തിരുവനന്തപുരം: പ്രവാസികളുടെ ലഗേജുകൾ മോഷ്ടിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരുടെ നടപടിക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാണ്. പ്രവാസികളാണ് സൈബർ ലോകത്ത് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇതിനിടെ ഒരു യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം സൈബർ ലോകത്തിന്റെ ശ്രദ്ധയിൽ പെട്ടു. വിമാനത്താവളത്തിലെ ജീവനക്കാരോട് ബാഗേജ് മോഷ്ടിക്കരുത് എന്ന് അപേക്ഷിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ലഗേജിൽ യുവാവ് എഴുതിയത് ഇങ്ങനെ:

''കോഴിക്കോട് എയർപോർട്ട് ജീവനക്കാരുടെ ശ്രദ്ധയ്ക്ക്! പഴയ തുണിയാണ്...(വിസിറ്റ് വിസ) ഒരു പുള്ളി ഷർട്ടുണ്ട് എടുക്കരുത്.. പിന്നെ അമ്മ വീട്ടിൽ കയറ്റില്ല!''- ലഗേജിന് പുറത്തായാണ് യുവാവ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഈ ചിത്രം ഒറിജിനലാണോ അതോ ഫോട്ടോഷോപ്പാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും സൈബർ ലോകം ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിലെ പ്രവാസി ഗ്രൂപ്പുകളിൽ വൈറലാണ് ഈ ചിത്രം.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനം ഇറങ്ങിയവരിൽ നിന്നും ലഗേജിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി പ്രവാസികൾ രംഗത്തിറങ്ങിയത്. സൈബർലോകത്ത് ട്രോളുകളുടെ രൂപത്തിരും പ്രതിഷേധം ഇരമ്പുണ്ട്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.

പത്തോളം പേരാണ് ഇന്നലെ ലഗേജിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു എന്ന കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഇവരെല്ലാം തന്നെ ദുബൈ എയർോപർട്ടിൽ നിന്നും കരിപ്പൂരിലേക്ക് എയർ ഇന്ത്യ വിമാനത്തിലോ, എയർ എക്സ്‌പ്രസ് വിമാനത്തിലോ വന്നവരാണ്. സ്വർണ്ണാഭരങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ മോഷണം പോയവയിൽപെടും. ഏഴ് ദിവസത്തെ ലീവിന് വന്നവർ മുതൽ ദീർഘകാലത്തെ പ്രവനാസ ജീവിതം മതിയാക്കിവന്നവർ വരെ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.

അതേ സമയം യാത്രക്കാരുെട ലഗേജുകൾ കൊള്ളയടിക്കപ്പെട്ടതിന്റെ വിവരങ്ങൾ ഉൾപെട്ട വീഡിയോകൾ പുറത്ത് വന്നത് മുതൽ നിരവധിയാളുകളാണ് സമാന പരാതികളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെല്ലാവരും തന്നെ എയർഇന്ത്യ, എയർ എക്സ്‌പ്രസ് വിമാനങ്ങളിൽ ദുബൈയിൽ നിന്ന് വന്നവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റ് വിമാനങ്ങളിൽ വന്നവർക്കോ, മറ്റിടങ്ങളിൽ നിന്ന് വന്നവർക്കോ അത്തരം അനുഭവങ്ങളുണ്ടായത് താരതമ്യേന കുറവാണ്. കൊള്ളക്കാർ പ്രധാനമായും ലക്ഷ്യംവെക്കുന്നത് ദുബൈയിൽ നിന്നും വരുന്നവരെയാണെന്നാണ് പുറത്ത് വന്ന തുറന്ന് പറച്ചിലുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നത്.