ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും എഴുത്തുകാരൻ സക്കറിയയേയും വിമർശിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. ഐസ്‌ക്രീം, സോളാർ തുടങ്ങി വമ്പന്മാർ സംശയിക്കപ്പെട്ട കേസുകളിൽ കണ്ട ജനരോഷവും പരദുഃഖ ഹർഷവും മാത്രമെ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളുവെന്ന് എൻഎസ് മാധവൻ ട്വിറ്ററിൽ കുറിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദിലീപ് അനുകൂല പോസ്റ്റുകളെ വിമർശിക്കുന്ന അദ്ദേഹം ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനും പ്രതിക്കുവേണ്ടിയുമാണെന്ന് ആർക്കാണ് അറിയാത്തത് എന്നും ചോദിക്കുന്നു.

അടൂരിന്റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം 'ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു' എന്ന തലക്കെട്ടിൽ എൻ.മാധവൻകുട്ടിയുടെ ട്വീറ്റിനും എൻ.എസ് മാധവൻ പരിഹാസരൂപേണ മറുപടി നൽകിയിട്ടുണ്ട്.

ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണെന്നായിരുന്നു എഴുത്തുകാരൻ സക്കറിയയുടെ വാദം. ''ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നിൽക്കുന്ന ഒരുവനാണ് ഞാൻ- അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്'' എന്ന ആമുഖത്തോടെയായിരുന്നു സഖറിയയുടെ പോസ്റ്റ്.

''യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടൻ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നൽകിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങൾ കേസ് റിപ്പോർട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങൾ പ്രതികരിക്കുന്നതും.

ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുൻവിധി അടിച്ചേൽപിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനിൽ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ്''- സക്കറിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.