കോട്ടയം: എൻ എസ് എസിനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ കേന്ദ്ര മന്ത്രി അമിത് ഷാ ഇടപെടും. എൻ എസ് എസിന്റെ സമദൂരം അനുകൂലമാക്കാനുള്ള നീക്കമാണ് ബിജെപിയുടേത്. തദ്ദേശത്തിൽ തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിൽ 25,000ത്തിൽ അധികം വോട്ട് ബിജെപി നേടി. ഇതിൽ നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും ഏറെ വോട്ട് നേടുകയും ചെയ്തു. ഈ മൂന്ന് മണ്ഡലങ്ങളിലും എൻഎസഎസ് പിന്തുണ അനിവാര്യമാണ്. ഇതിനൊപ്പം തൃശൂരിലും പാലക്കാട്ടും നായർ വോട്ടുകൾ അനിവാര്യതയാണ്.

ക്രൈസ്തവ വോട്ടുകൾ ഒരുമിപ്പിച്ച നിർത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്. സഭാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നിൽ മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയുടെ ഇടപെടലായിരുന്നു. എൻ എസ് എസുമായും പിള്ളയ്ക്ക് നല്ല അടുപ്പമുണ്ട്. എൻ എസ് എസിനെ അടുപ്പിക്കാൻ പിള്ളയും സജീവമായി ഇടപെടും. ഇനി കേരളത്തിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്ത് എത്തി മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തും.

അതിന് മുമ്പ് അമിത് ഷാ നേരിട്ട് പെരുന്നയിൽ എത്തും. ഇതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മന്നം ജയന്തി ദിനത്തിൽ മോദി ആശംസ അയച്ചിരുന്നു. ഇതിന് സുകുമാരൻ നായർ മറുപടി കത്തെഴുതി. ഇക്കാര്യം എൻ എസ് എസ് മുഖപത്രമായ സർവ്വീസസിൽ വരികയും ചെയ്തു. ഇത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചർച്ചയാക്കുകയും ചെയ്തു. ഇതെല്ലം എൻഎസ് എസിനെ ചേർത്തു നിർത്താനുള്ള നീക്കമാണ്. എന്നാൽ സുകുമാരൻ നായർ ഇക്കാര്യത്തിൽ പരസ്യ പ്രതികരണമൊന്നും നടത്തില്ല.

ശബരിമല സ്ത്രീ പ്രവേശന സമയത്ത് ബിജെപിയും എൻ എസ് എസും ചേർന്ന് പ്രവർത്തിച്ചിരുന്നു. കെ സുരേന്ദ്രന് ഏറെ പിന്തുണയും നൽകി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തിയപ്പോൾ ബിജെപിയുമായി എൻ എസ് എസിന് അകലം കൂടി. ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരത്ത് മത്സരിക്കാൻ അവസരം നൽകാത്തതു കൊണ്ടാണെന്ന് പോലും വിലയിരുത്തലുകളെത്തി. പിന്നീട് പൂർണ്ണമായും ബിജെപിയിൽ നിന്ന് എൻ എസ് എസ് അകന്നു. ഇതിന് മാറ്റമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി എൻ.എസ്.എസ് ബഹിഷ്‌കരിച്ചിരുന്നു. സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ലെന്നും വിമർശനം ഉയർത്തി. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് എൻ എസ് എസിലേക്ക് സ്വാഗതവും അരുളിയില്ല. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. യുഡിഎഫും എൽഡിഎഫുമായി അകൽച്ചയിലുള്ള എൻ എസ് എസിനെ കൂടെ കൂട്ടാനാണ് അമിത് ഷായുടെ നീക്കം.

ശ്രീധരൻ പിള്ളയ്‌ക്കൊപ്പം സുരേന്ദ്രനും സുകുമാരൻ നായരുമായി വ്യക്തിബന്ധമുണ്ട്. ഇതും ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാമെന്നാണ് പ്രതീക്ഷ. എൻ എസ് എസുമായി ബന്ധമുള്ള ബിജെപി നേതാക്കളെ എല്ലാം ദൗത്യത്തിനായി നിയോഗിക്കും. സുരേഷ് ഗോപിക്കും സുകുമാരൻ നായരുമായി അടുപ്പമുണ്ട്. ലോക്‌സഭയിലേക്ക് തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി ഹെലികോപ്ടറിൽ എത്തിയാണ് സുകുമാരൻ നായരുടെ പിന്തുണ തേടിയത്. ഇങ്ങനെ എൻഎസ് എസുമായി അടുപ്പമുള്ള എല്ലാവരും സുകുമാരൻ നായരുമായി നിരന്തരമായി ബന്ധപ്പെടും.

എൻഎസ് എസ് സമദൂരത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ബിജെപിക്ക് അറിയാം. ഇത് പലപ്പോഴും യുഡിഎഫിന് അനുകൂല നിലപാടായി മാറുകയാണ് പതിവ്. ഇത്തവണ അതുണ്ടാകാതിരിക്കാൻ കരുതൽ എടുക്കും. പല യൂണിയൻ നേതാക്കളും പരസ്യമായി തന്നെ കോൺഗ്രസിനായി വോട്ട് പിടിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിലും മറ്റും ഇത് പ്രകടമായിരുന്നു. ഇതൊന്നും നിയമസഭയിൽ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം.