർഡാകും ഈ പദ്ധതികൾക്ക് നേതൃത്വം നൽകുക. ഭവനപദ്ധതിയുടെ വിശദ രൂപരേഖ തയ്യാറായി. ഇത് സർക്കാരിന്റെ പരിഗണനയിലുമാണ്.