ൻ എസ് എസ് നൂറ്റിരണ്ടാം വയസ്സിലേക്ക് കടക്കുന്ന ഈ വേളയിൽ സംഘടനയുടെ പ്രവർത്തനത്തെപറ്റി ഒരു വിചിന്തനം

സമൂഹത്തിൽ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും ശക്തമായ സമയത്തായിരുന്നു 'നായർ സമുദായ ഭൃത്യജന സംഘത്തിന്റെ' (ഇന്നത്തെ എൻ എസ് എസ് അഥവാ നായർ സർവീസ് സൊസൈറ്റി) രൂപീകരണം. സമുദായാംഗങ്ങളിൽ നിന്നു പിരിച്ച പിടിയരികൊണ്ട് മന്നത്ത്പത്മനാഭൻ എന്ന മഹാരഥൻ രൂപം കൊടുത്ത പ്രസ്ഥാനം നൂറ്റി രണ്ടാം വയസ്സിലേക്ക് കടക്കുമ്പോൾ കോടികളുടെ ആസ്തിയുള്ള ഒന്നായി മാറിക്കഴിഞ്ഞു. കൊല്ലവർഷം 1090 തുലാം 15. ചങ്ങനാശ്ശേരി താലൂക്കുകാരായ 13 പേർ പെരുന്നയിലെ മന്നത്ത് വീട്ടിൽ വൈകീട്ട് ഒത്തുകൂടി. വീടിന്റെ പൂമുഖം വൃത്തിയാക്കി ചുറ്റും പായവിരിച്ചു. പത്മനാഭപിള്ളയുടെ അമ്മ പാർവതിയമ്മ കൊളുത്തിവച്ച നിലവിളക്കിനെ സാക്ഷിനിർത്തി 14 പേരും ഈശ്വരപ്രാർത്ഥന ചൊല്ലി.

''സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കും, അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതരസമുദായാഗംങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല'' എന്ന് അവര് പ്രതിജ്ഞയെടുത്തു. അങ്ങനെ ഒരു സംഘടന പിറന്നു. കേളപ്പന്നായരായിരുന്നു പ്രസിഡന്റ്. മന്നത്ത് പത്മനാഭപിള്ള ജനറൽ സെക്രട്ടറിയായി. പനങ്ങോട് കേശവപ്പണിക്കരായിരുന്നു ഖജാൻജി. അന്ന് മന്നത്തു വീട്ടിൽ പിറവികൊണ്ട 'നായർ സമുദായ ഭൃത്യജനസംഘ'മാണ് പിൽക്കാലത്ത് നായർ സർവീസ് സൊസൈറ്റിയായി മാറിയത്. 'നായർ സമുദായ ഭൃത്യജനസംഘം' എന്ന പേരിന് എവിടെയോ ഒരന്തസ്സ് കുറവുണ്ടെന്ന തോന്നലിനാലാണ് സംഘടനയുടെ പേര് മാറ്റണമെന്ന അഭിപ്രായം ഉയർന്നത്. പണ്ഡിതനായ പരമുപിള്ള നിർദ്ദേശിച്ച 'നായർ സർവീസ് സൊസൈറ്റി' എന്ന പേര് സംഘം സ്വീകരിച്ചു. സ്വർണ്ണവർണ്ണത്തിലുള്ള കൊടിയിൽ വാളും കലപ്പയുമാണ് എൻ എസ്.എസ്സിന്റെ അടയാളം. വാള് പട്ടാളത്തെയും കലപ്പ കൃഷിയെയും സൂചിപ്പിക്കുന്നു. സൈനികസേവനവും കൃഷിയും ആയിരുന്നു നായന്മാരുടെ കുലത്തൊഴിൽ.

