കൊല്ലം: കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ നായർ സമുദായ നേതാക്കൾ നീക്കം തുടങ്ങിയതായി സൂചന. ഗുജറാത്തിലെ പട്ടേൽ മോഡൽ പ്രതിഷേധത്തിലൂടെ കേരളത്തിൽ ചുവടുറപ്പിക്കാനാണ് നീക്കം. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ, സംസ്ഥാനത്തെ സംവരണാനുകൂല്യം ലഭിക്കാത്ത മുന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മയായി പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനാണ് നീക്കം. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിശ്വസ്തരാണ് നീക്കത്തിന് പിന്നിൽ.

ഗുജറാത്തിൽ മുന്നോക്ക് സമുദായമാണ് പട്ടേലുകാർ. കച്ചവടത്തെ സ്വാധീനിക്കുന്നവർ. എന്നിട്ടും അവർ സംവരണത്തിനെതിരെ പോരാട്ടത്തിനിറങ്ങി. ഗുജറാത്തിനെ ഇളക്കി മറിച്ചു. ബിജെപിയെ വിരട്ടി. അത് കോൺഗ്രസിന് കരുത്താവുകയും ചെയ്തു. ഈ മാതൃകയിൽ പുതിയ പാർട്ടിയാണ് ലക്ഷ്യം അതിനിടെ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 15നു തിരുവനന്തപുരത്ത് നടക്കുമെന്നാണ് സൂചന. അതിനിടെ 'സാമ്പത്തിക സംവരണം അല്ല പുതിയ പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആവശ്യമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. സംവരണാനുകൂല്യം കിട്ടാത്ത സമുദായങ്ങളിലെ പാവപ്പെട്ടവർക്കു വിദ്യാഭ്യാസ- തൊഴിൽ സംവരണം വേണം. സംവരണം ആവശ്യപ്പെട്ടു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പട്ടേൽ, ജാട്ട് സമുദായങ്ങൾക്കു രംഗത്തിറങ്ങേണ്ടി വന്ന സാഹചര്യമാണു കേരളത്തിലും. ഗുജറാത്തിൽ പട്ടേൽ സമുദായം 17 ശതമാനമാണെങ്കിൽ കേരളത്തിൽ നായർ സമുദായം 15% വരുമെന്നോർക്കണം'- പുതിയ പാർട്ടിയിലെ അണിയറക്കാർ പറയുന്നത് ഇതാണ്. മനസ്സിലുള്ളത് ഹാർദിക് പട്ടേലാണെന്നാണ് ഇത് വ്യക്തമാക്കുന്നതും.

സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്ത സമുദായങ്ങൾക്കു വിദ്യാഭ്യാസ- തൊഴിൽ സംവരണം എന്നതാകും പുതിയ പാർട്ടിയുടെ പ്രധാന മുദ്രാവാക്യം. 14നു തിരുവനന്തപുരം മന്നം ക്ലബ്ബിൽ ചേരുന്ന ഉന്നതതല യോഗം രാഷ്ട്രീയ പാർട്ടിയുടെ അജൻഡയ്ക്ക് അന്തിമ രൂപം നൽകും. കേരള സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന താൽക്കാലിക പേരിലാകും പാർട്ടിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനു ശേഷം പുതിയ പേര് പ്രഖ്യാപിക്കും. എൻഎസ്എസിന്റെ നേതൃത്വത്തിലാണ് മന്നം ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതും എൻഎസ്എസിന് സംഘടനയോടുള്ള താൽപ്പര്യത്തിന് തെളിവായി വിലയിരുത്തുന്നു.

നാഷനൽ ഡവലപ്‌മെന്റ് സോഷ്യലിസ്റ്റ് പാർട്ടി, നാഷനൽ ഡവലപ്‌മെന്റ് പ്രോഗ്രസീവ് പാർട്ടി തുടങ്ങിയ പേരുകളാണു പരിഗണനയിൽ. ഓരോ ജില്ലയിലും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നു പ്രമുഖരെ പുതിയ പാർട്ടിയിൽ കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എൻഎസ്എസിന്റെ നേതൃത്വത്തിൽ മുൻപു രൂപം കൊണ്ട എൻഡിപിയുടെ മുൻ പ്രസിഡന്റും എൻഎസ്എസ് പ്രതിനിധി സഭാംഗവുമായിരുന്ന മഞ്ചേരി കെ.ആർ.ഭാസ്‌കരൻ പിള്ള, പ്രഫ. കോന്നി ഗോപകുമാർ, കെ.എസ്.ആർ.മേനോൻ, മല്ലേലിൽ ശ്രീധരൻ നായർ തുടങ്ങിയവരാണു ചുക്കാൻ പിടിക്കുന്നത്. പാർട്ടി രൂപീകരണത്തിനു മുൻപു നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറി എൻ.സുകുമാരൻ നായരുമായി ചർച്ച നടത്തിയിരുന്നു. സുകുമാരൻ നായർ അനുമതി നൽകിയെന്നാണ് സൂചന.

സമദൂര നയത്തിലാണ് എൻഎസ്എസ്. എന്നാൽ സമുദായത്തിൽപ്പെട്ടവരുടെ കൂടി നേതൃത്വത്തിൽ പുതിയ പാർട്ടി നിലവിൽ വരുന്നതിനോടു നിലപാട് മാറ്റും. ഗ്ലോബൽ എൻഎസ്എസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ അങ്കമാലിയിലും നായർ സമാജത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിലും കളമശ്ശേരിയിലും ചേർന്ന അനുഭാവികളുടെ യോഗങ്ങളിലാണു പുതിയ പാർട്ടി വേണമെന്ന ആശയം ഉടലെടുത്തത്. സാമൂഹികനീതി എന്ന മുദ്രാവാക്യവുമായി എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ ബിഡിജെഎസ് രൂപം കൊണ്ട മാതൃകയിലാണു പുതിയ പാർട്ടി. മല്ലേലിൽ ശ്രീധരൻ നായരാണ് പുതിയ സംഘടനയുടെ യഥാർത്ഥ ചാലക ശക്തി.

സുകുമാരൻ നായരുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് മല്ലേലിൽ ശ്രീധരൻ നായർ. സോളാർ കേസിലെ ആദ്യ പരാതിക്കാരൻ. സാമ്പത്തികമായി ഏറെ കരുത്തനാണ് അദ്ദേഹം. പുതിയ പാർട്ടിയുടെ ചെലവുകളെല്ലാം പ്രധാനമായും മല്ലേലിൽ ശ്രീധരൻ നായരാണ് വഹിക്കുന്നത്. വാരിയർ സമാജം, മുന്നാക്ക വർഗ സമിതി തുടങ്ങിയ സംഘടനകളുമായി പുതിയ പാർട്ടിക്കു ചുക്കാൻ പിടിക്കുന്നവർ ചർച്ച നടത്തിക്കഴിഞ്ഞു. വൈകാതെ ഓരോ ജില്ലകളിലും കമ്മിറ്റികൾ നിലവിൽ വരും.