തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പ്രവാസികളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ വിദേശ ഇന്ത്യക്കാർക്ക് കൈവശമുള്ള ഇന്ത്യൻ കറൻസി മാറ്റിവാങ്ങാൻ ഇന്ത്യൻ എംബസികളിൽ സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യം. ഇന്ത്യയിലെത്തി വിദേശങ്ങളിലേക്ക് മടങ്ങുന്നവർ മിക്കവരും കുറച്ചെങ്കിലും ഇന്ത്യൻ കറൻസി തിരികെ എത്തുമ്പോഴത്തെ ആവശ്യം പരിഗണിച്ച് കൈവശം വയ്ക്കാറുണ്ട്.

മിക്കവരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ് പണം കൈവശം വയ്ക്കാറുള്ളതും. അത്തരത്തിൽ പണം കൊണ്ടുപോയവർക്ക് നോട്ടുകൾ മാറ്റിവാങ്ങാൻ അനുവദിച്ച സമയപരിധിയായ ഡിസംബർ 30നകം നാട്ടിലെത്താൻ കഴിയാത്തവരാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രവാസികളിൽ പലരും തങ്ങൾ പണമയക്കുന്ന മണി എക്‌സ്‌ചേഞ്ചുകളെ സമീപിച്ചെങ്കിലും അവർ 500, 1000 നോട്ടുകൾ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ അവർ ആശങ്കയിലാകുകയായിരുന്നു.

പക്ഷേ, പരിഭ്രാന്തി വേണ്ടെന്നും കൈവശം അസാധുവാക്കപ്പെട്ട ഇന്ത്യൻ കറൻസിയുള്ള പ്രവാസികൾക്ക് കാരണം വ്യക്തമാക്കി ഡിസംബർ 30ന് ശേഷം റിസർവ് ബാങ്കിലെത്തി പണം മാറ്റാമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രവാസികൾക്ക് എൻആർഓ അക്കൗണ്ട് വഴി പണം മാറ്റിവാങ്ങാനാകും. നിശ്ചിത സമയപരിധി കഴിഞ്ഞ് ബാങ്കിൽ നിന്ന് പണം മാറ്റാൻ കഴിയാത്തവർക്കാണ് പ്രത്യേക സത്യവാങ്മൂലം നൽകി റിസർവ് ബാങ്കിൽ നിന്ന് പണം മാറ്റാൻ അവസരം നൽകുന്നത്.

റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ :

പ്രഖ്യാപിച്ച സമയപരിധിക്കു മുമ്പ് നാട്ടിലെത്താൻ കഴിയാത്തവർക്ക് നാട്ടിലേക്ക് വരുന്ന മറ്റൊരു പ്രവാസിയുടെ കൈവശം പണം കൊടുത്തയക്കാം. നാട്ടിലുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് സുഹൃത്തിനെ നിയോഗിക്കാം. നിങ്ങൾക്ക് അക്കൗണ്ടുള്ള ബ്രാഞ്ചിലെത്തി സുഹൃത്തിന് പണം നിക്ഷേപിക്കാം. നിങ്ങളുടെ ഓതറൈസേഷൻ ലെറ്ററും ഐഡന്റിറ്റി പ്രൂഫും നൽകേണ്ടതാണ്. ആധാർ, ലൈസൻസ്, വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, എൻആർഇജിഎ കാർഡ്, പാൻകാർഡ്, ഗവ-പൊതുമേഖലാ സ്ഥാപനങ്ങളുടെ കാർഡ് തുടങ്ങിയവ വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഐഡന്റിറ്റി പ്രൂഫായി നൽകാം. ഇവയുടെ കോപ്പി നൽകിയാൽ മതിയാകും.

പണം മാറ്റിവാങ്ങുമ്പോൾ സമർപ്പിക്കേണ്ട ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തുക

പണം മാറാനായി ഡിസംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് എന്നതിനാൽ അതിനിടയിൽ നാട്ടിലേക്ക് വരുന്നവർക്ക് നോട്ടുകൾ മാറിയെടുക്കാൻ ബുദ്ധിമുട്ട് നേരിടില്ല. അങ്ങനെ മാറ്റിയെടുക്കേണ്ടവരിൽ 50,000 രൂപയിൽ കൂടുതൽ പണമുള്ളവർ പാൻ കാർഡ് ഹാജരാക്കണം. നിശ്ചിത സമയത്തിന് ശേഷമാണ് നോട്ടുമായി നാട്ടിലേക്ക് വരുന്നതെങ്കിൽ നേരിട്ട് ആർബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാൻ വൈകിയതിന്റെ കാരണവും തിരിച്ചറിയൽ രേഖകളും ഇതിനോടെപ്പം സമർപ്പിക്കണം.