വാകത്താനത്ത് നീലവനഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പെരുന്നചിറമറ്റത്ത് പാർവതിയമ്മയുടെയും മൂത്തമകനായി 1878 ജനവരി രണ്ടിന് മൂലംനക്ഷത്രത്തില് ജനിച്ച പത്മനാഭപിള്ളയാണ് പിൽക്കാലത്ത് ചരിത്രപുരുഷനായി മാറിയ മന്നത്ത് പത്മനാഭൻ. അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുക. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് ശ്രീ. മന്നത്താചാര്യൻ. എത്ര ഉദാത്തമായ മാതൃക. 'തന്റെ ദേവനും ദേവിയും നായര് സര്വീസ് സൊസൈറ്റിയാണെ'ന്ന് വിശ്വസിച്ചിരുന്ന സമുദായാചാര്യന് 1970 ഫെബ്രുവരി 25ന് 93ാം വയസ്സിലാണ് കഥാവശേഷനായത്.

പത്തുവർഷത്തോളം അദ്ധ്യാപകനായും പിന്നെ മിടുക്കനായ വക്കീലായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ കർമ്മമണ്ഡലം അവയിൽ ഒതുങ്ങിനിന്നില്ല. കേരളത്തിലെ പ്രബലമായ നായർ സമുദായത്തിന്റെ അധഃപതനം പത്മനാഭപിള്ളയെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെഭാഷയിൽ പറഞ്ഞാൽ 'ഓരോ നായർ ഭവനവും കൃഷ്ണപക്ഷ ചന്ദ്രികപോലെ ദിവസംതോറും ക്ഷയിച്ചു' കൊണ്ടിരുന്ന കാലത്താണ് സമുദായസ്‌നേഹിയായ ആ മഹാരഥൻ സമുദായ സേവനം ആരംഭിച്ചത് . ആ ക്രാന്തദർശിയുടെ ശ്രമങ്ങൾ വൃഥാവിലായില്ല. സംഘടന നൂറ്റിരണ്ടാം വയസ്സിലേക്ക് കടക്കുന്ന ഈ വേളയിൽ സംഘടനക്ക് കരയോഗങ്ങൾ, താലൂക്ക് യൂണിയനുകൾ, വനിതാ സമാജങ്ങൾ, ബാലസമാജങ്ങൾ, നൂറിലേറെ സ്‌കൂളുകളും, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും ഒരു എൻജിനീയറിങ് കോളേജും ഒരു ഹോമിയോ മെഡിക്കൽ കോളേജും ഒരു ലോകോളേജും ഒരു പോളിടെക്‌നിക്കും മൂന്ന് ട്രെയിനിങ് കോളേജുകളും നാല് ടിടിസികൾ ഒരു സിവിൽ സർവിസ് അക്കാദമി നാലുവീതം അലോപ്പതി ആയുർവേദ ആശുപത്രികൾ നഴ്‌സിങ് കോളേജ്കൾ എസ്റ്റേറ്റുകൾ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ, കോ ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ് മൂന്ന് ഗസ്റ്റ് ഹൗസുകൾ വ്യവസായയൂണിറ്റ്, എച്ആർ കൂടാതെ ഒരു അനാഥാലയവും സ്വന്തം. (സ്ഥാപനങ്ങളിലും താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും സിംഹഭാഗവും സ്ഥാപിച്ചത് സമുദായാചാര്യന്റെ കാലത്താണ് എന്നത് എടുത്തു പറ യേണ്ടതാണ്).

എൻ എസ് എസ് സാമൂഹിക രാഷ്ടീയരംഗത്തും നിർണ്ണായക ശക്തിയായി മാറിയിട്ടുണ്ട് എന്നത് തികച്ചും യാഥാർഥ്യമാണ്. ഇതു സംഘടനയുടെകാര്യം എന്നാൽ നായന്മാരിലേയ്ക്ക് വന്നാലോ കഷ്ടതയനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഓട്ടകലങ്ങളായ നായന്മാർക്ക് സ്വന്തമായുള്ളത് പേരിനുപിന്നാലെ 'നായർ' എന്നൊരു വാൽ മാത്രം ഈ ഒരു കാരണത്താൽ തന്നെ അവർ ഒരുതരത്തിലുള്ള സംവരണങ്ങൾക്കും അർഹരുമല്ല.

