- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; അല്ലെങ്കിൽ സർക്കാരിന്റെ പ്രതികാര മനോഭാവമായി കാണുമെന്ന് എൻഎൻഎസ്; ശബരിമല ചർച്ച ചെയ്യാൻ ഭയന്ന് മിണ്ടാതിരിക്കുന്ന പിണറായിയെ സമ്മർദ്ദത്തിലാക്കാൻ സുകുമാരൻ നായരും
കോട്ടയം: തെരഞ്ഞെടുപ്പു കാലത്ത് ശബരിമല വിഷയം ചർച്ച ചെയ്യാതിരിക്കനുള്ള തീവ്രപരിശ്രമത്തിലാണ് ഇടതു മുന്നണി. എൽഡിഎഫിന്റെ ഭയം തിരിച്ചറിഞ്ഞ് ആ വിഷയമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് യുഡിഎഫും. അതുകൊണ്ട് തന്നെ ഇപ്പോൾ തെരഞ്ഞെടുപ്പു രംഗത്ത് ഇടതു മുന്നണി പിന്നിലാണ്. ഇതിനിടെ എൻഎസ്എസും പരസ്യമായി തന്നെ സർക്കാറിനെതിരെ തിരിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ശബരിമല വിഷയം ചർച്ചയാക്കാൻ ഉറച്ചു തന്നെയാണ് എൻഎസ്എസ് നിലപാടും.
നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടത് ഇതിന്റെ തുടക്കം മാത്രമാണ്. കേസുകൾ പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനുണ്ട്. അല്ലെങ്കിൽ വിശ്വാസികൾക്കെതിരായ സർക്കാരിന്റെ പ്രതികാരമായി കാണേണ്ടിവരുമെന്ന് സുകുമാരൻ നായർ പറഞ്ഞു. സുകുമാരൻ നായരുടെ പ്രതികരണം സർക്കാറിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.
കേസുകളിൽ നിരപരാധികളായി വിശ്വസികളും ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്ന് സുകമാരൻ നായർ പറഞ്ഞു. വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നൽകിയ വിശദീകരണത്തിൽ എൻഎസ്എസ് നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നൽകിയ വിശദീകരണം സ്വാഗതം ചെയ്യുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആചാര സംരക്ഷണത്തിനായി കരട് ബിൽ കൊണ്ടുവരാൻ യുഡിഎഫ് ആരംഭിച്ച നീക്കങ്ങളാണ് സുകുമാരൻ നായരെ സന്തോഷിപ്പിച്ചിരിക്കുന്നത്. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ്. എൻഎസ്എസ് നിലപാടുകളെ ചിലർ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാൻ ശ്രമിച്ചുവെന്നും എൻഎസ്എസ് ജന. സെക്രട്ടറി ജി സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
ശബരിമല വിഷയത്തിൽ എൻഎസ്എസ് നടത്തിയ വിമർശനത്തിൽ എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചതും, നിയമസഭയിൽ എം വിൻസെന്റ് ബിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ചെന്നിത്തല വിശദീകരിച്ചിരുന്നു. സ്പീക്കറുടെ നിലപാട് മൂലമാണ് ബിൽ അവതരിപ്പിക്കാൻ സാധിക്കാതിരുന്നതെന്നും ചെന്നിത്തല മറുപടി നൽകി. വിശദീകരണത്തിലൂടെ യുഡിഎഫ് നിലപാട് വ്യക്തമാക്കിയെന്ന് എൻഎസ്എസ് പറയുന്നു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻഎസ്എസ് വിശ്വാസികൾക്കൊപ്പമാണ്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എന്നാൽ എൻഎസ്എസ് നിലപാടുകളെ ദുർവ്യാഖ്യാനം ചെയ്ത് ചിലർ തങ്ങൽക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ മുന്നോക്ക് സംവരണത്തിലൂടെ നായർ വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ കണക്കു കൂട്ടൽ. ഈ പ്രതീക്ഷയും അസ്ഥാനത്താകുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമാകുന്നത്. ഭരണഘടന അനുശാസിക്കുന്ന സംവരണം സംസ്ഥാനത്തു നടപ്പാക്കിയതിലെ അപാകത മൂലം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് എൻഎസ്എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഉൾപ്പെടുന്ന റിപ്പോർട്ട് മുന്നാക്ക കമ്മിഷൻ 2019ൽ സർക്കാരിനു നൽകിയെങ്കിലും മുന്നാക്ക സമുദായപ്പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിനു ലഭിക്കാത്തതിനു പ്രധാന കാരണം ഇതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഈ പട്ടിക കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ചതായും സുകുമാരൻ നായർ പറഞ്ഞു.
മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ട് എൻഎസ്എസ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്നാക്കസമുദായപ്പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ ഏതൊക്കെ സമുദായങ്ങൾക്കു സംവരണത്തിന് അർഹതയുണ്ട് എന്നു നിശ്ചയിക്കാൻ കഴിയൂ. സാമ്പത്തിക സംവരണം ലഭിക്കുന്നതിനു വേണ്ടി റവന്യു അധികാരികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നതും പട്ടിക കിട്ടാത്തതിനാലാണെന്നു കരുതുന്നതായും സുകുമാരൻ നായർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