ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ വോട്ടുചെയ്യുന്നതിന് പകരക്കാരെ ചുമതലപ്പെടുത്താൻ സൗകര്യമൊരുക്കുന്ന പ്രവാസി വോട്ടവകാശ ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്നാണ് പ്രവാസിവോട്ട് യാഥാർഥ്യമാവുന്നത്. പക്ഷേ അവിടേയും ചതിക്കപ്പെടുകയാണ് പ്രവാസികൾ. പ്രവാസികൾക്ക് ഓരോ തിരഞ്ഞെടുപ്പിലും മുക്ത്യാറെ പ്രത്യേകം ചുമതലപ്പെടുത്തേണ്ടിവരും. ഈ വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ നിർദ്ദേശത്തെ അട്ടിമറിക്കാനുള്ള തന്ത്രം. കർശന ഉപാധികളാണ് മുക്ത്യാറിനായി കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

സൈന്യത്തിലും അർധ-സൈനിക വിഭാഗങ്ങളിലും ജോലിചെയ്യുന്നവർക്കുള്ള 'പ്രോക്സി വോട്ടി'ൽനിന്ന് (മുക്ത്യാർ വോട്ട്) വ്യത്യസ്തമായിരിക്കും പ്രവാസികളുടെ പ്രോക്സി വോട്ട്. ഇതിൽ നിന്ന് തന്നെ പ്രവാസികളെ വോട്ട് ചെയ്യിക്കാതിരിക്കാനാണഅ ശ്രമമെന്ന് വ്യക്തമാണ്. സൈനികർക്ക് തങ്ങളുടെ മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ പ്രായപൂർത്തിയായ ആരെവേണമെങ്കിലും മുക്ത്യാർ ആയി നിയമിക്കാം. ഒരാളെ നിയമിച്ചാൽ അത് സർവീസ്‌കാലത്തേക്ക് മുഴുവൻ ബാധകമായിരിക്കും. അതൃപ്തിയുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും മാറ്റുകയും ചെയ്യാം. പക്ഷേ പ്രവാസികളുടെ കാര്യം വരുമ്പോൾ ഇതല്ല സ്ഥിതി. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യണമെങ്കിൽ അതിന് മുമ്പ് നാട്ടിലെത്തേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്.

പ്രവാസികൾക്ക് ഓരോ തിരഞ്ഞെടുപ്പിലും മുക്ത്യാറെ പ്രത്യേകം ചുമതലപ്പെടുത്തേണ്ടിവരും. ഇതിനുവേണ്ടി ചില വ്യവസ്ഥകൾ ജനപ്രാതിനിധ്യ നിയമത്തിന്റെ ഭേദഗതി ബില്ലിൽ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ പ്രോക്സിവോട്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലായതിനാൽ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ മാത്രമേ മുക്ത്യാർ ആക്കാവൂ എന്ന നിബന്ധന ഏർപ്പെടുത്തിയേക്കും. ഓരോ തിരഞ്ഞെടുപ്പിനും നിശ്ചിതദിവസത്തിനുമുൻപ് പ്രവാസി മുക്ത്യാറെ ചുമതലപ്പെടുത്തണം. പ്രവാസികളുടെ മുക്ത്യാറും തങ്ങളുടെ പേരും ഒപ്പും നോട്ടറി അല്ലെങ്കിൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുഖേന സാക്ഷ്യപ്പെടുത്തണം. അതായത് പ്രവാസി നേരിട്ട് നോട്ടറിക്ക് മുമ്പിലോ മജിസ്‌ട്രേറ്റിന് മുമ്പിലോ എത്തേണ്ടി വരും.