എൻആർഒ അക്കൗണ്ടില്ലാത്തവർ നിരവധി

പ്രവാസികളിൽ പലരും നാട്ടിൽ പണം എത്തിക്കാൻ എളുപ്പവഴി തേടുന്നവരാണ് എന്നതിനാൽ പലർക്കും എൻആർഒ അക്കൗണ്ട് (നോൺ റസിഡന്റ് ഓർഡിനറി റുപ്പീ അക്കൗണ്ട്) ഇല്ലെന്ന സാഹചര്യവുമുണ്ട്. ഇവർ അടിയന്തിരമായി അക്കൗണ്ട തുറക്കുകയാണ് വേണ്ടതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നുണ്ട്. കുഴൽപ്പണക്കാരെ പണം അയക്കാൻ ആശ്രയിക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ ഉറച്ചുതന്നെയാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് ചുരുക്കം. കുഴൽപ്പണക്കാരുടെ വിളയാട്ടത്തെപ്പറ്റി കഴിഞ്ഞദിവസം മറുനാടൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുമായി ബന്ധപ്പെട്ട് വന്ന കമന്റ് ഇങ്ങനെയായിരുന്നു.

''വർഷങ്ങളായി അടുതറിയുന്ന ഒരാൾക്ക് എൻആർഇ അകൗണ്ടില്ലെന്നു കേട്ടപ്പോൾ ശരിക്കും ഞെട്ടി ! (20 വർഷത്തിൽ കൂടുതലായി യുഎഇയിൽ താമസിക്കുന്ന അദ്ദേഹം ഒരു കഫറ്റേരിയയിൽ സപ്ലയർ ആണ് ). ചോദിച്ചപ്പോൾ പറഞ്ഞത് എക്‌സ്‌ചേഞ്ചിൽ പോകണം, ഡിഡി എടുക്കണം, പിന്നെ പണമെടുക്കാൻ ഭാര്യയെ ബാങ്കിൽവിടണം... ഈ കഷ്ടപ്പാടൊന്നുമില്ലാതെ ഒന്ന് വിളിച്ചു പറഞ്ഞാൽ പണം നാട്ടിലെ വീട്ടിൽ ഭാര്യയുടെ കയ്യിൽ കിട്ടുമത്രേ! (ഇവിടെ കൊടുക്കാനുള്ളതു പിന്നീട് കൊടുത്താലും മതി.) ഇത്രയും നല്ല സർവീസ് ഏതു ബാങ്കാണ് തരുന്നതെന്നു അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ എനിക്കും ഉത്തരം മുട്ടി !''. സ്ഥിതി ഇതാണെന്നത് ഇപ്പോഴത്തെ നോട്ടു നിരോധത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളുടെ സ്ഥിതി പരുങ്ങലിലാക്കുന്നുണ്ട്. അതേസമയം, നേരായ മാർഗത്തിൽ പണം അയക്കുന്നവർക്കും എൻആർഓ അക്കൗണ്ടുള്ളവർക്കും ആശങ്ക വേണ്ട താനും.

എന്നാൽ റിസർവ് ബാങ്ക് നാട്ടിലേക്ക് വരുന്നവരുടെ കൈവശം കൂടുതൽപേർക്ക് പണം നൽകാനാവില്ലെന്നത് പ്രവാസികളെ കുഴക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുമ്പോൾ കൈവശം വയ്ക്കാവുന്ന ഇന്ത്യൻ കറൻസിയുടെ പരിധി 25,000 രൂപയാണ്. അതിനാൽ അതിൽ കൂടുതൽ തുകയുടെ നോട്ടുകൾ നാട്ടിലേക്കു വരുന്നവർക്ക് കൈവശം വയ്ക്കാനാവില്ല. നേരത്തെ പതിനായിരം രൂപ കൈവശംവയ്ക്കാമെന്നത് 2014 ജൂണിലാണ് 25,000 ആക്കി ഉയർത്തിയത്.

നാട്ടിലെത്തിയാൽ വീട്ടിലേക്ക് പോകാനും മറ്റുമായി പലരും കാൽലക്ഷത്തോളം തന്നെ കൈവശം വയ്ക്കാറുണ്ട് എന്നതിനാൽ ഇത് മാറ്റിവാങ്ങുന്നതെങ്ങനെ എന്ന ആശങ്കയാണ് പലർക്കും. നാട്ടിലേക്ക് വരുന്ന പലർക്കും ഒന്നോ രണ്ടോ പേരുടെ തുകയേ തന്റെ സ്വന്തം പണത്തിന് പുറത്ത് കൈവശം വയ്ക്കാനാകൂ എന്നതിനാൽ പണം മാറ്റിവാങ്ങാൻ എംബസികളിലും സൗകര്യമൊരുക്കണമെന്ന ആവശ്യമാണുയരുന്നത്. ഇതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തി കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രവാസി സംഘടനകൾ.