അടൂർ: നായർ സർവീസ് സൊസൈറ്റിയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം തുടങ്ങാൻ ലക്ഷ്യമിടുന്ന പത്മാ കഫേ ഹോട്ടൽ ശൃംഖലയുടെ ആദ്യ ചുവടുവയ്പ് അടൂരിൽ നിന്ന്. എൻഎസ്എസ് സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന ആദ്യ ഭക്ഷണശാലയാണ് അടൂരിൽ തുടക്കമാകുന്നത്. വിഷരഹിത പച്ചക്കറി ഉപയോഗിക്കാനാണ് എൻഎസ്എസിന്റെ തീരുമാനം.

മാർച്ച് നാലിന് ഇവിടെ തുടങ്ങുന്ന കഫേയുടെ ഉദ്ഘാടനം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. എൻഎസ്എസ് താലൂക്ക് യൂണിയന്റെയും താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ അടൂർ താലൂക്ക് യൂണിയൻ മന്ദിരത്തോടു ചേർന്നാണ് കഫേ തുടങ്ങുന്നത്. ഇതിന്റെ പ്രവർത്തനം വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ഏകോപനത്തോടു കൂടി മറ്റു സ്ഥലങ്ങളിലും തുടങ്ങാനാണ് പദ്ധതി.

മനോഹരമായ ഡൈനിങ് ഹാൾ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള അടുക്കള, വിശാലമായ പാർക്കിങ് സൗകര്യം, ഇതിനോടു ചേർന്നു വനിതകളുടെ തനത് ഉൽപന്നങ്ങളായ കറിപൗഡറുകളും ബേക്കറി സാധനങ്ങളും വിളക്കെണ്ണയും കരകൗശല ഉൽപന്നങ്ങളും ലഭിക്കുന്ന റൂട്ടർമാർട്ടും പ്രവർത്തിക്കും.

കഫേയിൽ ഭക്ഷണം തയാറാക്കുന്നതിനു യൂണിയനിലെ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഡെയറി ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന പാല്, പച്ചക്കറി തോട്ടങ്ങളിലെ വിഷരഹിത പച്ചക്കറികൾ, മായം കലരാത്ത കറിപ്പൊടികൾ, ഗുണനിലവാരമുള്ള അരിപ്പൊടി, പുട്ടുപൊടി, ഗോതമ്പു പൊടി തുടങ്ങിയവ ഉപയോഗിക്കുന്നു. ഇതിനാൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാനും കഴിയുമെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു പറഞ്ഞു.

കഫേയോട് അനുബന്ധിച്ച് എല്ലാ ദിവസവും അടൂർ ജനറൽ ആശുപത്രിയിലെ 25 നിർധന രോഗികൾക്ക് വനിതാ സ്വയം സഹായ സംഘങ്ങൾ ഭക്ഷണം സൗജന്യമായി എത്തിച്ചു കൊടുക്കുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനവും നാലിന് ജി. സുകുമാരൻനായർ നിർവഹിക്കും.