- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സൂഫികൾ; താലിബാൻ ആശയങ്ങൾക്കെതിരെ പോരാടണം; ശിരസ്സും ഉടലും വേർപ്പെടുത്തുക എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ പ്രാകൃതം; സംഗീതവും നൃത്തവും ഇസ്ലാമിന് എതിരില്ലെന്നും സൂഫി സംഘടനകൾ; അന്താരാഷ്ട്ര വാർത്തയായി സർവമത സൗഹാർദ യോഗം
ന്യൂഡൽഹി: സമാധാനവും സ്നേഹവും അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിലെ ആത്മീയധാരയാണ് സൂഫിസം വിലയിരുത്തപ്പെടുന്നത്. കബീർദാസും, സൂർദാസും പോലുള്ള വലിയ സൂഫി ഗായകരുടെ നാടായിരുന്നു ഇന്ത്യ. എന്നാൽ ക്രമേണേ ആ ധാര ചുരുങ്ങുകയും, സംഗീതവും നൃത്തവും ഹറാമാണെന്നും, മതമൗലികാവാദ ഗ്രൂപ്പുകൾ പിടിമുറുക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയിലും കണ്ടത്. എന്നാൽ ഇപ്പോൾ സൂഫികൾ അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ന്യൂഡൽഹിയിൽ സൂഫി മതപണ്ഡിതർ സംഘടിപ്പിച്ച സർവമത സൗഹാർദ യോഗം ലോകമാധ്യമങ്ങളിൽ വരെ വലിയ ചർച്ചയായിരിക്കയാണ്.
സൂഫി മതപണ്ഡിതരുടെ സംഘടനയായ ഓൾ ഇന്ത്യ സൂഫി സജ്ജാദ നഷീൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ടുപോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് പ്രമേയം പാസാക്കി. താലിബാൻ ആശയങ്ങളെ ഇസ്ലാമിന് ഉള്ളിൽ നിന്ന് എതിർക്കുമെന്നും സൂഫി പണ്ഡിതർ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുഖ്യ ക്ഷണിതാവായിരുന്നു. തീവ്രവാദ സംഘടനകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സുർ തൻ സെ ജുഡാ (ശിരസ്സും ഉടലും വേർപ്പെടുത്തുക) എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ താലിബാന്റെത് ആണെന്നും അത്തരം ആശയങ്ങൾക്കെതിരെ ഇസ്ലാമിനുള്ളിൽ തന്നെ എതിർപ്പ് ശക്തമാക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സൂഫി മതപണ്ഡിതനും ഓൾ ഇന്ത്യ സൂഫി സജ്ജാദ നഷീൻ കൗൺസിൽ ചെയർപേഴ്‌സണുമായ ഹസ്റത്ത് സയിദ് നസീറുദ്ദീൻ ചിസ്തി പറഞ്ഞു.
രാജ്യത്തെ വർഗ്ഗീയ കലാപങ്ങളിൽ ഇനിയും നിശ്ശബദ് കാഴ്ചക്കാരായി നോക്കിനിൽക്കാനാവില്ലെന്ന് സൂഫി മതപണ്ഡിതരോട് ദേശീയ സുരക്ഷാ ഉപദേഷടാവ് അജിത് ഡോവൽ പറഞ്ഞു. 'നമ്മൾ സംഘടിക്കുകയും ശബ്ദമുയർത്തുകയും തെറ്റുകൾ മെച്ചപ്പെടുത്തുകയും വേണം. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ഒരു രാജ്യമാണെന്ന് തോന്നിപ്പിക്കണം''- ഡോവൽ പറഞ്ഞു.