'തന്റെ ദേവനും ദേവിയും നായർ സർവീസ് സൊസൈറ്റിയും സമുദായവും' ആണെന്ന് വിശ്വസിച്ചിരുന്ന സമുദായാചാര്യന്റെ സമുദായത്തിൽ പിറക്കാൻ കഴിഞ്ഞതിൽ ആത്മാഭിമാനം കൊള്ളുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട്തന്നെ ഞാൻ ഇതുവരെ ഒരു വർഗീയവാദിയോ, ഇതര സമുദായ വിരോധിയോ ആയിട്ടുമില്ല . ഞാൻ എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഇഷ്ടപ്പെടുന്നു. ഒപ്പം എന്റെ സമുദായത്തെയും. പക്ഷേ, ഇപ്പോൾ അപമാനം കൊണ്ടെന്റെ ശിരസ്സുകുനിയുന്നു സമുദായത്തെ സ്വന്തം ജീവനെക്കാളേറെ സ്‌നേഹിച്ച സമുദായാചാര്യന്റെ പിന്മുറനേതൃത്വം പ്രത്യേകിച്ച് ഇന്നത്തെ സമുദായനേതൃത്വം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായന്മാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായസഹകരണങ്ങൾ നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തന്നെയുമല്ല അവർക്കൊരിക്കലും താങ്ങും തണലുമായിട്ടുമില്ല.

അതിനാൽതന്നെ നായന്മാരെ മുഴുവനായി എൻ.എസ്.എസിന്റെ കൊടിക്കീഴിലെത്തിക്കാൻ പെരുന്നയിലെ ഇന്നത്തെ മാടമ്പിനേതൃത്വത്തിനു ആയിട്ടുമില്ല. അതുകൊണ്ടുതന്നെ നായർ സർവ്വീസ് സൊസൈറ്റി ഒരിക്കലും ഒരു വോട്ട് ബാങ്ക് ആവുന്നുമില്ല. മതേതരത്വമെന്നാൽ ജാതിമത ചിന്തകൾക്കതീതമായി സകലജനത്തിനും ഒരുപോലെ ലഭ്യമാക്കേണ്ട നീതിയാണ് എന്നാൽ ആൾബലമുള്ള മതങ്ങൾക്കും സമുദായങ്ങൾക്കും ഭരണരംഗത്ത് ഇന്ന് ലഭിക്കുന്ന പ്രാധാന്യം മതേതരത്വതിനു തന്നെ അപമാനകരമായ കാര്യമാണ്. നിർധനനായർ ജീവിക്കാൻ പെടാപ്പാടുപെടുമ്പോൾ സമുദായത്തെ ഒരു കൊടിക്കീഴിൽ അണിനിരത്തി രാഷ്ട്രീയ ഇഛാശക്തിയായി മാറേണ്ടതിനു പകരം സമദൂരത്തിലൂടെ സ്വന്തം കാര്യം നേടിയെടുക്കുന്ന മാടമ്പിനേതൃത്വത്തിന്റെ കള്ളക്കളി അവസാനിക്കുന്നതുവരെ സമുദാ യംഗങ്ങൾ മാറി മാറി വരുന്ന സർക്കാരുകളിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല. സർക്കാരിന്റെ കാര്യങ്ങൾ ഇങ്ങനെയിരിക്കെ പെരുന്നയിലെ കാര്യമോ ഇന്നത്തെ സമുദായനേതൃത്വം സമുദായത്തിനായി എന്ത്‌ചെയ്യുന്നുണ്ട്? 10% സാമ്പത്തിക സംവരണം സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളിൽ പോലും നടപ്പാക്കാൻ മുതിരാതെ പെരുന്നയിലെ ഓഫീസിലിരുന്ന് ഗതികെട്ട നായന്മാരുടെ പക്കൽ നിന്നും ജോലിക്കും സ്‌കൂൾകോളേജ് പ്രവേശനത്തിനുമൊക്കെ സംഭാവനപിരിക്കുമ്പോൾ അത് നൽകുന്നവരുടെ മുഖത്തൊന്ന് തല ഉയർത്തി നോക്കാനുള്ള സന്മനസ്സുപോലും നമ്മുടെ ഇന്നത്തെ നേതാക്കൾ കാണിക്കാറില്ല എന്നത് അതീവ ദുഃഖകരമായ സത്യമാൺ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്കകാർക്ക് 10% സാമ്പത്തിക സംവരണതിനായി വാദിച്ചതിനു ഏറെ പഴി കേൾക്കേണ്ടിവന്ന ആളാണ് ശ്രീ. ഇ എം എസ് എന്നത് മറക്കുന്നില്ല ആ ഒരു ആർജവം പോലും ഇന്നത്തെ സമുദായനേതൃത്വം കാണിക്കുന്നില്ല എന്നതും ദുഃഖകരംതന്നെ.

