ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ എൻ എസ് എസ് ഓഫ് ന്യൂജേഴ്‌സി (നായർ മാഹാമണ്ഡലം ) സംഘടിപ്പിക്കുന്ന ഓണാഘോഷം പത്തിന് എഡിസൺ ഹോട്ടൽ രാരിറ്റൻ സെന്ററിൽ നടക്കുമെന്ന് ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.

രാവിലെ പതിനൊന്നിന് തുടങ്ങുന്ന പരിപാടികൾ പരമ്പരാഗതമായ രീതിയിലുള്ളവയും പുതുമ നിറഞ്ഞതുമായിരിക്കും. കേരളത്തിന്റെ മഹോത്സവമായ ഓണം ലോകത്തെവിടെയും മലയാളികൾ ജാതി മത ഭേദമന്യേ ആഘോഷിക്കുന്നത് അതിന്റെ സാംസ്‌കാരിക തനിമയോടെയാണ്. വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. കൂടാതെ ആവേശകരമായ ഓണക്കളികൾ നടത്തും. വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും. താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വരവേൽക്കും. ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങൾ നടത്തി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കും.

ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ് സുനിൽ നമ്പ്യാർ, സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറർ സുജാത നമ്പ്യാർ, കൺവീനർ മാലിനി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. കുടുംബങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഒത്തുചേരലായിയിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്നും പരിപാടിയിൽ പങ്കു ചേരാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും ചെയർമാൻ മാധവൻ ബി. നായർ, അറിയിച്ചു