ന്യൂഡൽഹി: വിരമിച്ച മാർപാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം സേവിക്കാമെങ്കിൽ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടെന്ന് പരിഹസിച്ച് എഴുത്തുകാരൻ എൻഎസ് മാധവന്റെ ട്വീറ്റ്. കയ്യിൽ ബീർഗ്ലാസ്സുമായി ഇരിക്കുന്ന ബെനഡിക്ട് പതിനാറാമന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് എൻ എസ് മാധവന്റെ ട്വീറ്റ്.

വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ എന്നായിരുന്നു ട്വീറ്റ്.

അടച്ച ബാറുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ചെങ്ങന്നൂരിൽ കെസിബിസിയുടെ (കേരള കാത്തലിക് ബിഷപ് കൗൺസിൽ) നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടത്താൻ പോകുന്ന പശ്ചാത്തലത്തിലാണ് മാധവന്റെ ട്വീറ്റ്. ബാറുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിന് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകുമെന്ന് കെസിബിസി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

2017 ഏപ്രിൽ 17ന് ബെനഡിക്ട് പതിനാറാമന്റെ 90ാം പിറന്നാളാഘോഷ വേളയിലാണ് അദ്ദേഹം ബീർ കഴിക്കുന്ന ചിത്രങ്ങൾ അന്തർദേശീയ മാധ്യമങ്ങളിൽ അച്ചടിച്ചു വന്നത്.