പ്രവാസി നേരത്തേ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിലെ മുക്ത്യാറുടെ വിവരങ്ങളും മുക്ത്യാർ സമർപ്പിക്കുന്ന സത്യവാങ്മൂലവും ഒത്തുനോക്കിയായിരിക്കും വോട്ട് ചെയ്യാൻ അവസരം നൽകുക. എംബസി വഴിയും ഇത് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് സൂചനയുണ്ട്. കോൺസുലേറ്റും എംബസിയും ഉപയോഗിച്ചാകും ഇത്. എന്നാൽ ഇതും ഏറെ ചെലവേറിയതാകും. ഓരോ രാജ്യത്തും ഒന്നോ രണ്ടോ നഗരത്തിൽ മാത്രമേ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസ് കാണൂ. ഇവിടെ എല്ലാ നടപടികൾക്കും ഫീസ് നൽകണം. കാലതാമസവും എടുക്കും. അതുകൊണ്ട് തന്നെ ഈ നൂലാമാലകളിൽ ചെന്നു പെട്ട് സമയം കളയാൻ പ്രവാസികൾ തയ്യാറാകില്ല. അതുകൊണ്ട് തന്നെ പ്രവാസികളുടെ വോട്ടിൽ വലിയ ആവേശം ആർക്കും ഉണ്ടാകാനിടയില്ല.

പ്രവാസികൾക്ക് അവർ ജോലിചെയ്യുന്ന രാജ്യങ്ങളിൽ തപാൽവോട്ട് രേഖപ്പെടുത്താനുള്ള നിർദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യം മുന്നോട്ടുവെച്ചിരുന്നത്. തപാൽവോട്ട് ഇലക്ട്രോണിക് രൂപത്തിൽ പ്രവാസികൾക്ക് അയച്ചുകൊടുക്കുകയും അതിൽവോട്ട് രേഖപ്പെടുത്തിയശേഷം അത് എംബസികൾ മുഖേന തപാലിൽ തിരിച്ചയക്കുകയും ചെയ്യുക എന്ന നിർദ്ദേശം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതി തള്ളി. പ്രവാസികൾക്ക് അവരുടെ മണ്ഡലത്തിൽ വോട്ടറായി എപ്പോൾ വേണമെങ്കിലും രജിസ്റ്റർചെയ്യാം. അങ്ങനെ ചെയ്തവർക്കേ മുക്ത്യാറെ നിയോഗിക്കാനാവൂ. ഈ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾ കൂടുതലായി മുന്നോട്ടുവന്നിട്ടില്ല. ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽപോലും കാൽലക്ഷത്തോളംപേർ മാത്രമേ വോട്ടർപ്പട്ടികയിൽ പേരുചേർത്തിട്ടുള്ളൂ. ഇതിനപ്പുറം ഒന്നും പ്രവാസി വോട്ടിലും നടക്കാനിടയില്ല.

പ്രവാസികൾക്കു രാജ്യത്തെ തെരഞ്ഞെടുപ്പുപ്രക്രിയയിൽ പങ്കാളിയാകാനുള്ള സൗകര്യം ഒരുക്കുമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതോടെ സഫലമാകുന്നത് പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിൽ നടത്തുന്ന നിയമപോരാട്ടങ്ങളായിരുന്നു. ഡോ. ഷംഷീർ വയലിൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ഇതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതി ബിൽ അടുത്ത ശൈത്യകാലസമ്മേളനത്തിൽ കൊണ്ടുവരും. നാട്ടിലെ തെരഞ്ഞെടുപ്പിൽ പകരക്കാരനെ ഉപയോഗിച്ച് വോട്ടുചെയ്യുന്ന സംവിധാനം (പ്രോക്‌സി വോട്ടിങ്) കൊണ്ടുവരുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. ഈ പ്രതീക്ഷകളാണ് പുതിയ നിയമത്തിലെ വ്യവസ്ഥകൾ അട്ടിമറിക്കുന്നത്. പ്രവാസികൾക്കു ജോലിചെയ്യുന്ന രാജ്യത്തിരുന്ന് ഇലക്ട്രോണിക് തപാൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവയിലൊന്ന് അനുവദിക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്നുമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ബോധിപ്പിച്ചത്. ഇതോടെ, കേസിൽ അന്തിമതീരുമാനം സർക്കാരിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.

