തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ദുരപയോഗം വർദ്ധിക്കുന്നതോടെ അതിന് ഇരയാകേണ്ടി വന്നവരിൽ ഏറെയും മലയാള നടിമാരായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെ വ്യാപകമായ പ്രചരിക്കപ്പെട്ടതോടെ സംഭവം വ്യാപകമായിട്ടും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളാൻ സാധിച്ചിട്ടില്ല. പലപ്പോഴും വ്യക്തിവൈരാഗ്യം തീർക്കാൻ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതാണ് വർദ്ധിച്ചുവരുന്ന പ്രവണത. ഇത്തരം ഒരു ദുരനുഭവമാണ് സംസ്ഥാന സിനിമാ അവാർഡ് ജേതാവായ ഒരു മലയാളി നടിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നം തീർക്കാൻ ഭർത്താവ് തന്റെ അശ്ലീലദൃശ്യം പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മികച്ച മലയാള നടിക്കുള്ള അവാർഡ് ജേതാവായ നടിയാണ് പരാതിക്കാരി. ഇവരുടെ പിതാവാണ് അവർക്ക് വേണ്ടി പരാതി നൽകിയത്. രണ്ട് മാസം മുമ്പ് നൽകിയ പരാതിയുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. പ്രശസ്ത സംവിധായകൻ കൂടിയാണ് നടിയുടെ ഭർത്താവ്. മരുമകൻ മകളുടെ നഗ്നചിത്രങ്ങൾ വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.

മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് സോഷ്യൽ മീഡിയ വഴി അപമാനിക്കപ്പെട്ടത്. തിരുവനന്തപുരം സ്വദേശിനിയായ നടി 2012ലാണ് വിവാഹിതരായത്. തമിഴിലെ സഹസംവിധായകനായ വ്യക്തിയുമായി പ്രണയവിവാഹമായിരുന്നു ഇവർക്ക്. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം ചെന്നൈയിലായിരുന്നു ഇവരുടെ താമസം. എന്നാൽ ദാമ്പത്യും തുടങ്ങി ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. തുടർന്ന് ഒരു വർഷം ഒരുമിച്ച് ശേഷം ഇവർ തമ്മിൽ തെറ്റുകയാണ് ഉണ്ടായത്.

തമ്മിലുള്ള സ്‌നേഹബന്ധത്തിൽ ഉലച്ചിൽ തട്ടിയതോടെ രണ്ട് പേരും ഏതാനും മാസങ്ങളായി പിരിഞ്ഞാണ് താമസിക്കുന്നത്. നടി തിരുവനന്തപുരത്തെ വീട്ടിലും ഭർത്താവ് ചെന്നൈയിലുമാണ് താമസം. ഇതിനിടെയാണ് നടിയുടെതെന്ന പേരിൽ നഗ്‌നദ്യശ്യങ്ങ പ്രചരിപ്പിക്കപ്പെട്ടത്. തുടർന്നാണ് സ്ത്രീ പീഡനം ഉൾപെടെയുള്ള കുറ്റങ്ങൾ ചുമത്തി പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു.

പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയതോടെ എസ് ഐ അടങ്ങുന്ന നാലംഗ പൊലീസ് സംഘം രണ്ട്ദിവസം മുമ്പ് ചെന്നൈയിലേക്ക് പോകുകയായിരുന്നു. സംവിധായകനെതിരെയുള്ള വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ഇയാളിൽ നിന്നും കൂടുതൽ തെളിവെടുപ്പ് നടത്താണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഭർത്താവിനെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.