- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിഷേധങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന തട്ടിക്കൂട്ട് പണികൾ മാത്രം; മേയർക്ക് റോഡ് നവീകരണത്തിൽ ആത്മാർത്ഥതയില്ല; തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനവുമായി ഭരണപക്ഷ വിദ്യാർത്ഥി സംഘടന; കോർപ്പറേഷൻ റോഡുകൾ നരകതുല്യമെന്ന് എൻഎസ്സി ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തലസ്ഥാനജില്ലയിലെ കോർപ്പറേഷനെതിരെ വിമർശനവുമായി ഭരണപക്ഷ പാർട്ടിയുടെ വിദ്യാർത്ഥിസംഘടന. എൻസിപിയുടെ വിദ്യാർത്ഥി സംഘടനയായ എൻഎസ്സിയുടെ ജില്ലാ പ്രസിഡന്റ് അജു കെ മധുവാണ് തിരുവനന്തപുരത്തെ കോർപ്പറേഷൻ റോഡുകളുടെ ദുരവസ്ഥയ്ക്കെതിരെ രംഗത്ത് വന്നത്.
തിരുവനന്തപുരം മേയർക്ക് കോർപ്പറേഷൻ റോഡുകൾ നവീകരിക്കുന്നതിന് താൽപര്യമില്ലെന്ന് അജു കെ. മധു ആരോപിച്ചു. പ്രതിഷേധങ്ങളുണ്ടാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന തട്ടിക്കൂട്ട് പണികൾ മാത്രമാണ് തിരുവനന്തപുരത്തെ റോഡുകളിൽ നടക്കുന്നത്. അടുത്ത ഒരു മഴയോടെ വീണ്ടും റോഡ് പഴയതിനേക്കാൾ മോശപ്പെട്ട നിലയിലാകും. നഗരത്തിലെ ജനങ്ങൾ നടുവൊടിയാതെ യാത്ര ചെയ്യണമെന്ന കാര്യത്തിൽ മേയർക്കോ മറ്റ് കോർപ്പറേഷൻ അധികാരികൾക്കോ യാതൊരു ആത്മാർത്ഥതയുമില്ലെന്നും അജു പത്രക്കുറിപ്പിൽ ആരോപിച്ചു.
നേരത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഒറ്റയാൾ സമരങ്ങളുമായി അജു രംഗത്തെത്തിയിരുന്നു. തമ്പാനൂർ ന്യൂ തീയറ്ററിന് മുന്നിലും കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ റോഡ് അടച്ചിട്ടിരിക്കുന്ന തിരുവല്ലത്തും റോഡിന് കുറുകെ കിടന്ന് സമരം നടത്തിയയാളാണ് അജു. തമ്പാനൂരിലെ സമരത്തെ തുടർന്ന് മേയർ ഇടപെടുകയും ഉടനടി പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷത്തോളമായിട്ടും സുസ്ഥിരമായൊരു പരിഹാരം ന്യൂ തീയറ്റർ റോഡിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് അജു ആരോപിക്കുന്നു. സമരത്തെ തുടർന്ന് ദ്രുതഗതിയിൽ ചില മുഖംമിനുക്കൽ പരിപാടികൾ ചെയ്തെങ്കിലും രണ്ട് മഴ കഴിഞ്ഞതോടെ റോഡ് വീണ്ടും ട്രയിനേജ് കൊണ്ടും കുഴികൾ കൊണ്ടും നിറഞ്ഞു.
നഗരത്തിലെ ഭൂരിപക്ഷം കോർപ്പറേഷൻ റോഡുകളും ശോചനീയാവസ്ഥയിലാണെന്ന് അജു ആരോപിച്ചു. സ്കൂളുകൾ തുറന്ന് വിദ്യാർത്ഥികൾ സ്കൂളുകളിൽ പോകാൻ തുടങ്ങിയിട്ടും സ്കൂളുകളിലേയ്ക്കുള്ള ഇടറോഡുകൾ പോലും നവീകരിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല. മഴ പെയ്യുന്ന ദിവസങ്ങളിൽ ജീവൻ പണയം വച്ചാണ് വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര. അടിയന്തരമായി റോഡുകൾ നവീകരിച്ചില്ലെങ്കിൽ വിദ്യാർത്ഥികളുടെ റോഡ് സമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അജു പറഞ്ഞു.
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ കഴിഞ്ഞയാഴ്ച്ച ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. മഴയത്ത് തകരാത്ത റോഡുകൾ നിർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലെ എൻജിനിയർമാർ രാജിവച്ച് പോകുന്നതാണ് നല്ലതെന്നായിരുന്നു ഹൈക്കാടതിയുടെ പരാമർശം. ഇന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി നടൻ ജയസൂര്യ നടത്തിയ വിമർശനവും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. കേരളത്തിലെ റോഡുകൾ തകരാൻ കാരണം മഴയാണെങ്കിൽ ചിറാപുഞ്ചിയിലൊന്നും റോഡ് ഉണ്ടാകാൻ പാടില്ലല്ലോ എന്നായിരുന്നു ജയസൂര്യയുടെ വിമർശനം.
ഇത്തരത്തിൽ പലമേഖലകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നതിന് പുറമേയാണ് മുന്നണിക്കുള്ളിൽ നിന്ന് തന്നെയുള്ള വിമർശനവും. മുമ്പ് വിദ്യാർത്ഥികളുടെ ബസ് നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും സർക്കാർ നിലപാടിനെതിരെ അജു കെ മധു രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