'ഇന്ത്യയുടെ പുരോഗതിയെ തന്നെ തടയുന്ന രീതിയിൽ ചില ശക്തികൾ സമുദായ സംഘർഷം നടത്താൻ ശ്രമിക്കുന്നുണ്ട്. ഇവർ മതത്തിന്റെയും ആശയങ്ങളുടെയും പേരിൽ സംഘട്ടനവും വിദ്വേഷവും വളർത്താൻ ശ്രമിക്കുകയാണ്. ഇതിനെതിരെ സംഘടിച്ച് ശബ്ദമുയർത്തേണ്ടതായി വരും'- വിവിധ സമുദായത്തിൽ വിശ്വാസികൾ തമ്മിലുള്ള ഐക്യം വളർത്താൻ വിളിച്ച യോഗത്തിൽ അജിത് ഡോവൽ പറഞ്ഞു. ഈ മതമൗലിക വാദശക്തികളെ അപലപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. സമൂഹത്തിനുള്ളിൽ ഇറങ്ങിച്ചെന്ന് ഇതിനെതിരെ പ്രവർത്തിക്കണം.-അജിത് ഡോവൽ ചൂണ്ടിക്കാട്ടി.
ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ മതം, സിഖ്, ബുദ്ധിസം, ജൈനമതം എന്നീ വിവിധ വിശ്വാസസംഹിതകളിൽ നിന്നുള്ള പ്രതിനിധികൾ തമ്മിലുള്ള ചർച്ചകളും വാങ്ങൽകൊടുക്കലുകളും പ്രോത്സാപിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഇസ്ലാം മതസഹിഷ്ണുതയ്ക്കാണ് ഊന്നൽ നൽകുന്നതെന്ന് മറ്റൊരു മതപണ്ഡിതനായ സയ്യിദ് സൽമാൻ ഹുസൈനി നദ് വി പറഞ്ഞു. ഇന്ത്യാ വിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് മൗലാന കൽബെ ജവാദ് നഖ് വി ആവശ്യപ്പെട്ടു.
പോപ്പുലർ ഫണ്ട് പോലുള്ള റാഡിക്കൽ സംഘടനകളെ നിരോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റ് സൂഫി പുരോഹിതരും ആവശ്യപ്പെട്ടു. 'എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തീവ്രമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഉൾപ്പെടെയുള്ള ഏതൊരു തീവ്ര സംഘടനയായാലും അവരെ നിരോധിക്കണം.' ഓൾ ഇന്ത്യ സൂഫി സജ്ജാദ നഷീൻ കൗൺസിൽ ചെയർപേഴ്‌സൺ ഹസ്രത്ത് സയ്യിദ് നസറുദ്ദീൻ ചിസ്്തി പറഞ്ഞു.
റാഡിക്കൽ സംഘടനകളെ നിരോധിക്കണമെന്ന പ്രമേയം അംഗീകരിച്ചാണ് യോഗം അവസാനിച്ചത്. ദൈവത്തെയോ, പ്രവാചകനെ ആരെങ്കിലും നിന്ദിക്കയോ, ചർച്ചകളിൽ ടാർജറ്റ് ചെത്ത് സംസാരിക്കുകയും ചെയ്യുന്നതിനെ അപലപിക്കുകയും ഇത് നിയമാനുസൃതമായി കൈകാര്യം ചെയ്യണമെന്നും യോഗം പ്രമേയത്തിൽ പറയുന്നു. സൂഫിസംഘടനകളുടെ ക്ഷണം അനുസരിച്ച് മറ്റ് മതങ്ങളിലെ നിരവധി പണ്ഡിതരും യോഗത്തിന് എത്തിയിരുന്നു. എല്ലാവരും ഒരുപോലെ സംസാരിച്ചത്, മതസൗഹാർദത്തെക്കുറിച്ചും സഹവർത്തിത്വത്തെക്കുറിച്ചുമായിരുന്നു.
