- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്കിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ബാഗിൽ നിന്നും മൊബൈൽ ഫോണും പെർഫ്യൂമുകളും അപ്രത്യക്ഷമായി! പരാതി കൊടുത്തിട്ടും യാതൊരു നടപടിയും എടുക്കാതെ അധികൃതർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് ആര്?
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികളെന്ന് പലരും ആവർത്തിക്കുമ്പോഴും നാട്ടിലെത്തിയാൽ പിന്നെ പ്രവാസികൾക്ക് കഷ്ടകാലമാണ്. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മുതൽ തുടങ്ങുന്നു പ്രവാസികളെ കൊള്ളയടിക്കാൻ. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനും ഇരയാകേണ്ടി വരാറുണ്ട് പ്രവാസി മലയാളികൾ. കഷ്ടപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികളെന്ന് പലരും ആവർത്തിക്കുമ്പോഴും നാട്ടിലെത്തിയാൽ പിന്നെ പ്രവാസികൾക്ക് കഷ്ടകാലമാണ്. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മുതൽ തുടങ്ങുന്നു പ്രവാസികളെ കൊള്ളയടിക്കാൻ. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനും ഇരയാകേണ്ടി വരാറുണ്ട് പ്രവാസി മലയാളികൾ. കഷ്ടപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങൾ വിമാനത്താവളത്തിൽ എത്തിയാൽ മോഷ്ടിക്കപ്പെടുന്നത് പതിവായിരിക്കയാണ്. കേരളത്തിലെ വിമാനത്താവളങ്ങളിലെല്ലാം ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുക പതിവാണ്. ചുരുങ്ങി കാലയളവിലെ അവധിയിൽ നാട്ടിലെത്തുന്ന പ്രവാസികൾ പരാതിയും കേസുമായി നിൽക്കില്ലെന്ന ഉറപ്പുള്ളതിനാൽ ഇത് ലാക്കാക്കി കൊള്ളയടിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലുള്ളവർ തന്നെയാണെന്ന ആക്ഷേപം പലതവണ ഉയർന്നിരുന്നു. എത്രയൊക്കെ പരാതിപെട്ടിട്ടും ഇതിന് യാതൊരു പരിഹാരവും ഉണ്ടാക്കാൻ ആർക്കും സാധിച്ചിട്ടില്ല.
ഇക്കഴിഞ്ഞ മാസം ഒമ്പതാം തീയ്യതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങി ഷാർജ സ്വദേശിനിയായ മലയാളി യുവതിയും വിമാനത്താവളത്തിൽ കൊള്ളയടിക്കപ്പെട്ടു. കൊച്ചി സ്വദേശിനിയായ മഞ്ജു പ്രിയാസിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഒമ്പതാം തീയതി വൈകീട്ട് 10.30ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയ ഇവർക്ക് പരിശോധന കഴിഞ്ഞ് ശേഷം കിട്ടിയ ബാഗേജിൽ നിന്നും നഷ്ടമായത് ലെവോനയുടെ സ്മാർട്ട് ഫോണും പെർഫ്യും ബോട്ടിലുകളുമാണ്.
പരിശോധന കഴിഞ്ഞ് ബാഗ് കിട്ടിയപ്പോൾ തുറന്നു നോക്കിയപ്പോഴാണ് ഇവ നഷ്ടമായത് ബോധ്യമായത്. താൻ കൊള്ളയടിക്കപ്പെട്ട വിവരം ചൂണ്ടിക്കാട്ടി അന്ന് രാത്രി തന്നെ അവർ എയർപോർട്ട് ടെർമിനൽ മാനേജർക്ക് പരാതി നൽകുകയും ചെയ്തു. കൂടാതെ എയർപോർട്ട് പൊലീസിനെ വിവരം അറിയിച്ചെങ്കിലും അവരും യാതൊരു നടപടിയും സ്വീകരിച്ചില്ല. സിസി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ഒന്നും വ്യക്തമായില്ലെന്നാണ് പൊലീസ് ഇവർക്ക് മറുപടി നൽകിയത്. ബാഗേജ് പരിശോധിക്കുന്നത് തന്നെ വിമാനത്താവളത്തിലെ ജീവനക്കാരാണെന്നിരിക്കേ എങ്ങനെയാണ് ബാഗേജിനുള്ളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായതെന്നാണ് മഞ്ജുവിന്റെ ചോദ്യം. സംഭവത്തെ കുറിച്ച് നെടുമ്പാശ്ശേരി ലോക്കൽ പൊലീസിൽ പരാതിപ്പെട്ടെങ്കിലും തിരികെ ഷാർജയിലേക്ക് പോകുന്നത് വരെ ഇവർക്ക് നഷ്ടമായ വസ്തുക്കളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ഇത് മഞ്ജുവിന്റെ മാത്രം അനുഭവമല്ല, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ലഗേജിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയ സംഭവം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ചുരുങ്ങിയ ദിവസത്തെ അവധിയിൽ എത്തുന്ന പ്രവാസികളിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കപ്പെട്ടാൽ അത് തിരിച്ചുകിട്ടിയ സംഭവം തന്നെ തീർത്തും വിരളമാണ്. പ്രവാസികളുടെ പരാതിയെ ഗൗനിക്കാൻ വിമാനത്താവള അധികൃതരും തയ്യാറല്ലെന്നതാണ് വാസ്തവം.
ആരാണ് ബാഗേജ് മോഷ്ടിക്കുന്നതെന്ന് സാധാരണ ഗതിയിൽ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകേണ്ടതാണ്. എന്നാൽ, മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ തെളിയുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ മറുപടി വേലിതന്നെ വിളവു തിന്നുന്നു എന്ന സംശയത്തിന് ബലം നൽകുന്നതാണ്. വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും സഹകരിച്ചു പ്രവർത്തിച്ചാൽ മാത്രമേ പ്രവാസികളെ കൊള്ളയടിക്കുന്ന ഈ ഏർപ്പാടിന് അറുതിവരുത്താൻ സാധിക്കുകയുള്ളൂ.