ചങ്ങനാശേരി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ, സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശബരിമലയിൽ യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതിൽ. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് നവോത്ഥാനം എന്ന ഓമനപ്പേരിൽ പുതിയ പരിപാടി വരുന്നത്. വനിതാമതിൽ വിഭാഗീയത സൃഷ്ടിക്കുമെന്നും അദ്ദേഹം പെരുന്നയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദുരാചാരങ്ങൾ എല്ലാം ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം വിശ്വാസമാണ് വലുത്. വനിതാ മതിലിൽ ജീവനക്കാരെല്ലാം നിർബന്ധമായും പങ്കെടുക്കണമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയാണോ നവോത്ഥാനം ഉണ്ടാക്കേണ്ടത്. ഇത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രിയിൽ നിന്നാണ് ധാർഷ്ട്യം വരുന്നത് എന്ന് തന്നെയാണ് കണക്കാക്കേണ്ടത്. അദ്ദേഹം ഇപ്പോഴല്ലേ മുഖ്യമന്ത്രിയായത്. സംസ്ഥാനത്തിന്റെ അഡ്‌മിനിസ്ട്രേറ്റർ എന്ന നിലയിൽ ജനങ്ങളുടെ എല്ലാം കാര്യങ്ങളും നോക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാൽ അങ്ങനെയല്ല അദ്ദേഹം പെരുമാറുന്നത്. സർക്കാരുമായി ശബരിമല വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും എൻ.എസ്.എസിന് അഭിപ്രായവ്യത്യാസമില്ല.

ഇവിടെ ചിലരൊക്കെ പറയുന്നത് സർക്കാർ എൻ.എസ്.എസിന് വേണ്ടി എന്തൊക്കെയോ ചെയ്തെന്നാണ്. മുൻ യു.ഡി.എഫ് സർക്കാർ ചെയ്തതിൽ കൂടുതലൊന്നും ഇപ്പോഴുള്ളവർ ചെയ്തിട്ടില്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട സർക്കാർ ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കിൽ വിശ്വാസികൾക്കൊപ്പം കേന്ദ്രത്തെ സമീപിക്കാനാണ് എൻ.എസ്.എസ് ഉദ്ദേശിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയം നോക്കാതെ വിശ്വാസ സംരക്ഷണത്തിൽ ആരാണോ കൂടെ നിൽക്കുന്നത് അവർക്കൊപ്പമാകും എൻ.എസ്.എസ് എന്നും സുകുമാരൻ നായർ വ്യക്തമാക്കി.

വിശ്വാസികൾക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയിൽ വിശ്വാസികൾ പങ്കെടുക്കേണ്ടതാണ്. എൻ.എസ്.എസ് അതിന് ആഹ്വാനം ചെയ്യുന്നില്ല. വിശ്വാസികൾക്ക് തീരുമാനിക്കാം. ആരുടെയും ചട്ടുകമാകാൻ എൻ.എസ്.എസ് ആഗ്രഹിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സന്ദർഭോചിത നിലപാടെടുക്കുമെന്നും വിശ്വാസം സംരക്ഷിക്കാൻ ഒപ്പം നിന്നവരെ എൻഎസ്എസ് പിന്തുണയ്ക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. വനിതാമതിലുമായി സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ എൻഎസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.