സൂഫികൾ എന്ന സ്നേഹ പ്രവാചകൻ
ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിസം. ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും മൗലിക ഇസ്ലാമികവാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല. ആത്മീയ ജീവിതത്തിനു പ്രധാന്യം നൽകുകയും ആഡംബര ജീവിതത്തോതോട് വൈമുഖ്യം കാണിക്കുകയും ചെയ്തിരുന്നവരായിന്നു സൂഫികൾ.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് പള്ളിയിൽ താമസിച്ചിരുന്ന സുഫക്കാരിൽ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട്. അതല്ല മുഹമ്മദ് നബിക്ക് മുൻപേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികൾ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു. പർണ്ണ ശാല കെട്ടി ധ്യാനത്തിൽ ഏർപ്പെട്ട ജുറൈജ് എന്ന പരിത്യാഗിയെ ആണ് അവർ അതിനു ഉദാഹരണമായി കാട്ടുന്നത്. അത് പോലെ ഖുറാനിൽ സൂചിപ്പിക്കപ്പെട്ട കിടങ്ങിലെ സംഭവത്തിലെ കുട്ടിയുടെ ഗുരുവായി കാണിക്കപ്പെട്ട ധ്യാനിയായ യോഗിയുടെ കഥയും ഉദ്ധരിക്കപ്പെടാറുണ്ട്. പ്രവാചകന് ശേഷം രണ്ടാം തല മുറയിലെ സുഹ്ഹാദ് എന്ന ജീവപരിത്യാഗികൾ, ഉബ്ബാധ് എന്ന ധ്യാനത്തിൽ മുഴുകിയവർ എന്നിവരിൽ നിന്നാണ് സൂഫികളുടെ തുടക്കം എന്നാണ് മറ്റൊരു വാദം.
കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്. വളരെ പതിയെ സംസാരിക്കുക , പുഞ്ചിരിച്ചു കൊണ്ടിരിക്കുക ,തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക , തരീഖ സ്വീകരിക്കുമ്പോഴും, പ്രവാചക നാമം കേൾക്കുമ്പോഴും നെഞ്ചിൽ കൈ വെക്കുക എന്നിങ്ങനെ ഒട്ടേറെ ചിട്ടവട്ടങ്ങൾ സൂഫികൾക്കുണ്ട് . സാധാരണ മുസ്ലിങ്ങൾക്ക് അനുവദീയമായ കാര്യങ്ങൾ പോലും സൂഫികൾ പൊതുവെ ചെയ്യാൻ മടിക്കാറുണ്ട് . ഉദാഹരണത്തിന് പൊതു ഇടത്തു വീണ് കിട്ടിയ പഴം മുസ്ലിങ്ങൾക്ക് മതവിധി പ്രകാരം ഭക്ഷിക്കാം, എന്നാൽ സൂഫികൾ ഇത്തരത്തിലുള്ളവ കഴിക്കാൻ മടിക്കുന്നവരാണ്.
സംഗീതവും നൃത്തവും ഹറാമല്ല
കേരളത്തിലെ ഇസ്ലാമിക പണ്ഡിതനായ മുജാഹിദ് ബാലുശ്ശേരിയൊക്കെ പച്ചക്ക് വ്യഭിചാരം എന്ന്ാണ് സംഗീതത്തെയും നൃത്തത്തെയും വിശേഷിപ്പിക്കാറ്. എന്നാൽ സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്. ഹദ്റ എന്ന സ്തോത്ര സദസ്സുകളിലാണ് വശങ്ങളിലേക്കും മുൻ പിൻ ഭാഗങ്ങളിലേക്കു ആടിയും വട്ടത്തിൽ ചുറ്റി കറങ്ങിയും മറ്റും നൃത്തം ചെയ്യാറ്. ദഫ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത ആലാപനങ്ങളും ഇവർക്കിടയിൽ പതിവാണ്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രശസ്തനായ സൂഫി, റൂമിയുടെ അനുയായികൾ ആചരിക്കുന്ന കറങ്ങിക്കൊണ്ടുള്ള നൃത്തം ശ്രദ്ധേയമാണ്.എന്നാൽ ഇത്തരം കാര്യങ്ങൾ നൃത്തമല്ലെന്നും ആത്മീയതയിൽ അലിഞ്ഞു ചേർന്ന ചലനങ്ങൾ മാത്രമാണ് എന്നാണ് സൂഫി പക്ഷം. മുസ്ലിം സുന്നി വിഭാഗത്തിലെ പാരമ്പര്യ വാദികൾ ഒഴികെ ഉള്ളവർ പൊതുവെ സൂഫികളെ പിന്തുണയ്ക്കാറില്ല. ശവകുടീര പ്രാർത്ഥനകൾ, റാതീബ്, മൗലീദ് കീർത്തനങ്ങൾ, ദിക്ര് സ്തോത്ര സദസ്സുകൾ തുടങ്ങിയ സൂഫി ആചാരങ്ങൾ ഇസ്ലാം മതവും ആയി ബന്ധം ഇല്ലാത്തതാണെന്നും, നബി ചര്യക്ക് വിരുദ്ധം ആണെന്നും, പ്രാമാണികമല്ലെന്നും മൗലിക ചിന്താഗതിക്കാർ വിശ്വസിക്കുന്നു.
