ചങ്ങനാശേരി: പ്രതീക്ഷിച്ചതു പോലെ നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ േചർന്ന ബജറ്റ് സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറി പദത്തിൽ ഏഴാം വർഷത്തിലേക്കു കടന്ന സുകുമാരൻ നായർ ഈ പദവിയിൽ മൂന്നാം തവണയാണു തിരഞ്ഞെടുക്കപ്പെടുന്നത്. എൻഎസ്എസ് നായകസഭയിലേക്കും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. അപ്രതീക്ഷിതമായി നടന്നത് ഇടത് സർക്കാരിനുള്ള പുകഴ്‌ത്തലാണ്.

ഭരണമാറ്റം സംഭവിക്കുമ്പോൾ പുതിയ സർക്കാർ പല തീരുമാനങ്ങളും തിരുത്താറുണ്ടെങ്കിലും എൻഎസ്എസിന്റെ ആവശ്യപ്രകാരമുണ്ടായ പരിഷ്‌ക്കാരങ്ങൾക്ക് എൽഡിഎഫ് സർക്കാർ മാറ്റം വരുത്തിയില്ലെന്ന് ജി സുകുമാരൻനായർ പറഞ്ഞു. ഈ സർക്കാർ എൻഎസ്എസിന്റെ ആവശ്യങ്ങളോട് പൂർണമായും സഹകരിക്കുകയും സഹായകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. എൻഎസ്എസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളിലുള്ള വിശ്വാസത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ന്യായമായ ആവശ്യങ്ങളിൽ പലതും നടപ്പാക്കിയെടുക്കാനായെന്നും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് സൊസൈറ്റിയുടെ 103-ാമത് ബജറ്റ് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.

54 വർഷമായി മുഴുവൻ സമയവും എൻഎസ്എസിന്റെ പ്രവർത്തനത്തിലുള്ള ജി.സുകുമാരൻ നായർ ജനറൽ സെക്രട്ടറി പദത്തിലെത്തുന്ന പത്താമതു വ്യക്തിയാണ്. ദീർഘകാലം ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു. എൻഎസ്എസ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2011 ജൂണിലാണു ജനറൽ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷററായി ഡോ. എം.ശശികുമാറിനെയും യോഗം വീണ്ടും തിരഞ്ഞെടുത്തു. എൻ.എസ്.എസ്. നായകസഭയിലേയ്ക്ക് ഒഴിവുണ്ടായിരുന്ന ഒമ്പതുസ്ഥാനങ്ങിലേയ്ക്ക് നേരത്തെ എതിരില്ലാതെ സുകുമാരൻ നായർ തരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻ.വി.അയ്യപ്പൻപിള്ള, കലഞ്ഞൂർ മധു, ചിതറ എസ്.രാധാകൃഷ്ണൻനായർ, കെ.പത്മനാഭപിള്ള. ഡോ.സി.ആർ.വിനോദ്കുമാർ, വി.എ.ബാബുരാജ്. ്, ആർ.ബാലകൃഷ്ണപിള്ള, ജി.തങ്കപ്പൻപിള്ള എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് നേതാക്കൾ.

സമൂദായത്തിലെ വിമത പ്രശ്‌നങ്ങൾക്കും സുകുമാരൻനായർ ബജറ്റ് സമ്മേളനത്തിൽ മറുപടി നൽകി. എൻഎസ്എസിനെ തകർക്കാൻ ആരും ശ്രമിക്കേണ്ടല്ല. ബജറ്റ് സമ്മേളനം സ്റ്റേ ചെയ്യണമെന്നും ബൈലോ ഭേദഗതി ചെയ്‌തേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നാവശ്യപ്പെട്ടും പ്രതിനിധി സഭയിലെ രണ്ട് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി തള്ളി. 1965ലും 77 ലും ഇതുപോലെ ചെറിയ ശ്രമം ഉണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം അവഗണിച്ചാണ് സമുദായം ഒറ്റക്കെട്ടോടെ മുന്നേറിയതെന്നും അദ്ദേഹം ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

ന്യായമായ ആവശ്യങ്ങൾക്ക് പരിഗണന നൽകാത്ത നിഷേധാത്മക നിലപാടായിരുന്നു സർക്കാരുകൾക്ക് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ, ഏതാനും വർഷങ്ങളായിട്ടുള്ള സംഘടനയുടെ രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള ശക്തമായ നിലപാടുകൊണ്ട് അതിന് അൽപം അയവ് സംഭവിച്ചു. എൻഎസ്എസിന് രാഷ്ട്രീയമില്ല. സംഘടനയിലുള്ളവർക്ക് വേണമെങ്കിൽ ഏതു രാഷ്ട്രീയവും സ്വീകരിക്കാം. എന്നാൽ സ്വന്തം സമുദായത്തിന്റെ വിഷയം വരുമ്പോൾ രാഷ്ട്രീയത്തിനതീതമായി അവർ സമുദായത്തോടൊപ്പം നിൽക്കണമെന്നുമുള്ള നിലപാട് സമുദായം അംഗീകരിച്ചുതുടങ്ങി എന്നുള്ള തിരിച്ചറിവാണ് ഈ മാറ്റത്തിനുകാരണം.

സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ ജനങ്ങൾക്കുള്ള അവകാശം പോലെ മതസാമുദായിക സംഘടനകൾക്കും ഉണ്ട്- സുകുമാരൻനായർ പറഞ്ഞു.