പ്രവാസികൾക്ക് പകരക്കാരനെ ഉപയോഗിച്ചു വോട്ട് അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാൻ ഓഗസ്റ്റിൽ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. 2010 -ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം, പ്രവാസികൾക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെരഞ്ഞെടുപ്പുദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യാനും അവസരമുണ്ട്. എന്നാൽ, വോട്ട്‌ചെയ്യാനായി നാട്ടിൽ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി പല വിദേശരാജ്യങ്ങളിലെയും പോലെ ജോലിചെയ്യുന്ന രാജ്യത്തിരുന്നു സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രോക്സി വോട്ട് പ്രകാരം ലോകത്തെവിടെയാണെങ്കിലും സ്വന്തം വീടിരിക്കുന്ന ബൂത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുമെന്ന തരത്തിലേക്ക് കൊണ്ടു വരുമെന്ന പ്രതീക്ഷ എത്തി. എന്നാൽ മുക്ത്യാർ നിബന്ധന ഇതിന് തടസ്സമാകുന്നു. ഇക്കാര്യം ഉന്നയിച്ച് 2014 മാർച്ചിലാണ് ഷംസീർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ കേസിൽ ബ്രിട്ടനിലെ വ്യവസായി നാഗേന്ദർ ചിന്ദം ഉൾപ്പെടെയുള്ളവരും കക്ഷിചേരുകയായിരുന്നു.

രണ്ടരക്കോടിയിലധികം ഇന്ത്യക്കാർ വിദേശത്തുണ്ടെന്നാണു കണക്കാക്കുന്നത്. എവിടെ പോയാലും മലയാളിയെ കാണാം. ചന്ദ്രനിലും മലയാളിയുടെ തട്ടുകടയുണ്ടെന്നാണ് വയ്്പ്പ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് വോട്ടവകാശം ലഭ്യമാകുമ്പോൾ ഏറ്റവും സന്തോഷിക്കുക മലയാളികളുമായിരുന്നു. അവഗണിക്കാനാകാത്ത ശക്തിയായി ഈ പ്രവാസിക്കരുത്ത് മാറുമ്പോൾ നാട്ടിലുള്ള ഉറ്റവർക്കും സമാധാനം കിട്ടും. എന്തിനും രാഷ്ട്രീയ നേതാക്കളെ സമീപിക്കാം. വോട്ടുള്ളവർക്കേ സഹായമുള്ളൂ എന്ന കാലത്ത് ഈ വോട്ടിന്റെ വില എല്ലാവരും തിരിച്ചറിയും. കേരള സർക്കാരിന്റെ 2013ലെ പ്രവാസി സെൻസസ് പ്രകാരം വിദേശരാജ്യങ്ങളിലെ മലയാളികളുടെ എണ്ണം 16.25 ലക്ഷമാണ്. ഇവരിൽ 14.26 ലക്ഷവും (88%) ഗൾഫിലാണ്. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്ര സർക്കാർ കരുതലോടെ കരുക്കൾ നീക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്തക്കളായി പ്രവാസികളെ മാറ്റാതിക്കാനാണ് നീക്കം.

ഇതേസമയം ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുവേളയിലെ കണക്കുപ്രകാരം വോട്ടർ പട്ടികയിൽ പേരു ചേർത്ത പ്രവാസി മലയാളികൾ 11,174 മാത്രമാണ്. വോട്ട് ചെയ്യാൻ നേരിട്ടു നാട്ടിലെത്തണമെന്ന നിലവിലെ വ്യവസ്ഥ കൊണ്ടായിരുന്നു ഈ തണുത്ത പ്രതികരണം. 2010ലെ ജനപ്രാതിനിത്യ നിയമഭേദഗതിയിലൂടെ പ്രവാസി വോട്ടവകാശം നിയമപരമാക്കിയിരുന്നു. 2011 മുതൽ പട്ടികയിൽ പേരും ചേർത്തുതുടങ്ങി. എന്നാൽ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം മൂലം ഇതുവരെ വോട്ടെടുപ്പിനു കഴിഞ്ഞില്ല.