ഇസ്ലാം മതവിശ്വാസപ്രകാരം സൃഷ്ടിയുടെ ലക്ഷ്യം ദൈവത്തെ ആരാധിക്കലാണ്. അതനുസരിച്ച് ഒരു യജമാനനും അടിമയും തമ്മിലുള്ള ബന്ധമാണ് ദൈവവും ഭക്തനും തമ്മിലുണ്ടാവേണ്ടത്. ദൈവത്തെ നല്ലരീതിയിൽ ആരാധിക്കുന്നവർക്ക് വിധിദിനത്തിൽ സ്വർഗവും അല്ലെങ്കിൽ നരകവും ലഭിക്കുമെന്നവർ വിശ്വസിക്കുന്നു. എന്നാൽ സൂഫി മാർഗ്ഗം വ്യത്യസ്തമാണ്, ദൈവം മനുഷ്യരോട് ആരാധിക്കാൻ നിർദ്ദേശിച്ചതുകൊണ്ടല്ല, മറിച്ച് ദൈവം വളരെ സ്നേഹമയനാണെന്നതാണ് ആരാധിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാനുള്ള കാരണം എന്നും, ദൈവശിക്ഷയെ ഭയക്കാതെ ദൈവസ്നേഹം നഷ്ടമാകും എന്ന ഭയത്താൽ ദൈവത്തെ പ്രണയിച്ചു സാമീപ്യം നേടാം എന്നാണ് ഇവർ വിശ്വസിക്കുന്നത്. ദൈവ പ്രീതി മാത്രമായിരിക്കും ഇത്തരം സൂഫികളുടെ ലക്ഷ്യം. ഇസ്ലാമിക നിയമ വ്യവസ്ഥ ആയ ശരീയത്ത് പൂർണ്ണമായി പിൻപറ്റി നബി ചര്യകൾ ഒന്നും ഒഴിവാക്കാതെ തസവ്വുഫ് എന്ന ആത്മ സംസ്‌കരണത്തിലൂടെ ത്വരീഖത് എന്ന സരണി ഗുരുവിലൂടെ സ്വീകരിക്കലാണ് പൗരാണിക സൂഫിസം. ധ്യാനം, വ്രതം, സ്തോത്ര സദസ്സുകൾ, നമസ്‌ക്കാരം, സ്തോത്ര പ്രകീർത്തനങ്ങൾ, ദേശാടനം, മത പ്രബോധനം, ജന സേവനം എന്നിവ ആയിരിക്കും ഇവരുടെ ദിന ചര്യ.
ശരിക്കും ഇസ്ലാമിന്റെ സമാധാന മുഖമാണ് സൂഫി ധാര. എന്നാൽ ഇന്ന് ഇവരെ ലോകത്തിലെ മറ്റ് മുസ്ലിം വിഭാഗങ്ങൾ, അംഗീകരിക്കുന്നില്ല. യാതൊരു തരത്തിലുള്ള പൊളിറ്റിക്കൽ ആക്റ്റിവിറ്റിയിലും ഇടപെടാതെ, ഇസ്ലാമിനെ വെറും പ്രാർത്ഥനാ ഗ്രൂപ്പ് ആക്കുന്നുവെന്നാണ് ഇസ്ലാമിക മതമൗലികവാദികളുടെ ആരോപണം. അമേരിക്ക ഇവർക്ക് വ്യാപകമായി ഫണ്ട് ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇന്ത്യയിലേക്ക് വന്നാൽ സൂഫികളെ സ്പോൺസർ ചെയ്യുന്നത് ബിജെപിയാണെന്നാണ് മറ്റ് സംഘടനകളുടെ വാദം. എന്നാൽ തങ്ങളാണ് യഥാർഥ ഇസ്ലാം എന്നും, സമാധാനപരമായ സൗഹാർദപരമായും ജീവിക്കുക എന്ന വീക്ഷണമാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമെന്നുമാണ് സൂഫി സംഘടകൾ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