വൈലറ്റ് നിറമുള്ള ഇടിയപ്പം (നൂലപ്പം) നാടൻ വിഭവങ്ങളുടെ പ്രദർശനത്തിനിടയിൽ ഇടം പിടിച്ചപ്പോൾ കാണികൾക്ക് സംശയം. നിറം ചേർത്താൽ പിന്നെ എന്ത് നാടൻ. പക്ഷേ വൈലറ്റ് നിറം ശംഖ് പുഷ്പത്തിന്റെ പ്രകൃതിദത്ത നിറമായിരുന്നെന്ന് അറിയുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാൻ തോന്നിയേക്കാം. എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളജിലെ ഇംഗ്‌ളീഷ് വിഭാഗത്തിലെ വിദ്യാർത്ഥിനികളായിരുന്നു നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം നടത്തിയത്.

സാമൂഹികമായ അറിവുകൾ അനുഭവത്തിലൂടെ നേടുകയും നിർമ്മാണ പരമായ പ്രവർത്തനത്തിൽ ഇടപെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എൻഎസ്എസ് കോളജ് നടത്തിവരുന്ന ആത്മായനം എന്ന പരിപാടിയുടെ ഭാഗമായിരുന്നു നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം. വലിയ പണച്ചെലവില്ലാതെ നിർമ്മിക്കാൻ കഴിയുന്ന ഭക്ഷ്യവിഭവങ്ങളാണ് വിദ്യാർത്ഥികൾ ഒരുക്കിയത്. ഭക്ഷ്യവിഭവങ്ങളുടെ തയ്യാറാക്കലിന് മുതർന്നവരുമായി സംവാദം നടത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്റർനെറ്റിന്റെ സഹായം തേടാതെ പരമാവധി വിഭവങ്ങൾ ഒരുക്കുക എന്നതായിരുന്നു കുട്ടികൾക്കുള്ള വെല്ലുവിളി (ചലഞ്ച്) ആദ്യം ഇത് സംബന്ധിച്ച് കോളജിൽ പരിശീലനം നൽകിരുന്നതായി അദ്ധ്യാപികയും സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ ഡോ സുജാത എസ് പറഞ്ഞു.

തുടർന്ന് വിദ്യാർത്ഥികൾക്കായി നാല് ടീമുകൾ തിരിച്ച് പ്രത്യേക മത്സരം നടത്തി. 500 രൂപയാണ് ഒരു ടീമിന് നൽകിയത് ഇത്രയും തുകയ്ക്ക് പരമാവധി വിഭവം എന്നതായിരുന്നു ലക്ഷ്യം. ഇതിന് ശേഷമാണ് പ്രദർശനം നടത്തിയത്. കവിയൂർ എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർത്ഥികൾ പ്രദർനത്തിന്റെ ഭാഗമായി വിഭവങ്ങൾ പരിചയപ്പെടുന്നതിന് എത്തിയിരുന്നു. കുട്ടികൾക്കായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ തയ്യാറാക്കൽ രീതിയും കോളജ് വിദ്യാർത്ഥികൾ വിശദീകരിച്ചു.

കോളജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി വരുന്ന എല്ലാ വിദ്യാർത്ഥികളെയും സാമൂഹിക സേവനത്തിന് അവസരം ഒരുക്കുക എന്നലക്ഷ്യത്തോടെയാണ് ആത്മായനം പദ്ധതി കോളജിൽ തുടങ്ങിയത്.

ആത്മായനം പദ്ധതിയിൽ ആദ്യം വലിച്ചെറിയൽ സംസ്‌കാരത്തിനെതിരായ ബോധവൽക്കരണമായിരുന്നു നടത്തിയത്. തുടർന്ന് സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവരെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ പരിശീലനം നൽകുന്നതിനായി 62 സ്റ്റുഡന്റ് കോർഡിനേറ്റർമാരെ നിയോഗിച്ചു. ഇവർ ബാഗ് നിർമ്മാണം മറ്റുള്ളവരെ പഠിപ്പിക്കുകയും ഇത്തരത്തിൽ നിർമ്മിച്ച ബാഗുകളുടെ വിൽപ്പനയ്ക്ക് പ്രദർശനം നടത്തുകയും ചെയ്തു. ആരോഗ്യ മെഡിക്കൽ ക്യാംപുകൾ നടത്തി മരുന്നുകൾ അടങ്ങിയ കിറ്റും നൽകിക്കൊണ്ടായിരുന്നു രണ്ടാം ഘട്ട പ്രവർത്തനം മൂന്നാം ഘട്ടമായാണ് നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടത്തിയത്.

ഡോ സുജാത എസ്, പ്രൊഫ. പ്രിയദർശിനി, കോളജ് പ്രിൻസിപ്പൽ ഡോ. കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. നിത്യവഴുതിന, തുമ്പയില, താള്, പത്തില, വാഴപ്പിണ്ടി, ചീര എന്നിവ കൊണ്ടുള്ള തോരൻ. കറ്റാർവാഴ , നെല്ലിക്ക, റോസപ്പൂവ്, മുല്ലപ്പൂവ് എന്നിവ കൊണ്ടുള്ള ജൂസ്. ദശപുഷ്പം കൊണ്ട് പായസം, അവൽമിൽക്ക്, ചക്കദോശ, വാഴക്കൂമ്പ് കൊണ്ടുള്ള കട്‌ലലറ്റ്, കപ്പകൊണ്ട് ബോണ്ട, ചക്കക്കുരു കൊണ്ട്ഉപ്പുമാവ്, ഏത്തപ്പഴം കുഴച്ച് കൊഴുക്കട്ടപോലെ ഉണ്ടാക്കുന്ന ഉന്നക്കായ, പനിക്കൂർക്ക ബജി തുടങ്ങി അൻപതോളം വിഭവങ്ങളാണ് കുട്ടികൾ ഒരുക്കിയത്.