ആചാര്യന്റെ കാലത്ത് പെരുന്നയിലേക്ക് സമുദായാംഗങ്ങളിൽ നിന്നും പരാതികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരുന്നു, തന്നെയുമല്ല ഏതു നായർക്കും ഏതു സമയത്തും കയറി ചെന്ന് പരാതി ബോധിപ്പിക്കാനുള്ള അവസരം അന്നുണ്ടായിരുന്നു എന്നാൽ ഇന്നോ അതില്ലന്നു മാത്രമല്ല ദരിദ്രനായരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിനുപകരം പീഡനക്കാർക്ക് സാക്ഷി പറയാനും, സ്വയം പോപ്പ് പ്രഖ്യാപനം നടത്തി ഇളിഭ്യനാകാനും, പാലായിലെ മാണിക്യത്തിനായി ഒസ്സാനപാടാനും, ഉള്ള തൊഴിലവസരം നായർക്കു കൊടുക്കാതെ മാണിക്യത്തിന്റെ ശുപാർശയുമായി വരുന്നവർക്ക് കൊടുക്കാനും തിടുക്കം കാണിക്കുന്ന ഇന്നത്തെ ജനറൽ സെക്രട്ടരിയെകൊണ്ട് സാധാരണ നായർക്കു എന്ത് പ്രയോചനമുണ്ട് എന്നാണ് ഇന്ന് സമുദായാംഗങ്ങള് പരസ്പരം ചോദിക്കുന്നത്! (മാണിക്യത്തിന്റെ ഫോണ് വന്നാൽ ജനറൽ സെക്രട്ടരി ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു നിന്നാണ് സംസാരിക്കുന്നത് എന്നാണ് ചില ദോഷൈകദൃക്കുകള് പറയുന്നത്) എന്തായാലും സമുദായത്തിന്റെയും സമദൂരത്തിന്റെയും പേരിൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം ബഹുമിടുക്കനാണന്നതിൽ രണ്ടഭിപ്രായമില്ല.

സാധാരണ നായർക്കു ഏതുസമയത്തും കയറി ചെല്ലാനുള്ള ഒരിടമായിരിക്കണം പെരുന്നയിലെ ഓഫീസും അവിടുത്തെ സെക്രട്ടറിയും, അല്ലാതെ മാടമ്പിപ്രഭുക്കളെയല്ല അവിടെ വേണ്ടത്.... ഒരു മതേതര ജനാധിപത്യരാജ്യത്ത് ഏറെ വിവേചനം നേരിടുന്ന ഒരു സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു നേതൃത്വം സമുദായത്തിൽ നിന്നും വൈകാതെ തന്നെ ഉയർന്നു വരുമെന്ന് പ്രത്യാശിക്കാം ..... ആചാര്യന്റെ ആത്മാവ് സ്വർഗ്ഗത്തിലിരുന്നു കൊണ്ട് ആഗ്രഹിക്കുന്നതും അത് തന്നെയാവാം.....! സമുദായാചര്യന് പ്രണാമം........