- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെഹ്റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും'; കേന്ദ്ര മന്ത്രി വി മുരളീധരനെ ട്രോളി സാഹിത്യകാരൻ എൻ എസ് മാധവൻ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം വൻവിവാദമായിരിക്കവെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന് മറുപടിയുമായി എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. . നെഹ്റുവിന് വള്ളംകളിയറിഞ്ഞിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേര് നൽകിയിരിക്കുന്നതെന്ന മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടാണ് എൻ.എസ് മാധവൻ പ്രതികരിച്ചത്.'നെഹ്റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും.'- എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.
ഹിമാചൽ പ്രദേശിലെ മണാലിയിലെ അടൽ തുരങ്കപ്പാതയെ സൂചിപ്പിച്ചുകൊണ്ടാണ് എൻഎസ് മാധവൻ മുരളീധരനെ പരിഹസിച്ചത്. മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെട സ്മരണാർത്ഥമാണ് തുരങ്കപാതക്ക് 'അടൽ' എന്ന പേര് നൽകിയിരിക്കുന്നത്. ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. ആരുമില്ലാത്ത പാതയിലൂടെ ജനങ്ങളെ നോക്കി കൈവീശി വരുംപോലെ കടന്നുവരുന്ന മോദിയുടെ ചിത്രം ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു.
ഇെക്കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോൾവാൾക്കറുടെ പേരിടുമെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചത്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കേരള സർക്കാരും രംഗത്തെത്തി. ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹർഷവർധന് കത്തെഴുതി.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സർക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാറിന് കൈമാറിയത്.പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കിൽ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കിൽ സർക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ പേര് മാറ്റത്തിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്തെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകിയത് അദ്ദേഹത്തിന് വള്ളംകളിയറിഞ്ഞിട്ടാണോയെന്നും ഏതെങ്കിലും കായികയിനത്തിൽ പങ്കെടുത്തിട്ടാണോയെന്നും മുരളീധരൻ വാർത്തസമ്മേളനത്തിൽ ചോദിച്ചു. മുരളീധരന്റെ പ്രസ്താവന ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു.
മറുനാടന് ഡെസ്ക്