- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാർക്ക് ഇനി നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനുമൊക്കെ ഇനിമുതൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ക്കർ അദ്ധ്യക്ഷം വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.
ഇത്തരത്തിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ, റിസർവ് ബാങ്ക് അനുമതി നൽകുന്നതുവരെ കൈമാറ്റത്തിന് നിയമപരമായ സാധുത ലഭിക്കുകയില്ല എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബഞ്ച വ്യക്തമാക്കി. എന്നിരുന്നാലും, ഇതുവരെ നടന്ന ഇടപാടുകൾ വീണ്ടും പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബെങ്കലൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെടുത്തി നടന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കേണ്ടതില്ല എന്നതീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു.
ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാരുടെ പല അവകാശങ്ങളും എടുത്തുകളഞ്ഞ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്ന ഘട്ടത്തിൽ തന്നെയാണ് വിദേശ ഇന്ത്യാക്കാർക്ക് മറ്റൊരു തിരിച്ചടിയായി ഈ വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച്, നിങ്ങൾ വിദേശ പൗരത്വം എടുത്തിട്ടുണ്ടെങ്കിൽ , നാട്ടിലെ സ്വത്തിൽ എന്തെങ്കിലും ക്രയവിക്രയങ്ങൾ നടത്തുന്നതിനു മുൻപായി റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി എടുത്തിരിക്കണം. അത് എടുക്കാതിരിക്കുന്നിടത്തോളം കാലം ഈ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.
നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം തന്നെയാണിത്, പ്രത്യേകിച്ച് മദ്ധ്യ കേരളത്തിൽ. ഗൾഫ് മലയാളികൾക്ക് അവിടങ്ങളിലെ പൗരത്വമില്ലാത്തതിനാൽ എൻ ആർ ഐ സ്റ്റാറ്റസ് ആണ് ഉള്ളത്. എന്നാൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിച്ചേർന്നവർ, ഒരു നിശ്ചിത കാലാവധി തീരുമ്പോൾ അവിടത്തെ പൗരന്മാരായി മറുകയാണ് പതിവ്. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്ന പ്രത്യേക സ്റ്റാറ്റസ് ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.
ഇരട്ടപൗരത്വം എന്ന ആശയം ചർച്ചയിൽ നിൽക്കുന്ന സമയത്ത് ഒ സി ഐ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നൽകിയിരുന്നു. ഇതനുസരിച്ച്, നാട്ടിൽ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളവർനിരവധിയാണ്. ഇനി സ്വത്തുക്കളുടെ കാര്യത്തിൽ മുന്നോട്ട് പോവുക ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാകും, പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ അനുമതിയൊക്കെ വാങ്ങുക എന്ന കാര്യമുള്ളപ്പോൾ. . തീർച്ചയായും ഇത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു തിരിച്ചടിക്ക് കാരണമായേക്കാം.