പാരീസ്: ഫ്രാൻസിലെ ടിവി പ്രേക്ഷകർക്ക് അസാധാരണമായൊരു കാഴ്ചവിരുന്നൊരുക്കി ഫ്രഞ്ച് ടിവി എത്തുന്നു. മത്സരാർഥികൾ പൂർണ നഗ്നരായി പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ഉടൻ ഫ്രഞ്ച് ടിവിയിൽ സംപ്രേഷണം ചെയ്യുന്നത്. ആദം ആൻഡ് ഈവ് എന്നു പേരിട്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെല്ലാം തന്നെ പൂർണ നഗ്നരായിരിക്കും.

നഗ്നരായ മത്സരാർഥികൾ പരസ്പരം പരിചയപ്പെട്ട് ഡേറ്റിംഗിൽ ഏർപ്പെടുന്നതാണ് പരിപാടി. ഫ്രഞ്ച് ടിവിയിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നതെങ്കിലും ഷോ  ഷൂട്ട് ചെയ്തത് പസഫിക് സമുദ്രത്തിലുള്ള ടിക്കേഹു എന്ന ദ്വീപിലാണ്. പൂർണ നഗ്നരായാണ് ഷോയിൽ മത്സരാർഥികൾ പങ്കെടുക്കുന്നതെങ്കിലും പരിപാടി സംപ്രേഷണം ചെയ്യുമ്പോൾ ഇവരുടെ ജനനേന്ദ്രിയങ്ങൾ മാത്രം ബ്ലർ ചെയ്തായിരിക്കും കാണിക്കുക. അതേസമയം ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ പൂർണമായും നഗ്നമായിത്തന്നെയാണ് പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുക.

അതേസമയം ഈ ഡേറ്റിങ് പരിപാടിയിലൂടെ ദമ്പതികളെ സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് പരിപാടി നിർമ്മിച്ചിരിക്കുന്ന സേവ്യർ ഗാൻഡൺ വ്യക്തമാക്കുന്നത്. ഏദൻ തോട്ടത്തിൽ രണ്ടു പേർ പൂർണനഗ്നരായി അനുഭവിക്കുന്ന റൊമാന്റിക് മുഹൂർത്തങ്ങൾ പകർത്താനാണ് തങ്ങൾ ശ്രമിച്ചിട്ടുള്ളതെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. യഥാർഥ സ്‌നേഹം കണ്ടെത്താൻ ശ്രമിക്കുന്നവർക്കുള്ളതാണ് ഈ പരിപാടിയെന്നുമാണ് പറയുന്നത്.

ടിവിൽ നഗ്നത പ്രദർശിപ്പിക്കുന്നത് ഫ്രാൻസിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൂർണ നഗ്നത പ്രദർശിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോ ഫ്രഞ്ച് ടിവിയിൽ വരുന്നത്. ഉടൻ തന്നെ സംപ്രേഷണം തുടങ്ങുന്ന പരിപാടി പത്തു വയസിൽ താഴെയുള്ള കുട്ടികൾ കാണരുതെന്ന് ടിവി അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പല ഭാഷകളിൽ പരിപാടി ഷൂട്ട് ചെയ്തിട്ടുണ്ട്. ഡേറ്റിങ് നേക്കഡ് എന്ന പേരിൽ അമേരിക്കയിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ പക്ഷേ മത്സരാർഥികളുടെ സ്വകാര്യ ഭാഗങ്ങൾ എല്ലാം തന്നെ ബ്ലർ ചെയ്താണ് പ്രദർശിപ്പിച്ചിരുന്നത്. പരിപാടി അവിടെ വൻ വിജയമായിരുന്നു. തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത രണ്ടുപേർ അവസാനം വിവാഹിതരായി എന്നുള്ളതാണ് ഇതിന്റെ ആന്റിക്ലൈമാക്‌സ്.