ബ്യൂണിസ് അയേഴ്‌സ്: സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ പലവിധത്തിലുള്ള സ്ത്രീകൾ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ നടത്തുന്നത് നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ യുവതികൾ ഉടുതുണിയുരിഞ്ഞ് പ്രതിഷേധിക്കുന്നത് കേട്ടിട്ടുണ്ടോ. അതാണ് അർജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ സംഭവിച്ചിരിക്കുന്നത്. അർജന്റീനയിൽ സ്ത്രീകൾക്ക് നേരെ വർധിച്ച് വരുന്ന ആക്രമണങ്ങളോടാണ് നൂറിലധികം വരുന്ന യുവതികൾ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരിക്കുന്നത്. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം സുന്ദരിമാർ പൊടുന്നനെ തുണിയുരിഞ്ഞ് നടക്കുകയും പ്രതിഷേധ പൂർവം ഉച്ചത്തിൽ കരയുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് ദൃക്സാക്ഷികളായവർക്ക് ഇതൊരിക്കലും മറക്കാനാവാത്ത ഒരു സമരമായിത്തീരുകയും ചെയ്തു.

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ കാസ റോസ്ദയിലാണീ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം അരങ്ങ് തകർത്തത്. ആർട്ടിസ്റ്റിക് ഫോഴ്സ് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആണിതിന് നേതൃത്വം നൽകിയിരിക്കുന്നത്. ഫെമിനിസ്റ്റുകൾ ജൂൺ മൂന്നിന് നടത്തുന്ന മാർച്ചിന് മുന്നോടിയായിട്ടാണിത് നടത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത 120 സ്ത്രീകളും വിവസ്ത്രരായി കൊട്ടാരത്തിന് മുന്നിലെ കോർട്ടുകളിൽ പ്രതിഷേധപൂർവം ശബ്ദമുയർത്തിയിരുന്നു. ലിംഗാധിഷ്ഠിത ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന വനിതകൾക്ക് രാജ്യത്ത് നല്ല സംരക്ഷണം നൽകണമെന്നായിരുന്നു പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ അർജന്റീനയിൽ സമീപകാലത്ത് വർധിച്ച് വരുന്ന അവസ്ഥയാണുള്ളത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ 25 മണിക്കൂർ കൂടുന്തോറും അർജന്റീനയിൽ ഓരോ സ്ത്രീയെന്ന വീതം നിയമവിരുദ്ധമായി കൊല്ലപ്പെടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ടുള്ള ഹാഷ് ടാഗായ 'FemicidioEsGenocidio' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധത്തിന്റെ നൂറ് കണക്കിന് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുകയും ചെയ്തിരുന്നു. പീഡനത്തിരകളാകുന്ന സ്ത്രീകളെ തങ്ങൾ പ്രതിനിധീകരിക്കുന്നുവെന്നും തങ്ങൾ എല്ലായ്പോഴും നിലനിൽക്കുന്നുവെന്നുമായിരുന്നു ഈ പ്രതിഷേധത്തിൽ പങ്കെടുത്തവരിലൊരാളായ ക്ലൗഡി അകുന ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രതിഷേധത്തിൽ വൈകാരികമായ രംഗങ്ങൾ അരങ്ങേറിയിരുന്നുവെന്നും തങ്ങളുടെ കാലത്ത് ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ഉച്ചത്തിൽ പറയാൻ പോലും സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ് പ്രായമായ സ്ത്രീകൾ പ്രതിഷേധത്തിനിടെ കരഞ്ഞിരുന്നുവെന്നും ക്ലൗഡിയ വെളിപ്പെടുത്തുന്നു.